അരിവാൾരോഗ ചികിത്സയ്ക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 1 കോടി

#സ്വന്തം ലേഖകൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കല്പറ്റ: വയനാട്ടിലെ അരിവാൾരോഗബാധിതരുടെ ചികിത്സാപ്രവർത്തനങ്ങൾക്കായി കൊച്ചിൻ ഷിപ്പ്‌യാർഡ് സിഎസ്ആർ ഫണ്ടിലുൾപ്പെടുത്തി ഒരുകോടി രൂപ ജില്ലയ്ക്ക് അനുവദിച്ചു.

ദേശീയ ആരോഗ്യദൗത്യത്തിന് സിഎസ്ആർ തുക കൈമാറുന്നതിനുള്ള അനുമതിപത്രം കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവിക്ക് കൈമാറി.

സിക്കിൾസെൽ രോഗബാധിതരായ ജില്ലയിലെ 1200 പേർക്ക് പ്രതിമാസം പോഷകാഹാര കിറ്റിനും ഫീൽഡ്തല പ്രവർത്തനങ്ങൾക്ക് വാഹനസൗകര്യത്തിനും ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് തുക അനുവദിച്ചത്. ദേശീയ ആരോഗ്യദൗത്യത്തിന്റെ കണക്കുപ്രകാരം ജില്ലയിൽ 1,263 പേർക്കാണ് അരിവാൾകോശരോഗം സ്ഥിരീകരിച്ചത്.

ഇതിനുപുറമെ 5,045 പേരെ രോഗവാഹകരായും കണ്ടെത്തിയിട്ടുണ്ട്. രോഗനിർണയത്തിന് ആധുനികവും കൃത്യവുമായ എച്ച്പിഎൽസി പരിശോധനാ സംവിധാനം വയനാട് ഗവ. മെഡിക്കൽ കോളേജിൽ ലഭ്യമാണ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സിക്കിൾസെൽ ഓപ്പറേഷൻ യൂണിറ്റ് പ്രവർത്തിക്കും.

അസ്ഥിരോഗവിഭാഗത്തിന്റെ നേതൃത്വത്തിൽ ഇടുപ്പുമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും അരിവാൾകോരോഗികൾക്കായുള്ള പ്രത്യേക ചികിത്സായൂണിറ്റും മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നുണ്ട്.

കല്പറ്റ ഗവ. ജനറൽ ആശുപത്രി, വൈത്തിരി, സുൽത്താൻബത്തേരി താലൂക്ക് ആശുപത്രികൾ, വിവിധ കുടുംബാരോഗ്യകേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ അരിവാൾകോശ രോഗികൾക്ക് ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.

മാനന്തവാടി ജില്ലാ ആശുപത്രിയിൽ ബ്ലഡ് എക്സ്‌ചേഞ്ച് ട്രാൻസ്‌ഫ്യൂഷൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. അരിവാൾകോശരോഗികൾക്ക് പ്രത്യേക പരിഗണന നൽകാൻ സിക്കിൾസെൽ സ്റ്റാറ്റസ് ഐഡി കാർഡുകൾ ജില്ലയിൽ വിതരണംചെയ്തു.

സിഎസ്ആർ ഫണ്ട് മുഖേന ജില്ലയ്ക്ക് അനുവദിച്ച വാഹനം ഉപയോഗപ്പെടുത്തി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ മൂന്നുദിവസം മൊബൈൽ മെഡിക്കൽക്യാമ്പുകൾ ജില്ലയിൽ നടക്കുന്നുണ്ട്.

എല്ലാമാസവും സിക്കിൾസെൽ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ, ജനിതക കൗൺസലിങ് എന്നിവ നടക്കുന്നുണ്ട്.

ജില്ലയിൽ സംഘടിപ്പിച്ച 115 ക്യാമ്പുകളിലായി 938 രോഗികളാണ് പങ്കെടുത്തത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്. ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവർ യൂണിറ്റിലുണ്ടാവും.

സിഎസ്ആർ വിഭാഗം മേധാവി പി.എൻ. സമ്പത്ത് കുമാർ, മാനേജർമാരായ പി.എസ്. ശശീന്ദ്രദാസ്, എ.കെ. യൂസഫ് എന്നിവർ പങ്കെടുത്തു

Content Highlights: Cochin Shipyard allocates ₹1 crore CSR fund for sickle cell disease treatment in Wayanad,