യൂട്യൂബര്‍മാര്‍ തുടങ്ങിയ പ്രൈം എനര്‍ജി ഡ്രിങ്ക്; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പരാതി

പ്രശസ്ത യൂട്യൂബര്‍മാരായ ലോഗന്‍ പോളും കെ.എസ്.ഐ.യും ചേര്‍ന്ന് നിര്‍മിക്കുന്ന പ്രൈം എനര്‍ജി ഡ്രിങ്കിന് ആരാധകര്‍ ഏറെയാണ്. അവരിലേറെയും കുട്ടികളുമാണ്. 2023 ജനുവരിയില്‍ പുറത്തിറക്കിയ പാനീയം വലിയ ലാഭമാണ് വിപണിയില്‍ ഉണ്ടാക്കിയത്. എന്നാല്‍ ഇതിനെതിരെ അന്വേഷണം നടത്താന്‍ ഫുഡ് ആന്റ് അഡ്മിനിസ്‌ട്രേഷനോട് ആവശ്യപ്പെട്ടരിക്കുകയാണ് യു.എസ് സെനറ്റര്‍ ചാള്‍സ് ഷൂമര്‍.
കുട്ടികളില്‍ ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഷൂമര്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രൈമില്‍ അടങ്ങിയിരിക്കുന്ന കഫീന്റെ അളവ് വളരെ കൂടുതലാണെന്നും ഇത് കുട്ടിളില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഷൂമര്‍ പറയുന്നു.
പലമാതാപിതാക്കളും ജ്യൂസ് എന്ന് വിശ്വസിച്ചാണ് പ്രൈം തങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നത്. എന്നാല്‍ കഫീന്റെ ഒരു കൂമ്പാരമാണ് ഇതിലൂടെ കുട്ടികളിലേക്കെത്തുന്നത്. പ്രൈമിലെ ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് സൂക്ഷ്മമായി നിരീക്ഷണം നടത്തേണ്ടതുണ്ട് എന്നും ഷൂമര്‍ പറഞ്ഞു.
ഓരോ പന്ത്രണ്ട് ഔണ്‍സ് പ്രൈമിലും അടങ്ങിയിരിക്കുന്നത് 200 മില്ലിഗ്രാം കഫീനാണ്. ഏതാണ്ട് ആറ് കാന്‍ കൊക്കൊകോളയിലും രണ്ട് കാന്‍ റെഡ് ബുള്ളിലും അടങ്ങിയിരിക്കുന്ന അത്രയും കഫീന്‍. ഓണ്‍ലൈന്‍ വഴി ഇന്ത്യയിലും പാനീയം ലഭ്യമാണ്. അരലിറ്റര്‍ ബോട്ടിലിനു വരുന്ന വില 2500 രൂപയില്‍ അധികമാണ്.
സീറോ ഷുഗര്‍, വീഗന്‍ എന്നീ സവിശേഷതകളോട് കൂടിയ പാനീയം എന്ന പേരിലാണ് പ്രൈം വിപണിയില്‍ ഇറങ്ങിയത്. എന്നാല്‍ പ്രൈം കുടിക്കുക വഴി ദഹന പ്രശ്‌നങ്ങളും ഉത്കണ്ഠയും തുടങ്ങി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ വരെ കണ്ടുവരുന്നുണ്ടെന്ന് ശിശുരോഗവിദഗ്ധര്‍ പറയുന്നു. ഇവ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവിദഗ്ധര്‍ പ്രൈമിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പരാതികളെത്തുടര്‍ന്ന് യു.കെ.യിലെയും ഓസ്‌ട്രേലിയയിലെയും സ്‌കൂളുകളില്‍ പ്രൈം വില്‍പന നിരോധിച്ചിരിക്കുകയാണ്.
വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികരണവുമായി പ്രൈം അധികൃതര്‍ രംഗത്തെത്തി. പതിനെട്ടു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതല്ല ഈ പാനീയമെന്നും അവര്‍ക്കായി പ്രൈം ഹൈഡ്രേഷന്‍ എന്ന പേരില്‍ കഫീന്‍ അടങ്ങിയിട്ടില്ലാത്ത മറ്റൊരു പാനീയം ഉണ്ടെന്നുമാണ് അവരുടെ വാദം.
Content Highlights: US senator calls for probe into KSI and Logan Paul energy drink