‘ഭൂതകാലത്തിലെ പ്രേതത്തെ നേരിട്ടുകണ്ടതുപോലെ’; യു.എസിലെ മീസിൽസ് വ്യാപനത്തേക്കുറിച്ച് ഡോക്ടർ

അമേരിക്കയിൽ മീസിൽസ് അഥവാ അഞ്ചാംപനി വ്യാപിക്കുകയാണ്. ഈവർഷം ഇതുവരെ മാത്രം 5400-ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. വാക്സിനേഷൻ നിരക്കിലെ വിടവാണ് രോഗവ്യാപനത്തിനു പിന്നിലെന്നാണ് വിദഗ്ധർ പറയുന്നത്. ഒരുവർഷത്തോളമായി രോഗം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കയുടെ മീസിൽസ് നിർമാർജന പദവിയും നഷ്ടമായിരിക്കുകയാണ്. മീസിൽസ് എന്നത് ചരിത്രകാലത്തിൽ മാത്രം നിലനിന്നിരുന്ന രോഗമായിരുന്നുവെന്നും അമേരിക്കയിലെ ഡോക്ടർമാർക്കിടയിൽപ്പോലും ഇത് പുതിയ അനുഭവമാണെന്നും പറയുകയാണ് ഉറ്റായിലെ ഇൻഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റ് ആയ ട്രാഹേൺ ഡബ്ല്യു. ജോൺസ്.
യഥാർഥജീവിതത്തിൽ ഒരിക്കലും കാണാൻ പാടില്ലാത്ത, ഭൂതകാലത്തിലെ ഒരു പ്രേതത്തെ നേരിൽക്കണ്ടതുപോലെയാണ് നിലവിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. മറ്റുപല വൈറസുകളെ അപേക്ഷിച്ച് മീസിൽസ് തീവ്രമാകുന്നുണ്ടെന്ന് പെൻസിൽവാനിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസ് ഫിസിഷ്യനായ ജെസീക്ക എറിക്സൺ പറഞ്ഞു. രോഗവ്യാപനത്തിലേറെയും വാക്സിൻ സ്വീകരിക്കാത്തവരിലാണെന്നും ജെസീക്ക പറയുന്നു.
മീസിൽസിന്റെ അപകടസാധ്യതയേക്കുറിച്ച് പൊതുജനങ്ങൾക്ക് കാര്യമായ അവബോധമില്ലെന്ന് ഡോക്ടറായ പോൾ ഒഫിറ്റ് എ.എഫ്.പി.യോടു പറഞ്ഞു. ഈ വൈറസിന് ആളുകളുടെ ജീവൻ ഇല്ലാതാക്കാനും രോഗിയാക്കാനും എത്രത്തോളം കഴിയുമെന്ന് പലർക്കും ധാരണയില്ലെന്നും അദ്ദേഹം പറയുന്നു. വൈദ്യശാസ്ത്രപരമായ സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് ആളുകൾ വാക്സിൻ എടുക്കുന്നത് മുടക്കുന്നതിലൂടെ മരണസാധ്യത കൂടിയ വൈറസിനെ തിരിച്ചുവരാനുള്ള വഴിയൊരുക്കുകയാണെന്നും അദ്ദേഹം പറയുന്നു.
വായുവിലൂടെ പകരുന്ന ഈ പകർച്ചവ്യാധി 2000-ൽ യുഎസിൽ നിർമാർജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചതാണ്. എന്നിരുന്നാലും വാക്സിനേഷൻ നിരക്ക് കുറയുന്നത് അതിന്റെ പുനരുജ്ജീവനത്തിലേക്ക് നയിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. വാക്സിൻ അവതരിപ്പിക്കുന്നതിന് മുമ്പ് 48,000-ത്തോളം ആളുകളെ മീസിൽസ് ബാധിച്ച് യു.എസിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. 400-500 പേർ വരെ അക്കാലങ്ങളിൽ മരിക്കുകയും ചെയ്തു. 2024-ൽ യുഎസ്സിലെ ആകെ അഞ്ചാംപനി ബാധിതരുടെ എണ്ണം 285 ആയിരുന്നു.
യുഎസ്സിലെ യുവഡോക്ടർമാരിൽ പലരും ആദ്യമായാണ് അഞ്ചാംപനി ബാധിച്ചവരെ കാണുന്നതെന്നും റിപ്പോർട്ടുകളുണ്ട്. മെഡിക്കൽ ടെക്സ്റ്റ് ബുക്കുകളിലും പരീക്ഷാ പേപ്പറുകളിലും മാത്രമാണ് ഇവർ അഞ്ചാംപനിയെ പരിചയപ്പെട്ടത്. ജീവിതത്തിൽ ഒരിക്കലും കാണേണ്ടി വരില്ല എന്ന് കരുതിയ രോഗത്തെയാണ് ഇപ്പോൾ നേരിടുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
പ്രതിരോധ വാക്സിൻ പ്രധാനം
പ്രതിരോധ വാക്സിൻ വഴി തടയാൻ കഴിയുന്ന രോഗമാണ് അഞ്ചാംപനി. എംഎംആർ വാക്സിനാണ് ഇതിനായി ഉപയോഗിക്കുന്നത്. മീസിൽസ്, മംപ്സ് (മുണ്ടിനീര്), റുബെല്ല (ജർമ്മൻ മീസിൽസ്) എന്നീ മൂന്ന് രോഗങ്ങൾക്കെതിരേയുള്ള വാക്സിനാണ് എംഎംആർ.
ഒരു വയസ് മുതൽ 15 മാസം വരെ പ്രായമുള്ള കുട്ടികൾക്കാണ് എംഎംആർ വാക്സിന്റെ ആദ്യ ഡോസ് നൽകുക. ഇതിലൂടെ രോഗത്തിനെതിരെ 93 ശതമാനം സംരക്ഷണം ഉറപ്പാക്കാൻ കഴിയും. നാല് വയസിനും ആറ് വയസിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നതോടെ സംരക്ഷണം 97 ശതമാനമായി ഉയരും.
അഞ്ചാംപനി
മിക്സോ വൈറസ് വിഭാഗത്തിൽ പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാംപനി. നമ്മുടെ നാട്ടിൽ ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയിൽ നിന്നു പകർന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളിൽ അധികം കാണപ്പെടാത്തത്. എങ്കിലും കൗമാരപ്രായത്തിലും മുതിർന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്.
ലക്ഷണങ്ങൾ
പനിയാണ് ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും.അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും.അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. വയറിളക്കം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ നിർജലീകരണം മൂലം മരണം വരെ സംഭവിക്കാം.
എങ്ങനെയാണ് രോഗം പകരുന്നത്?
അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. മുഖാമുഖം സമ്പർക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാം.
Content Highlights: Measles outbreak in the US sees over 5400 cases this year, raising concerns about vaccination rates and public awareness of the disease's severity.