പകലുറക്കം കൂടല്ലേ; ടൈപ് 2 ഡയബറ്റിസ് രോഗികളിൽ കരൾരോഗ സാധ്യത കൂട്ടുമെന്ന് പഠനം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഊണ് കഴിഞ്ഞാൽ ഒരൽപം മയങ്ങുന്നത് ശീലമാക്കുന്നവരുണ്ട്. അൽപസമയത്തേക്കുള്ള ഈ ഉറക്കം മാനസികവും ശാരീരികവുമായ ഉന്മേഷം പകരുകയും ചെയ്യും. എന്നാൽ, അരമണിക്കൂറിനപ്പുറം ഉറക്കം പോയാൽ അത് ദോഷകരമാവുകയാണ് ചെയ്യുക. പ്രത്യേകിച്ച് ടൈപ് 2 ഡയബറ്റിസ് ഉള്ളവരിൽ 30 മിനിറ്റിൽ കൂടുതൽ പകലുറങ്ങുന്നത് കരൾരോഗ സാധ്യത കൂട്ടുമെന്നാണ് പുതിയ പഠനം പറയുന്നത്.

ചൈനയിലെ വെൻസൂ മെ‍ഡിക്കൽ യൂണിവേഴ്സിറ്റി ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ചിക്കാഗോയിൽ വച്ചുനടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ പഠനം അവതരിപ്പിച്ചിട്ടുണ്ട്. ടൈപ് 2 ഡയബറ്റിസ് രോഗികളിൽ പകലുറക്കം അരമണിക്കൂറിൽ കൂടുന്നത് മെറ്റബോളിക് ഡിസ്ഫ്ങ്ഷൻ അസോസിയേറ്റഡ് സ്റ്റിയാടോട്ടിക് ലിവർ ഡിസീസ് സാധ്യത കൂട്ടുമെന്ന് പഠനം പറയുന്നു.

മുമ്പ് നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്ന് വിളിച്ചിരുന്ന അവസ്ഥ ഇന്ന് എംഎഎസ്എൽഡി(metabolic dysfunction-associated steatotic liver disease) എന്നാണ് അറിയപ്പെടുന്നത്. ഇതിനായി ടൈപ് 2 ഡയബറ്റിസ് ബാധിതരായ 1900 മുതിർന്നവരിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചു. പതിനെട്ടിനും എൺപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് പഠനത്തിന്റെ ഭാഗമായത്. 2017 മുതൽ 2024 വരെ നീണ്ട കാലയളവിലാണ് പഠനം നടത്തിയത്. പകലുറക്കം കൂടുതലും കുറവും ഉള്ളവരാക്കി തിരിച്ചാണ് വിലയിരുത്തിയത്. തുടർന്നാണ് ഉറക്കം കൂടുതലുള്ളവരിൽ MASLD കേസുകളും കൂടുന്നതായി കണ്ടെത്തിയത്.

പകലുറക്കം കൂടുന്നതും രാത്രിയിൽ ഉറക്കം കുറയുന്നതും വീണ്ടും അപകടസാധ്യത കൂട്ടുന്നുവെന്നും പഠനത്തിലുണ്ട്. ഉറക്കത്തിലുണ്ടാകുന്ന തകരാറുകൾ ഇൻസുലിൻ പ്രതിരോധം, ശരീരത്തിൽ വീക്കം, മെറ്റബോളിക് സിൻഡ്രോം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുകയും അതുവഴി കരളിൽ കൊഴുപ്പടിയാൻ കാരണമാവുകയും ചെയ്യുന്നുവെന്നാണ് ഗവേഷകർ കരുതുന്നത്.

ഫാറ്റി ലിവർ

കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. അഞ്ചുശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കരളിൽ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാൽ, മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. ഇതിനെ മദ്യപാനം കൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവർ രോഗം എന്നുപറയുന്നു. ഇതിനെത്തന്നെ രണ്ടായി തരംതിരിക്കാം. ഒന്ന്, കരളിൽ കൊഴുപ്പ് അടിയുമ്പോൾ മാത്രം ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. രണ്ട്, കരളിൽ കൊഴുപ്പ് അടിയുന്നതോടൊപ്പം നീരും (inflammation) ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (Nonalcoholic steatohepatitis-NASH) എന്നു പറയുന്നു.

അമിതവണ്ണം, പ്രമേഹം, രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് എന്നിവയ്ക്കുപുറമേ ചില മരുന്നുകളുടെ ഉപയോഗവും ഫാറ്റി ലിവർ ഉണ്ടാകുന്നതിന് സാധാരണയായി കാരണമാകാറുണ്ട്. കുടലിലെ ബാക്ടീരിയകളിൽ (Gut microbiota) ഉണ്ടാകുന്ന വ്യത്യാസങ്ങളും അസന്തുലിതാവസ്ഥയും ഫാറ്റി ലിവറിന് കാരണമായേക്കാമെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു. ബാക്ടീരിയകൾ ഉണ്ടാക്കുന്ന എൻഡോ ടോക്സിനുകൾ കുടലിന്റെ ശ്ലേഷ്മസ്തരങ്ങളിൽ കേടുപാടുകളുണ്ടാക്കുകയും അതുമൂലം നീരുണ്ടാക്കുന്ന ഘടകങ്ങൾ (Inflammatory factors) കൂടുകയും ചെയ്യുന്നു. ഇത് മദ്യംമൂലമല്ലാത്ത ഫാറ്റി ലിവർ ഡിസീസിലേക്ക് നയിക്കുന്നു.

ലക്ഷണങ്ങൾ

മിക്കയാളുകളിലും ഫാറ്റി ലിവർ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. വളരെ കുറച്ചുപേരിൽ ക്ഷീണവും വയറിന്റെ മുകളിൽ വലതുവശത്തായി വേദനയും ഉണ്ടാകാറുണ്ട്. പലപ്പോഴും മറ്റ് അസുഖങ്ങളുടെ ഭാഗമായി അൾട്രാസൗണ്ട് സ്‌കാനിങ് വേണ്ടിവരുമ്പോൾ കരളിൽ കൊഴുപ്പടിഞ്ഞതായി കാണുകയോ ഹെൽത്ത് ചെക്കപ്പുകളുടെ ഭാഗമായി രക്തപരിശോധന നടത്തുമ്പോൾ കരളിലെ എൻസൈമുകൾ (AST, ALT) ഉയർന്ന തോതിലുള്ളതായി കാണുകയോ ചെയ്യുമ്പോഴാണ് ഈ രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.

കൊഴുപ്പ് കൂടുന്നതനുസരിച്ച് കരളിൽ നീർവീക്കം വരുകയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് നാഷ് ആയിത്തീരുകയും ചെയ്യും. ഇതുമൂലം കാലക്രമേണ കരളിലെ കോശങ്ങൾ നശിക്കുകയും, അത് ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്യും.

Content Highlights: Daytime naps exceeding 30 minutes increase MASLD risk in Type 2 Diabetes patients., Study conducted by Wenzhou Medical University on 1900 participants (2017-2024)., Sleep disturbances correlate with insulin resistance and systemic inflammation