വിശക്കുമ്പോഴെല്ലാം ഭക്ഷണം കഴിക്കണമെന്നില്ല; ഏതുതരം വിശപ്പാണെന്ന് തിരിച്ചറിയണം- ന്യൂട്രീഷണിസ്റ്റ്

വിശക്കുമ്പോഴൊക്കെ ഭക്ഷണം കഴിക്കണമെന്നു കരുതുന്നത് തെറ്റാണ്. ശരീരത്തിന് യഥാർഥത്തിൽ ഭക്ഷണം ആവശ്യമുള്ളപ്പോഴുള്ള വിശപ്പും വൈകാരികമായ കാരണങ്ങളാലുണ്ടാകുന്ന വിശപ്പും വ്യത്യസ്തമാണെന്നു പറയുകയാണ് ന്യൂട്രീഷണിസ്റ്റായ നമാമി അഗർവാൾ.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നമാമി ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. ശരീരത്തിന് പോഷകം ആവശ്യമുള്ള സമയത്തുണ്ടാകുന്നതാണ് സ്വാഭാവികമായ വിശപ്പ്. സമാധാനത്തിനും സന്തോഷത്തിനും വിഷമിക്കുമ്പോഴുമൊക്കെ ഭക്ഷണത്തിൽ അഭയം തേടുന്നത് ‘ഇമോഷണൽ ഹംഗർ’ മൂലമാണ്. ഓരോ ദിവസവും കൃത്യമായ സമയത്തു കഴിക്കുന്നതിലൂടെ അനുഭവപ്പെടുന്ന വിശപ്പിനെ ‘ഹാബിറ്റ് ഹംഗർ’ എന്നും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കഴിക്കുന്നതിനെ ‘സോഷ്യൽ ഹംഗർ’ എന്നുമാണ് നമാമി പറയുന്നത്.
വിരസത അനുഭവപ്പെടുമ്പോൾ സമയംപോകാനായി ഭക്ഷണം കഴിക്കുന്ന ശീലത്തെ ‘ബോർഡം ഹംഗർ’ എന്നാണ് നമാമി പറയുന്നത്. ഏതുതരം വിശപ്പാണ് നമ്മുടേതെന്നു തിരിച്ചറിയാനായാൽ ഭക്ഷണം കഴിക്കുന്നതിലും കൃത്യതയുറപ്പാക്കാമെന്ന് നമാമി പറയുന്നു. എല്ലായ്പ്പോഴും വിശക്കുന്നുവെന്നു കരുതി ശരീരത്തിന് ഭക്ഷണം ആവശ്യമാണെന്നർഥമില്ല. ചിലപ്പോഴെല്ലാം അനുഭവപ്പെടുന്ന വിശപ്പ് യഥാർഥ വിശപ്പുമല്ലെന്നും നമാമി പറയുന്നു.
ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്
- പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
- കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
- ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
- ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
- വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
- ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
- വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
- പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
- ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
- ടി.വി.യോ മൊബൈലോ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.
Content Highlights: Distinguishing between physical hunger and emotional triggers., Understanding habit, social, and boredom-induced hunger., Expert insights from nutritionist Namami Agarwal on mindful eating., Importance of identifying true nutritional needs versus cravings.