H3N2 ഇൻഫ്ളുവെൻസ വൈറസ്; രാജ്യത്ത് രണ്ടുമരണം

Representative Image| Photo:Canva.com
Representative Image| Photo:Canva.com

ന്യൂഡൽഹി: വ്യാപകമായ പനിക്കും മറ്റ് വൈറൽ രോ​ഗങ്ങൾക്കും കാരണമായ H3N2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം. ഹരിയാണയിലും കർണാടകയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കേന്ദ്രആരോ​ഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. 

രാജ്യത്ത് നിലവിൽ H3N2 വൈറസ് ബാധിച്ച് 90 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ എട്ട്  H1N1 ഇൻഫ്ലുവെൻസ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  

അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നിൽ ഇൻഫ്ളുവൻസ Aയുടെ ഉപവിഭാ​ഗമായ  H3N2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസംഐ.സി.എം.ആർ(Indian Council of Medical Research) വ്യക്തമാക്കിയിരുന്നു. ഇൻഫ്ളുവൻസ കേസുകളിൽ വൻ വർധനവാണ് കാണുന്നത്, പനി, ചുമ, ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോ​ഗലക്ഷണങ്ങളാണ് പലർക്കുമുള്ളത്. 

H3N2 ലക്ഷണങ്ങൾ

  • പനി
  • ചുമ‌
  • മൂക്കൊലിപ്പ്
  • ശരീരവേദന
  • ഛർദി
  • ഓക്കാനം
  • വയറിളക്കം

രോ​ഗപ്രതിരോധത്തിനായി ഐ.സി.എം.ആർ പുറത്തിറക്കിയ മാർ​ഗനിർദേശങ്ങൾ

  • വെള്ളവും സോപ്പും ഉപയോ​ഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക
  • മാസ്ക് ഉപയോ​ഗിക്കുകയും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുകയും ചെയ്യുക. 
  • മുഖവും മൂക്കും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക. 
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക. 
  • ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപെടാൻ ഇടവരുത്താതിരിക്കുകയും ചെയ്യുക. 
  • പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാൽ പ്രിസ്ക്രൈബ് ചെയ്ത മരുന്നുകൾ മാത്രം കഴിക്കുക. 
  • പൊതുയിടത്ത് തുപ്പാതിരിക്കുക. 
  • ആന്റിബയോട്ടിക്കുകൾ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക. 

H3N2 വൈറസ്

കഴിഞ്ഞ രണ്ടുമൂന്നു മാസക്കാലമായി H3N2 വൈറസ് വ്യാപിക്കുകയാണെന്നും ഇതുസംബന്ധിച്ചുള്ള ആശുപത്രിവാസം കൂടുകയാണെന്നും ഐ.സി.എം.ആർ വ്യക്തമാക്കിയിരുന്നു. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യത്തോടെയോ രോ​ഗവ്യാപനം കുറയുമെന്നാണ് കരുതുന്നതെന്നും ഐ.സി.എം.ആർ അധികൃതർ വ്യക്തമാക്കുകയുണ്ടായി. 

ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം H3N2 ബാധിതരിൽ 92ശതമാനം പേർക്ക് പനിയും 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസതടസ്സവും 16 ശതമാനം പേർക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. ഇതുകൂടാതെ രോ​ഗബാധിതരിൽ 16 ശതമാനം പേർക്കും ന്യൂമോണിയയും ആറ് ശതമാനം പേർക്ക് ചുഴലിയും റിപ്പോർട്ട് ചെയ്യുകയുണ്ടായി. കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരിൽ 10ശതമാനം പേർക്ക് ഓക്സിജൻ സഹായം വേണ്ടിവന്നതായും 7ശതമാനം പേർ ഐ.സി.യു സേവനം വേണ്ടിവന്നതായും അധികൃതർ വ്യക്തമാക്കുന്നു. 

Content Highlights: Two Deaths Due To H3N2 Influenza Virus In Haryana, Karnataka