വൈറ്റമിൻ ഡി കൂടിയാലും പണികിട്ടും; വൃക്കയെ ബാധിച്ചേക്കാം, അമിത ഉപയോഗത്തിന്റെ പ്രശ്നങ്ങൾ എന്ത്?

എല്ലുകളുടെ ആരോഗ്യം, പേശികളുടെ ബലം, രോഗപ്രതിരോധശേഷി എന്നിവയുടെ സന്തുലിതാവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട് വൈറ്റമിൻ ഡി. ഇതിന്റെ കുറവുമൂലം നിരവധിപ്പേരാണ് ഇപ്പോൾ ചികിത്സ തേടുന്നത്. ശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാൻ സാധിക്കാത്തതിനാൽ സൂര്യപ്രകാശത്തെയാണ് ഈ വൈറ്റമിൻ ലഭിക്കുന്നതിന് നാം ആശ്രയിക്കുന്നത്. ചെറിയ അളവിലാണെങ്കിലും ചില ഭക്ഷണങ്ങളിലും വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ, വൈറ്റമിൻ ഡിയുടെ അമിതമായ അളവും ആരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഉയർന്ന അളവിൽ ദീർഘകാലം വൈറ്റമിൻ ഡി കഴിക്കുന്നത് രക്തത്തിലെ കാൽസ്യം അളവ് വർധിക്കാൻ കാരണമാകും. ഇത് hypercalcaemia എന്ന് പറയുന്ന അവസ്ഥയ്ക്ക് കാരണമാകും. ഇത് വൃക്കയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
കാലക്രമേണ, കാൽസ്യം വൃക്കയിലെ കോശങ്ങളിൽ അടിഞ്ഞുകൂടാൻ തുടങ്ങിയേക്കാം. ഇത് മൂത്രത്തിൽ കല്ലുകൾ, nephrocalcinosis, വൃക്കയുടെ തകരാർ എന്നിവയിലേക്ക് നയിച്ചേക്കാം. അതിനാൽ, വൈറ്റമിൻ ഡി അമിതമായി കഴിക്കുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങൾ തിരിച്ചറിയേണ്ടതും പ്രധാനമാണ്. ഇത് ഗുരുതര പ്രശ്നങ്ങൾ തടയാൻ സഹായിക്കും.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം
- ഓക്കാനവും ഛർദ്ദിയും: കാൽസ്യം അമിതമാകുന്നത് വയറിനെയും ദഹനവ്യവസ്ഥയെയും ബാധിക്കും.
- തുടർച്ചയായ ദാഹവും ഇടയ്ക്കിടെ മൂത്രമൊഴിക്കലും: ശരീരത്തിലെ അമിതമായ കാൽസ്യം പുറന്തള്ളാൻ വൃക്കകൾ ബുദ്ധിമുട്ടുന്നു. ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കും.
- അതിയായ ക്ഷീണവും
- ആശയക്കുഴപ്പവും ശ്രദ്ധക്കുറവും
- നടുവേദന: ഇത് വൃക്കയിലെ കല്ലുകളെ സൂചിപ്പിക്കുന്നതാകാം.
മുതിർന്നവർക്ക് എത്ര വിറ്റാമിൻ ഡി സുരക്ഷിതമാണ്?
മുതിർന്നവരെ സംബന്ധിച്ച് 400 മുതൽ 1,000 IU വരെ വൈറ്റമിൻ ഡി വരെ ആവശ്യമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിദിനം 4,000 IU-ൽ കൂടുതൽ പതിവായി കഴിക്കുന്നത് ആരോഗ്യത്തെ ബാധിച്ചേക്കും. ഇത് മാസങ്ങളോളം തുടരുന്നുണ്ടെങ്കിലും പ്രശ്നമാണ്.
60,000 IU ക്യാപ്‌സൂളുകൾ ദിവസവും കഴിക്കുന്നത് തെറ്റാണ്. ആഴ്ചതോറുമുള്ള ഉപയോഗം ഉദ്ദേശിച്ചാണ് ഈ അളവിൽ ക്യാപ്സൂൾ നൽകുന്നത്. ഇത് തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും.
ഈ കാര്യം ശ്രദ്ധിക്കാം
- ഡോക്ടറുടെ നിർദേശപ്രകാരം മാത്രം സപ്ലിമെൻ്റുകൾ ഉപയോഗിക്കുക.
- സപ്ലിമെൻ്റുകൾ ഉപയോഗിക്കാൻ ആരംഭിക്കുന്നതിന് മുമ്പും ദീർഘകാല ഉപയോഗത്തിനിടയിലും വൈറ്റമിൻ ഡി, കാൽസ്യം അളവ് പരിശോധിക്കണം.
- ഒന്നിലധികം സപ്ലിമെൻ്റുകൾ ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുക. സ്വന്തമായി ഡോസ് വർധിപ്പിക്കരുത്.
- ഛർദ്ദി, ആശയക്കുഴപ്പം, ബലഹീനത, അല്ലെങ്കിൽ പതിവായുള്ള മൂത്രമൊഴിക്കൽ പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Explore the sunshine vitamin`s benefits for bones and immunity. Learn about the dangers of vitamin D overdose and hypercalcemia. Get expert advice on safe supplementation.