ഉള്ള് കുറഞ്ഞ മുടിയും കഷണ്ടിയുമാണോ പ്രശ്നം? ഫലപ്രദമോ വൈറ്റമിൻ ഇ?, ഡോക്ടർ പറയുന്നത്

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ജീവിതശൈലിയിലെ മാറ്റങ്ങൾ, പാരിസ്ഥിതിക സ്വാധീനങ്ങൾ, പോഷകാഹാരക്കുറവ്, മലിനീകരണം, മാനസിക സമ്മർദ്ദം എന്നിവയുൾപ്പെടെയുള്ള പല കാരണങ്ങളാൽ മുടികൊഴിച്ചിൽ വളരെ സാധാരണമായി മാറിയിരിക്കുന്നു.
ഇപ്പോഴാകട്ടെ, മുടികൊഴിച്ചിൽ പൂർണ്ണമായി തടയുമെന്ന് അവകാശപ്പെടുന്ന ഒട്ടേറെ ഉത്പ്പന്നങ്ങളും വിപണിയിലുണ്ട്. അത്തരത്തിൽ, മുടികൊഴിച്ചിൽ തടയാനും ആരോഗ്യകരമായ മുടിവളർച്ചയുണ്ടാകാനും സഹായിക്കുന്ന ഫലപ്രദമായ പ്രതിവിധികളിലൊന്നായി വൈറ്റമിൻ ഇ ഗുളികകൾ അടുത്തിടെ വലിയതോതിൽ ശ്രദ്ധനേടിയിരുന്നു. മുടികൊഴിച്ചിലിന് വൈറ്റമിൻ ഇ എത്രത്തോളം ഫലപ്രദമാണെന്നും അത് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും പരിശോധിക്കാം.
വൈറ്റമിൻ ഇ ക്യാപ്‌സ്യൂളുകൾ ഫലപ്രദമോ?
മുടിയുടെ ഫോളിക്കിളുകളെ ബാധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ഓക്സിഡേറ്റീവ് സ്ട്രെസ്. ഈ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റുകൾ വൈറ്റമിൻ ഇ ക്യാപ്‌സ്യൂളുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ, ദിവസേനയുള്ള ഉപയോഗം മുടിവേരുകളെ ബലപ്പെടുത്താനും മുടിയുടെ തിളക്കം വർധിപ്പിക്കാനും സഹായിക്കും.
വൈറ്റമിൻ ഇ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിയിഴകൾക്ക് കൂടുതൽ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വൈറ്റമിൻ ഇ ക്യാപ്‌സ്യൂൾ പുറമെ പുരട്ടുകയോ സപ്ലിമെന്റായി എടുക്കുകയോ ചെയ്യാം. വൈറ്റമിൻ ഇ ഓയിൽ ഹെയർ മാസ്കുകളിലോ ഷാംപൂവിലോ കണ്ടീഷണറിലോ ചേർത്തും ഉപയോഗിക്കാവുന്നതാണ്.
വൈറ്റമിൻ ഇ-യുടെ ഗുണങ്ങൾ
ആൻറിഓക്സിഡൻറ് ഗുണങ്ങൾ
ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്ന് വൈറ്റമിൻ ഇ തലമുടിയെ സംരക്ഷിക്കുന്നു. ഈ ഫ്രീ റാഡിക്കലുകൾ കോശങ്ങളെ നശിപ്പിക്കുകയും മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
വൈറ്റമിൻ ഇ തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിച്ച് രോമകൂപങ്ങൾക്ക് വളരാൻ ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുന്നു. മെച്ചപ്പെട്ട രക്തയോട്ടം ആരോഗ്യകരമായ മുടിക്ക് കാരണമാകും.
ഈർപ്പം നിലനിർത്തുന്നു
മുടിയുടെ ഈർപ്പം നിലനിർത്തുന്നതിൽ വൈറ്റമിൻ ഇ വലിയ പങ്ക് വഹിക്കുന്നു. ഇത് മുടി വരണ്ടുപോകുന്നതും പൊട്ടുന്നതും കുറയ്ക്കും.
വീക്കം കുറയ്ക്കുന്നു
വൈറ്റമിൻ ഇയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Concerned about thinning hair and baldness? Explore how Vitamin E can help. Expert insights on its effectiveness and safe usage for healthy hair growth. Read more!