മൂത്രം പിടിച്ചുവെക്കുക, മണിക്കൂറുകളോളം ഒരേ ഇരിപ്പ്; അറിഞ്ഞിരിക്കണം അനാരോഗ്യകരമായ ഈ ശീലങ്ങൾ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

നാമറിയാതെ ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യം തകരാറിലാക്കുന്നവയാണ്. ഭക്ഷണം കഴിക്കുന്നതിന്റെ കാര്യത്തിലും ഇരിക്കുന്നതിലുമൊക്കെ കരുതൽ പാലിക്കേണ്ടതുണ്ട്. അനാരോഗ്യകരമായ ചില ശീലങ്ങളേക്കുറിച്ചും അവ എങ്ങനെ ആരോഗ്യം തകരാറിലാക്കുമെന്നും പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥി.

മൂത്രം പിടിച്ചുവെക്കുന്നത്

മൂത്രം പിടിച്ചുവെക്കുന്ന ശീലമുള്ളവരുണ്ട്. ഇത് ഒട്ടും നന്നല്ലെന്ന് പറയുകയാണ് ഡോ. സൗരഭ്. മൂത്രം പിടിച്ചുവെക്കുന്നത് മൂത്രസഞ്ചിയിൽ ബാക്ടീരിയകൾ പെരുകാൻ കാരണമാകും. വൈകാതെ ഇത് മൂത്രാശയഅണുബാധയിലേക്ക് നയിക്കും. പ്രത്യേകിച്ച് സ്ത്രീകളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.

ദീർഘസമയം ഇരിക്കുന്നത്

മണിക്കൂറുകളോളം കംപ്യൂട്ടറിനുമുന്നിലും ഫോണിലും സ്ക്രീനിലുമൊക്കെ നോക്കിയിരിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ക്രമേണ കഴുത്തിനും നട്ടെല്ലിനും പുറത്തെ പേശികൾക്കും സമ്മർദം കൂട്ടും. ശ്രദ്ധിച്ചില്ലെങ്കിൽ കഠിനമായ വേദനയ്ക്കും ദീർഘകാല പേശീസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.

ടോയ്ലറ്റിൽ ദീർഘസമയം ഇരിക്കുന്നത്

ടോയ്ലറ്റിൽ ദീർഘസമയം ഇരിക്കുന്നവരേറെയാണ്. മൊബൈൽ ഫോണുമായി ടോയ്ലറ്റിലിരിക്കുന്ന ശീലമുള്ളവരുമുണ്ട്. ഇത് മലാശയത്തിലെ ഞരമ്പുകൾക്ക് സമ്മർദം കൂട്ടും. ഈ ശീലം തുടരുന്നത് പിന്നീട് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മൂലക്കുരുവിനും കാരണമാകും.

ഇടയ്ക്കിടെ മുഖം സ്പർശിക്കുന്നത്

അണുക്കൾ ഏറ്റവുമധികം ഇരിക്കുന്ന ശരീരഭാഗങ്ങളിലൊന്നാണ് കൈകൾ. ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കുന്ന ശീലമുണ്ടെങ്കിൽ അതും പാടേ ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം ഈ അണുക്കൾ മുഖത്തെത്തുകയും പലതരം അസ്വസ്ഥതകൾക്കും അണുബാധകൾക്കും കാരണമാവുകയും ചെയ്യും.

വേഗത്തിൽ കഴിക്കുന്നത്

ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിച്ചാൽ മാത്രമേ ദഹനം സുഗമമാവൂ. ഇതിനുപകരം വേഗത്തിൽ കഴിക്കുന്നത് ഭക്ഷണം കൂടുതൽ ശരീരത്തിലെത്താനും ദഹനം തകരാറിലാവാനും കാരണമാകും. വയറ് വീർക്കുക, കൂടുതൽ ഭക്ഷണം കഴിക്കുക തുടങ്ങിയവയ്ക്കും കാരണമാവും.

നഖത്തിന് ചുറ്റുമുള്ള ചർമം നീക്കംചെയ്യുന്നത്

നഖത്തിന് ചുറ്റുമുള്ള ലോലമായ ചർമം നീക്കം ചെയ്യുന്നത് ബാക്ടീരിയകൾ ശരീരത്തിനുള്ളിൽ പ്രവേശിക്കാൻ കാരണമാകും. ചർമത്തിലെ അണുബാധകൾക്കും കാരണമാവും.

അമിതമായ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത്

ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിന് ആശ്വാസമേകുന്ന കാര്യമാണ്. എന്നാൽ ഇതിനുപകരം അമിതമായി ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ചർമത്തിന്റെ ആരോഗ്യം തകരാറിലാക്കും. ചർമത്തിലെ സ്വാഭാവികമായുള്ള എണ്ണ ഇല്ലാതാവുകയും ഇത് ചർമം വരളാനും ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാവുകയും ചെയ്യും.