വൈറ്റമിൻ ബി 12-ന്റെ കുറവ് ഫാറ്റി ലിവറിന് കാരണമാകുമോ?; ലക്ഷണങ്ങളും ചികിത്സയും അറിയാം

#Health Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആഗോളതലത്തിൽ വ്യാപകമായ ഒരു ആരോഗ്യപ്രശ്നമായി ഫാറ്റി ലിവർ മാറിക്കഴിഞ്ഞിരിക്കുന്നു. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം വീക്കവും കേടുപാടുകളും സംഭവിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഈ രോഗത്തിന്റെ രൂപീകരണത്തിലും പുരോഗതിയിലും പ്രാധാന്യമുള്ള ഒരു പ്രധാന ഘടകമായി വൈറ്റമിൻ ബി-12ന്റെ കുറവ് ഉയർന്നുവന്നിട്ടുണ്ട്. കൊഴുപ്പിന്റെ ഉപാപചയം ഉൾപ്പെടെ, നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ നിരവധി ഉപാപചയ പ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ബി12 ഒരു പ്രധാന പോഷകമാണ്. അതിനാൽ, ഇതിന്റെ ഏതൊരു കുറവും കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

എങ്ങിനെയാണ് വൈറ്റമിൻ ബി-12 കരളിനെ ബാധിക്കുന്നത്?

കൊഴുപ്പ് വിഘടിപ്പിക്കുന്നതിനും കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനും വൈറ്റമിൻ ബി12 അത്യാവശ്യമാണ്. ബി12-ന്റെ അളവ് കുറയുന്നതോടെ കൊഴുപ്പിനെ സംസ്കരിക്കുന്നതിനും പുറന്തള്ളുന്നതിനും കരളിന് കഴിയാതെ വരുന്നു. ഇതോടെ, കൊഴുപ്പ് കരൾ കോശങ്ങളിൽ അടിഞ്ഞുകൂടുകയും ഇത് നീർവീക്കത്തിന് കാരണമാകുകയും ചെയ്യുന്നു. ആരോഗ്യമുള്ള വ്യക്തികളെ അപേക്ഷിച്ച് NAFLD രോഗികളിൽ വൈറ്റമിൻ ബി12-ന്റെ അളവ് സാധാരണയായി കുറവാണെന്ന് നിരവധി പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

വൈറ്റമിൻ ബി 12 കുറഞ്ഞാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

നിരന്തരമായ ക്ഷീണം

വൈറ്റമിൻ ബി12 കുറവിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് നിരന്തരമായ ക്ഷീണം. വിശ്രമിച്ച ശേഷവും ഊർജ്ജനില താഴ്ന്നുതന്നെയിരിക്കുന്നെങ്കിൽ ശ്രദ്ധവേണം. ഓക്സിജൻ വഹിക്കാൻ ആവശ്യമായ ആരോഗ്യമുള്ള ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

മരവിപ്പ് അനുഭവപ്പെടുന്നത്

ബി12-ന്റെ അളവ് കുറയുന്നത് കൈകളിലും കാലുകളിലും തരിപ്പിനോ മരവിപ്പിനോ കാരണമാകും. സൂചികുത്തുന്നത് പോലുള്ള ഈ തോന്നൽ പിന്നീട് ഗുരുതര പ്രശ്നങ്ങളായി മാറിയേക്കാം.

മാനസികാവസ്ഥയിലെ പ്രശ്നങ്ങൾ

സെറോടോണിൻ, ഡോപമൈൻ തുടങ്ങിയവയെ നിയന്ത്രിക്കാൻ ബി12 സഹായിക്കുന്നു. ഇതിന്റെ അളവ് കുറയുമ്പോൾ ആളുകൾക്ക് ദേഷ്യം, ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ മറവി എന്നിവ അനുഭവപ്പെട്ടേക്കാം. ശരിയായ ഭക്ഷണക്രമം പ്രധാനമാണ്. എന്നാൽ, ഭക്ഷണത്തിലൂടെ ആവശ്യമായ അളവിൽ പോഷകം ലഭിക്കാതെ വരുമ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം സപ്ലിമെന്റ്സ് എടുക്കേണ്ടതാണ്.

വിളറിയ ചർമം

വൈറ്റമിൻ ബി12-ന്റെ കുറവ് പലപ്പോഴും ചർമ്മത്തിന് വിളർച്ചയോ മഞ്ഞനിറമോ നൽകുന്നു. ശരീരത്തിന് ആവശ്യമായ ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാൻ കഴിയാത്തും കോശങ്ങൾ നശിക്കുമ്പോൾ ബിലിറൂബിൻ അടിഞ്ഞുകൂടുകയും ചെയ്യുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

നാവിൽ വ്രണവും വീക്കവും

ചുവന്നതും, വീർത്തതും, മിനുസമുള്ളതുമായ നാവ് ബി12-ന്റെ കുറവിനെ സൂചിപ്പിക്കാം. Glossitis എന്ന് വിളിക്കുന്ന ഈ അവസ്ഥ നാവിൽ പുകച്ചിലിനോ വേദനയ്‌ക്കോ കാരണമായേക്കാം. ചിലർക്ക് വായിൽ പുണ്ണ് ഉണ്ടാകുകയും, ഇത് ഭക്ഷണം കഴിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.

ചികിത്സ

മാംസം, മത്സ്യം, മുട്ട, പാൽ ഉത്പ്പന്നങ്ങൾ തുടങ്ങിയ ഭക്ഷണക്രമത്തിൽ ആവശ്യത്തിന് ഉൾപ്പെടുത്തുന്നത് വൈറ്റമിൻ ബി 12-ൻ്റെ കുറവ് തടയാവുന്നതാണ്. പ്രായം, ചില മരുന്നുകളുടെ ഉപയോഗം, ദഹനവ്യവസ്ഥയിലെ രോഗങ്ങൾ എന്നിവ കാരണം ചില വ്യക്തികളിൽ വൈറ്റമിൻ ബി 12 ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടായേക്കാം. അത്തരം സന്ദർഭങ്ങളിൽ, ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം സപ്ലിമെൻ്റുകളും കുത്തിവയ്പ്പുകളുമെടുക്കാം. കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളിലൂടെ ഈ കുറവ് നേരത്തെ കണ്ടെത്താൻ സാധിക്കും.

(മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ മറ്റ് രോഗങ്ങളുടെ ഭാഗമായുമുണ്ടായേക്കാം. ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്)