മീൻ കഴിച്ചതിനുപിന്നാലെ ബാക്റ്റീരിയൽ ഇൻഫെക്ഷൻ; യുവതിയുടെ കൈകാലുകൾ മുറിച്ചുനീക്കി

Representative Image| Photo: Canva.com
Representative Image| Photo: Canva.com

മീൻ കഴിച്ചതിനു പിന്നാലെ ബാക്റ്റീരിയൽ ഇൻഫെക്ഷൻ ബാധിച്ച് യുവതിയുടെ കൈകാലുകൾ മുറിച്ചുനീക്കി. കാലിഫോർണിയയിൽ നിന്നുള്ള നാൽപതുകാരിയായ ലോറ ബറാജാസിനാണ് ദുരനുഭവമുണ്ടായത്. പാകത്തിന് വേവാത്തതും മലിനമാക്കപ്പെട്ടതുമായ തിലാപിയ മീൻ കഴിച്ചതിനു പിന്നാലെയാണ് അണുബാധ പിടിപെട്ടത്. 

നാലുമക്കളുടെ അമ്മകൂടിയായ ലോറയ്ക്ക് കഴിഞ്ഞയാഴ്ച്ചയാണ് സർജറി നടത്തിയത്. ഒരുമാസത്തോളമായി അണുബാധയ്ക്കുള്ള ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയുകയായിരുന്നു ലോറ. വിബ്രിയോ വൾനിഫികസ്( Vibrio vulnificus) എന്നപേരിലുള്ള ബാക്റ്റീരിയയാണ് ലോറയെ ബാധിച്ചത്. 

കാലിഫോർണിയയിലെ ഒരുനാടൻ ചന്തയിൽ നിന്നാണ് ലോറ തിലാപിയ മീൻ വാങ്ങിയത്. വൈകാതെ രോ​ഗലക്ഷണങ്ങൾ പ്രകടമായപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ലോറയുടെ കൈകളും കാൽപാദവും കീഴ്ചുണ്ടുമൊക്കെ അണുബാധയുടെ ഭാ​ഗമായി കറുത്തുവന്നിരുന്നു. വൃക്കയേയും അണുബാധ ബാധിക്കുകയുണ്ടായി. തുടർന്നാണ് ലോറയുടെ ജീവൻ രക്ഷിക്കാൻ സർജറി ചെയ്ത് കൈകാലുകൾ നീക്കം ചെയ്തത്. ഒരുമാസത്തെ ആശുപത്രിവാസത്തിനുശേഷം കൈകാലുകളില്ലാതെ പുതിയൊരു ജീവിതം നയിക്കുക എന്ന വെല്ലുവിളിയാണ് ലോറ നേരിടുന്നത്.

ബാക്റ്റീരിയയുള്ള മത്സ്യം മതിയായി വേവിക്കാതെ കഴിക്കുകവഴിയോ അതല്ലെങ്കിൽ ഈ അണുക്കളുടെ സാന്നിധ്യമുള്ള വെള്ളത്തിൽ ചവിട്ടുകവഴി മുറിവുകളിലൂടെയോ ഇവ ശരീരത്തിൽ പ്രവേശിക്കാം. കടൽജലത്തിലും വേവിക്കാത്ത കടൽവിഭവങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ടാകാം. 

രോ​ഗബാധയേറ്റ് ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.  പ്രതിരോധശേഷി കുറഞ്ഞവരിൽ സ്ഥിതി ​ഗുരുതരമാകും. രോ​ഗംബാധിച്ച അഞ്ചിലൊരാൾ എന്ന നിലയ്ക്ക് മരണവും സംഭവിച്ചേക്കാമെന്ന് സി.ഡി.സി.(Centers for Disease Control and Prevention) വ്യക്തമാക്കുന്നു. അടിവയറുവേദന, ഛർദി, മനംപുരട്ടൽ, പനി, വയറിളക്കം മുതലായവ ഈ അണുബാധയുടെ ലക്ഷണങ്ങളാണ്. 

Content Highlights: US Woman Loses All Four Limbs After Eating Contaminated Fish