വാക്സിൻ പരീക്ഷണത്തിനു ശേഷം ജീവിക്കുന്നത് വിട്ടുമാറാത്ത വൈകല്യങ്ങളോടെ; ആസ്ട്രസെനക്കയ്ക്കെതിരെ യുവതി

ബ്രിയാൻ ഡ്രെസ്സൻ| Photo: Twitter/BrianneDressen
ബ്രിയാൻ ഡ്രെസ്സൻ| Photo: Twitter/BrianneDressen

കോവിഷീൽ‍ഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ് നിർമാതാക്കളായ ആസ്ട്രസെനക്ക രം​ഗത്തെത്തിയത് വാർത്തയായിരുന്നു. ഇതിനുപിന്നാലെ ആസ്ട്രസെനക്ക കോവിഷീൽ‍ഡ് ആ​ഗോളതലത്തിൽ പിൻവലിക്കുകയും ചെയ്തിരുന്നു. കോവിഷീൽഡിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച് നിരവധിപേർ കമ്പനിക്കെതിരെ രം​ഗത്തെത്തുകയും ചെയ്യുകയുണ്ടായി. ഇപ്പോഴിതാ വാക്സിൻ പരീക്ഷണം മൂലം വിട്ടുമാറാത്ത വെെകല്യങ്ങളുമായി ജീവിക്കുകയാണെന്ന് ആരോപിച്ച് ആസ്ട്രസെനക്കയ്ക്കെതിരെ പരാതി നൽകിയിരിക്കുകയാണ് യു.എസിൽ നിന്നുള്ള ഒരു യുവതി. 

നാൽപത്തിരണ്ടുകാരിയായ ബ്രിയാൻ ഡ്രെസ്സനാണ് പരാതിക്കാരി. വാക്സിൻ പരീക്ഷണത്തിനു പിന്നാലെ നാഡീസംബന്ധമായ തകരാറുകളുണ്ടായെന്ന് കമ്പനിക്കെതിരെ നൽകിയ പരാതിയിൽ പറയുന്നു. യു.എസ്. ക്ലിനിക്കൽ ട്രയലിന്റെ ഭാ​ഗമായി വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ തനിക്ക് പാർശ്വഫലങ്ങളെ പ്രതിരോധിക്കാൻ കമ്പനി വേണ്ട വൈദ്യസഹായം നൽകിയിട്ടില്ലെന്നും ബ്രിയാൻ ആരോപിക്കുന്നു. 2020-ൽ വാക്സിൻ പരീക്ഷണത്തിന്റെ ഭാ​ഗമായി മണിക്കൂറുകൾക്കുള്ളിൽത്തന്നെ പാർശ്വഫലങ്ങൾ കണ്ടുതുടങ്ങിയെന്ന് മുൻഅധ്യാപിക കൂടിയായ ബ്രിയാൻ ടെല​ഗ്രാഫിനോട് പറഞ്ഞു.

ആസ്ട്രസെനക്ക അമേരിക്കയിൽ ക്ലിനിക്കൽ ട്രയൽ നടത്തിയിരുന്നുവെങ്കിലും ഉപയോ​ഗത്തിനുള്ള അനുമതി നൽകിയിരുന്നില്ല. വാക്സിനുശേഷമുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളുടെ ചെലവ് വഹിക്കാമെന്ന് കാട്ടി ആസ്ട്രസെനക്ക നൽകിയ കരാറിൽ ഒപ്പിട്ടിരുന്നുവെന്നും ബ്രിയാൻ പറയുന്നുണ്ട്. 

2020 നവംബറിൽ വാക്സിൻ എടുത്തതിനുപിന്നാലെ ശരീരത്തിൽ സൂചികൊണ്ടുകുത്തുന്നതുപോലുള്ള വേദനയാണ് അനുഭവപ്പെട്ടത്. തുടർന്നുനടത്തിയ പരിശോധനയിലാണ് പെരിഫെറൽ ന്യൂറോപ്പതി എന്ന അവസ്ഥയാണ് തനിക്കുണ്ടായതെന്ന് മനസ്സിലായത്. നാഡികൾക്ക് കേടുപാടുകൾ സംഭവിക്കുന്നതുമൂലം തരിപ്പും വേദനയും അനുഭവപ്പെടുന്ന അവസ്ഥയാണിത്. പോസ്റ്റ് വാക്സിൻ ന്യൂറോപ്പതിയാണ് തനിക്കുണ്ടായതെന്നും ബ്രിയാൻ പറയുന്നു. മസ്തിഷ്കത്തിനും സ്പൈനൽ കോഡിനും പുറത്തുള്ള നാഡികൾക്ക് തകരാർ സംഭവിക്കുമ്പോഴാണ് പെരിഫെറൽ ന്യൂറോപ്പതിയുണ്ടാകുന്നത്. തളർച്ച, തരിപ്പും വേദനയും(പ്രത്യേകിച്ച് കൈകാലുകളിലെ) തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.

അതിനുപിന്നാലെ താൻ പാടേ തളർന്നു. ജോലിക്ക് പോകാൻ കഴിയാതായി. ഇപ്പോഴും വിട്ടുമാറാത്ത വൈകല്യങ്ങളോടെ ജീവിക്കുകയാണ്. തുടർച്ചയായുള്ള ആശുപത്രി ചെലവുകൾ ഭീമമായിരുന്നുവെന്നും ബ്രിയാൻ പറയുന്നു. അതേസമയം ആസ്ട്രസെനക്ക ഇതുവരെ വിഷയത്തിൽ പ്രതികരിച്ചി‌ട്ടില്ല.

കോവിഡ് -19നുള്ള വാക്‌സിനുകളുടെ ലഭ്യത അധികമാണെന്നും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്‌സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും വിശദീകരിച്ചാണ് ആസ്ട്രസെനക്ക കോവിഷീൽഡിനെ വിപണിയിൽ നിന്ന് പിൻവലിച്ചത്. 

യു.കെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീൽഡ് വാക്സിൻ അപൂർവസാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്. വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയർന്നിരുന്നു. ഒട്ടേറെ കുടുംബങ്ങൾ ആസ്ട്രസെനക്കയ്ക്കെതിരേ കോടതിയിലും പോയി. വാക്‌സിൻ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലിൽ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്. 

രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്. അപൂർവം സന്ദർഭങ്ങളിൽ കോവിഷീൽഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ ആസ്ട്രസെനക്ക സമ്മതിച്ചു.സുരക്ഷാ ആശങ്കയെത്തുടർന്ന് അസ്ട്രസെനക്ക-ഒക്‌സ്ഫഡ് വാക്‌സിന്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു.

Content Highlights: vaccine trial patient in us sues astraZeneca claiming she was left permanently disabled