ക്ഷീണം തോന്നിയാൽ ചികിത്സതേടാതെ വിറ്റാമിൻ സപ്ലിമെന്റ് ഉപയോഗം, കോവിഡിനുശേഷം കൂടി

#എൻ. സൗമ്യ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കോഴിക്കോട്: ശരീരത്തിന് ക്ഷീണംതോന്നിയാൽ ചികിത്സതേടാതെ മരുന്നുകടകളിൽപ്പോയി വിറ്റാമിൻ സപ്ലിമെന്റുകൾ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നു. സപ്ലിമെന്റ് എന്ന രീതിയിൽ ഇത്തരത്തിൽ ഗുളിക വാങ്ങിക്കഴിക്കുന്നത് ആരോഗ്യകരമല്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

കോവിഡ് കാലത്തിനുശേഷമാണ് സപ്ലിമെന്റുകളെന്ന രീതിയിൽ ഗുളികകൾ വാങ്ങിത്തുടങ്ങിയതെന്ന് ഫാർമസിസ്റ്റുകൾ പറയുന്നു. വിറ്റാമിൻ സി, ഡി, ഇ, ബി കോംപ്ലക്സ്, ഒമേഗ ത്രി ഫാറ്റി ആസിഡ് എന്നിവയെല്ലാം വാങ്ങുന്നുണ്ട്.

“മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾപ്പോലും പലരും വിറ്റാമിൻ ഇ ചോദിച്ചുവരും. ഇന്റർനെറ്റിൽ തപ്പിയാണ് സ്വയം രോഗം കണ്ടെത്തി മരുന്ന് നിശ്ചയിക്കുന്നത്.” -കോഴിക്കോട്ടെ ഒരു ഫാർമസിസ്റ്റ് പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിലെ ആധികാരികതയില്ലാത്ത പ്രചാരണങ്ങളും സപ്ലിമെന്റുകൾ വാങ്ങാൻ പ്രേരണയാകുന്നുണ്ട്. ചില വിറ്റാമിൻ ഗുളികകൾ പൊടിച്ച് മിശ്രിതമാക്കിമാറ്റി സൗന്ദര്യസംരക്ഷണത്തിനെന്നപേരിൽ മുഖത്ത്‌ പുരട്ടുന്നവരുമുണ്ട്. ഇത്തരത്തിൽ സപ്ലിമെന്റുകൾ ദുരുപയോഗംചെയ്യുന്നുണ്ട്.

വിറ്റാമിൻ, ഡ്രഗ് എന്ന രീതിയിലും ഡയറ്ററി സപ്ലിമെന്റ് എന്ന രീതിയിലും വിൽക്കുന്നുണ്ട്. ഡയറ്ററി സപ്ലിമെന്റിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് മാത്രമാണ് വേണ്ടത്. മറ്റുള്ളതിന് ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ ലൈസൻസുണ്ടാവും. ഇതൊന്നുമറിയാതെയാണ് ഇവ വാങ്ങുന്നത്. ഇത്തരം സപ്ലിമെന്റുകളുടെ ഉപയോഗത്തെക്കുറിച്ച് പഠനമൊന്നും നടക്കുന്നില്ലെന്നും എന്താണെന്നറിയാതെയാണ് പലരും വാങ്ങുന്നതെന്നും ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ എ. സക്കീർ ഹുസൈൻ പറഞ്ഞു.

ആന്റിബയോട്ടിക്, വേദനസംഹാരി പോലുള്ളവയുടെ അമിതോപയോഗം പലപ്പോഴും വൃക്കയെയും കരളിനെയുമെല്ലാം ബാധിച്ചേക്കാം. വെള്ളത്തിൽ ലയിക്കുന്നതും കൊഴുപ്പിൽ ലയിക്കുന്നതുമായ വിറ്റാമിനുകളുണ്ട്. ചിലത് മൂത്രത്തിലൂടെയും മറ്റും പുറന്തള്ളപ്പെടും. എന്നാൽ, ചിലത് ശരീരത്തിൽ അടിഞ്ഞുകൂടും. അത് ദോഷകരമായി ബാധിക്കാം. വിശപ്പില്ലായ്മ, തളർച്ച, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയുണ്ടായേക്കും. എന്നാൽ, ഈ മേഖലയിൽ കൂടുതൽ വിദഗ്ധപഠനങ്ങൾ നടന്നിട്ടില്ല.

അനാരോഗ്യകരമായ പ്രവണത

 ഭക്ഷണത്തിലൂടെയാണ് പോഷകങ്ങൾ ലഭിക്കേണ്ടത്. സമീകൃതാഹാരം കഴിക്കുകയാണ് പ്രധാനം. അതിനുപകരം ആരോഗ്യസംരക്ഷണമെന്ന രീതിയിൽ ഇത്തരത്തിലുള്ള ഗുളികകൾ വാങ്ങിക്കഴിക്കേണ്ടതില്ല. അധികമായാൽ ഹൈപ്പർ വൈറ്റമിനോസിസിന് കാരണമാകും. അത് ശാരീരികവിഷമതകൾ ഉണ്ടാക്കിയേക്കും. ഡോക്ടർമാരുടെയോ ആരോഗ്യവിദഗ്ധരുടെയോ നിർദേശപ്രകാരം, ആവശ്യമാണെങ്കിൽമാത്രമേ ഇവ കഴിക്കേണ്ടതുള്ളൂ. ഡോക്ടർമാർപോലും അത്യാവശ്യമാണെങ്കിൽമാത്രമാണ് ഇത്തരം ഗുളികകൾ എഴുതുന്നത്.

-ഡോ. ടി.പി. മെഹറൂഫ് രാജ്

(സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ)