ആമസോൺ, ടിക്ടോക്ക് വഴി വിൽക്കുന്ന വിലകുറഞ്ഞ വെള്ളി ആഭരണങ്ങളിൽ കാൻസറിന് കാരണമാകുന്ന വിഷലോഹം

ആമസോണിലൂടെയും ടിക്ടോക്ക് ഷോപ്പുകളിലൂടെയും വിൽക്കുന്ന വിലകുറഞ്ഞ വെള്ളി ആഭരണങ്ങളിൽ കാൻസറിനും വൃക്കരോഗങ്ങൾക്കും കാരണമാകുന്ന വിഷലോഹത്തിന്റെ സാന്നിധ്യം കൂടുതൽ കണ്ടെത്തി. ദി സൺഡേ ടൈംസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാഡ്മിയം എന്ന വിഷലോഹത്തിന്റെ സാന്നിധ്യം ഇത്തരം ആഭരണങ്ങളിൽ കൂടുതലാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ആമസോണിൽ നിന്നും ടിക്ടോക്കിൽ നിന്നും ഇത്തരം ആഭരണം വാങ്ങി ബിർമിംഗ്ഹാം അസെ ഓഫീസിൽ വച്ചുനടത്തിയ പരിശോധനയിലാണ് കാഡ്മിയത്തിന്റെ അളവ് കൂടുതലാണെന്നു കണ്ടെത്തിയത്. ഒന്നാന്തരം വെള്ളി എന്ന പരസ്യത്തോടെ 2.99 പൗണ്ട് അഥവാ 386.93രൂപയ്ക്കു വിൽക്കുന്ന മോതിരത്തിൽ 92.3% കാഡ്മിയം അടങ്ങിയതായി കണ്ടെത്തി. യു.കെ.യിൽ കാഡ്മിയം ചേർക്കാൻ നിയമപരമായി നൽകിയിട്ടുള്ള പരിധിയേക്കാൾ 9,000 മടങ്ങ് കൂടുതലാണിത്.
ടിബറ്റൻ സിൽവർ, 999 സിൽവർ എന്നീ പേരുകളിൽ ഗുയിസാല എന്ന നിർമാതാക്കൾ വിറ്റ ആഭരണങ്ങളിൽ കാഡ്മിയത്തിന്റെ അളവ് 5,000 മടങ്ങ് കൂടുതലായിരുന്നു. ഡെർവിവിയ എന്ന ഫാഷൻ ബ്രാന്റ് വിൽക്കുന്ന ആഭരണങ്ങളിൽ കാഡ്മിയത്തിന്റെ അളവു കൂടുതലാണെന്ന് നേരത്തേ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പെർഫോം പേൾസ് എന്ന ബ്രാൻഡിൽ നിന്നു വാങ്ങിയ 925 സിൽവർ എന്ന് പരസ്യത്താൽ വിറ്റ ബ്രേസ്ലെറ്റിൽ 33% കാഡ്മിയം അടങ്ങിയതായി കണ്ടെത്തി. ഇതും യു.കെ.യിൽ നിയമപരമായ പരിധിയായ 0.01% ന്റെ ഏകദേശം 3,300 മടങ്ങ് കൂടുതലാണ്.
റീചാർജ് ചെയ്യാവുന്ന ബാറ്ററികളിലും മറ്റും ഉപയോഗിക്കുന്ന വെളുത്ത ലോഹമായ കാഡ്മിയം ശരീരത്തിൽ കാലക്രമേണ അടിഞ്ഞുകൂടുന്നത് ആന്തരിക അവയവങ്ങളെ തകരാറിലാക്കും. കാൻസർ സാധ്യത കൂട്ടുകയും വൃക്കയുടെ ആരോഗ്യവും അസ്ഥിയുടെ ആരോഗ്യവും തകരാറിലാക്കുകയും ചെയ്യും. എല്ലാതരം ആഭരണങ്ങളിലും കാഡ്മിയം ഉണ്ടാവില്ലെങ്കിലും ഇവ അമിതമായി ഉള്ള ആഭരണങ്ങൾ കുട്ടികളോ മറ്റോ വായിലിടുകയോ, വിഴുങ്ങുകയോ ചെയ്താലോ ചർമത്തിലെ മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിച്ചാലോ അപകടകരമാണ്.
ഓൺലൈനിലൂടെ വിൽക്കുന്ന ആഭരണങ്ങളിൽ കാഡ്മിയത്തിന്റെ അളവു കണ്ടെത്തിയ സാഹചര്യത്തിൽ ആമസോൺ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ സുരക്ഷ ഗൗരവമായെടുക്കുന്നുവെന്നും എല്ലാ ഉത്പ്പന്നങ്ങളും നിയന്ത്രണങ്ങളും നിയമവും പാലിക്കപ്പെട്ടുകൊണ്ട് വിൽക്കുന്നതായിരിക്കണമെന്നും പ്രസ്താവനയിലുണ്ട്. അന്വേഷണം നടത്തിയശേഷം ഇത്തരം ഉത്പന്നങ്ങൾ നീക്കംചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിലുണ്ട്. കുറ്റക്കാരായ വിൽപ്പനക്കാരെ വിലക്കിയതായും കാഡ്മിയം ഉയർന്ന അളവിൽ അടങ്ങിയ ആഭരണങ്ങൾലതിരിച്ചുവിളിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ടിക്ടോക്കും വ്യക്തമാക്കി.
കാഡ്മിയം അമിതമായ അളവിൽ ശരീരത്തിലെത്തുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇവ വൃക്കയിൽ അടിഞ്ഞുകൂടുന്നത് വൃക്കയുടെ പ്രവർത്തനം തകരാറിലാക്കും. അസ്ഥികളുടെ ആരോഗ്യം പ്രശ്നമാക്കുകയും ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോമലേസിയ തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യും. കാഡ്മിയം അടങ്ങിയ വായു ശ്വസിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കി കെമിക്കൽ ന്യൂമോണൈറ്റിസ്, ശ്വാസകോശാർബുദം തുടങ്ങിയവയ്ക്കും കാരണമാകും.
Content Highlights: Cheap jewelry sold on Amazon and TikTok found to contain dangerous levels of cadmium., Cadmium concentrations in some items exceeded legal limits by up to 9,000 times., Exposure to cadmium causes kidney damage, bone diseases, and increases cancer risk