തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഹൃദയചികിത്സ പകൽ മാത്രം, രാത്രിയെത്തുന്ന രോഗികൾക്ക് ശരണം സ്വകാര്യ ആശുപത്രി

തൃശ്ശൂർ മെഡിക്കൽ കോളേജ് | ഫോട്ടോ: മാതൃഭൂമി
തൃശ്ശൂർ മെഡിക്കൽ കോളേജ് | ഫോട്ടോ: മാതൃഭൂമി

തൃശ്ശൂർ : ഗവ. മെഡിക്കൽ കോളേജിൽ രാത്രി ഹൃദയചികിത്സക്ക് സൗകര്യമില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ആൻജിയോഗ്രാം മുതൽ ഹൃദയം തുറന്ന ശസ്ത്രക്രിയവരെ നടത്താൻ കാർഡിയോളജി വിഭാഗത്തിൽ സൗകര്യമുണ്ടെങ്കിലും രാത്രിയിൽ ഈ സേവനങ്ങളൊന്നും ലഭ്യമല്ല. രാത്രിയിലെത്തുന്ന രോഗികളെ മടക്കുകയാണ് ചെയ്യുന്നത്.

സർക്കാർതലത്തിൽ ജില്ലയിൽ മറ്റൊരിടത്തും രാത്രി ഹൃദയചികിത്സ ലഭ്യമല്ല. ഇതുമൂലം സാധാരണക്കാരായ രോഗികൾക്ക് ചികിത്സക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ദിവസം രാത്രി ഹൃദയാഘാതവുമായി എത്തിയ വടക്കാഞ്ചേരി സ്വദേശിയെ തിരിച്ചയച്ചതാണ് ഇതിൽ ഒടുവിലത്തേത്. ഇദ്ദേഹത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചാണ് ജീവൻ രക്ഷിച്ചത്.

രാത്രിയിൽക്കൂടി സേവനം നൽകാൻ കഴിയുംവിധം ഡോക്ടർമാരും അനുബന്ധ ജീവനക്കാരും ഇല്ലാത്തതാണ് രോഗികൾക്ക് വിനയാകുന്നത്. ആകെ അഞ്ച് ഡോക്ടർമാരാണ് കാർഡിയോളജി വകുപ്പിലുള്ളത്. ഒരു മാസം നൂറിലേറെ രോഗികൾക്ക് ആൻജിയോപ്ളാസ്റ്റി ചികിത്സ നടത്തുന്നുണ്ട്. രാത്രി ചികിത്സ നൽകണമെങ്കിൽ ഒരു മുതിർന്ന ഡോക്ടറുടെ സേവനം അത്യാവശ്യമാണ്. ഒരു ഡോക്ടറെ രാത്രിയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചാൽ പകൽസമയങ്ങളിൽ നടത്തിവരുന്ന ആൻജിയോപ്ളാസ്റ്റിയെയും മറ്റു ചികിത്സകളെയും ബാധിക്കും. ഇവയുടെ എണ്ണം കുറക്കേണ്ടി വരും.

പകൽ സേവനം വെട്ടിച്ചുരുക്കാതെ രാത്രിയിൽ ഹൃദയചികിത്സ ലഭ്യമാക്കണമെങ്കിൽ വകുപ്പിൽ രണ്ട് ഡോക്ടർമാരെയെങ്കിലും അധികമായി നിയമിക്കേണ്ടി വരും. ഇതിനായി സർക്കാരിന് മെഡിക്കൽ കോളേജ് സമർപ്പിച്ച പദ്ധതികൾ ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല.

Content Highlights: Thrissur Govt. Medical College Lacks Nighttime Cardiac Care, Patients Suffer