വെളളം കുടിക്കേണ്ടത് ഭക്ഷണത്തിനു മുന്‍പോ ശേഷമോ?; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Photo: AI Generated using own images (Any resemblance to others is purely coincidental)
Photo: AI Generated using own images (Any resemblance to others is purely coincidental)

ക്ഷണസമയത്ത് എപ്പോൾ വെള്ളം കുടിക്കണം എന്ന കാര്യത്തിൽ നമ്മളിൽ പലർക്കും സംശയങ്ങളുണ്ട്. തെറ്റായ സമയത്ത് വെള്ളം കുടിക്കുന്നത് ദഹനത്തെയും ഊർജ്ജത്തെയും ശരീരഭാരത്തെയും വരെ ബാധിച്ചേക്കാം. അതേസമയം, കൃത്യമായ രീതിയിൽ വെള്ളം കുടിക്കുന്നത് മികച്ച ആരോഗ്യഗുണങ്ങൾ നൽകുകയും ചെയ്യും. എപ്പോൾ വെള്ളം കുടിക്കണം എന്ന് ശ്രദ്ധിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം മെച്ചപ്പെടുത്താനും വിശപ്പ് നിയന്ത്രിക്കാനും ഊർജ്ജസ്വലമായിരിക്കാനും സാധിക്കും.

ഭക്ഷണത്തിന് മുമ്പ്
ആഹാരത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ആകെ കഴിക്കുന്ന കലോറിയുടെ അളവ് കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിന് മുമ്പ് 500 മില്ലി വെള്ളം കുടിച്ച മുതിർന്നവർ അല്ലാത്തവരെ അപേക്ഷിച്ച് കുറഞ്ഞ കലോറി മാത്രം കഴിച്ചതായി NIH നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് വയറ് നിറഞ്ഞതായി തോന്നുന്നതിന് കാരണമാകുന്നു. അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയുന്നു. ശരീരത്തിലെ ഊർജ്ജ വിനിയോഗം ചെറുതായി വർധിപ്പിക്കുന്നതിലൂടെ ഭക്ഷണത്തിന് മുമ്പുള്ള വെള്ളംകുടി ഉപാപചയ പ്രവർത്തനങ്ങളെ സഹായിക്കുമെന്ന് ഒരു ഹാർവാർഡ് പഠനവും സൂചിപ്പിക്കുന്നു. അതായത്, ശരീരഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്നവർ ഭക്ഷണത്തിന് 20 മുതൽ 30 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.

ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കുന്നത്
ഭക്ഷണത്തിനിടയിൽ കുറഞ്ഞ അളവിൽ വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിക്കില്ലെന്ന് ആധുനിക പഠനങ്ങളും വ്യക്തമാക്കുന്നു. കൂടാതെ,  ഭക്ഷണം വിഘടിപ്പിക്കാനും എളുപ്പത്തിൽ വിഴുങ്ങുന്നതിനും വെള്ളം സഹായിക്കും.

അതേസമയം, ഭക്ഷണത്തിനിടെ വലിയ അളവിൽ വെള്ളം കുടിക്കുന്നത് വയറുവീർക്കുന്നതിനും അസ്വസ്ഥതകൾക്കും കാരണമായേക്കാം. അതിനാൽ, ഭക്ഷണത്തിനിടെ ദാഹം തോന്നുന്നുവെങ്കിൽ കഴിക്കുന്നതിനിടയിൽ കുറച്ചു വെള്ളം കുടിക്കുന്നതാണ് നല്ലത്. 

ഭക്ഷണശേഷം വെള്ളം കുടിക്കുന്നത്
ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട വലിയ തോതിൽ പഠനങ്ങളൊന്നും നടന്നതായി റിപ്പോർട്ടുകളില്ല. എങ്കിലും, ഭക്ഷണശേഷം ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കരുതെന്ന് വിദ​ഗ്ധർ നിർദേശിക്കുന്നു. ഇത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തിയേക്കും.

Content Highlights: Optimizing Hydration: When to Drink Water Before, During, and After Meals