ഉള്ള് കുറഞ്ഞ മുടിയാണോ പ്രശ്നം?; ഈ പോഷകങ്ങൾ അത്യാവശ്യമാണ്, പഠനങ്ങൾ പറയുന്നത്

തിരക്കേറിയ ദിനചര്യ, ആരോഗ്യകരമായ ഭക്ഷണക്രമത്തിലുള്ള ശ്രദ്ധക്കുറവ്, വർധിച്ചുവരുന്ന മലിനീകരണം എന്നിവയോടൊപ്പം സമ്മർദം കൂടെയാകുന്നതോടെ ഇന്നത്തെ കാലത്ത് പലരേയും ബാധിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിയുന്നത്. പാരമ്പര്യം, ഹോർമോണുകൾ, ആരോഗ്യപരമായ അവസ്ഥകൾ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ എന്നീ കാരണങ്ങളാലും ഇത് സംഭവിക്കാം. എന്നാൽ, ചില പോഷകങ്ങൾ ശരീരത്തിലെത്തുന്നതുവഴി മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താമെന്നാണ് വിവിധ പഠനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
പ്രോട്ടീൻ
മുടി പ്രധാനമായും രൂപപ്പെട്ടിരിക്കുന്നത് കെരാറ്റിൻ എന്ന പ്രോട്ടീനിനാലാണ്. ഇത് മുടിയുടെ വളർച്ചയ്ക്കും, ബലത്തിനും, മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യാവശ്യമാണ്. ഈ പ്രോട്ടീന്റെ അഭാവത്തിൽ മുടി പൊട്ടിപ്പോകാനും ഉള്ള് കുറയാനും സാധ്യതയുണ്ട്.
- മുട്ട, മത്സ്യം, കോഴിയിറച്ചി, പാൽ ഉത്പ്പന്നങ്ങൾ, പയർ വർഗ്ഗങ്ങൾ എന്നിവ പ്രോട്ടീൻ്റെ മികച്ച ചില സ്രോതസ്സുകളാണ്.
ഇരുമ്പ്
രോമകൂപങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കളെ ഇരുമ്പ് സഹായിക്കുന്നുണ്ട്. ഈ പോഷകത്തിൻ്റെ അളവ് കുറയുന്നത് മുടി കൊഴിച്ചിലിനും മുടിയുടെ കനം കുറയുന്നതിനും കാരണമാകും.
- ആവശ്യത്തിന് അയൺ ലഭിക്കുന്നതിന് റെഡ് മീറ്റ്, കോഴിയിറച്ചി, ചീര, പയർ, ബീൻസ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
വൈറ്റമിൻ ഡി
മുടിയുടെ ആരോഗ്യത്തിന് വൈറ്റമിൻ ഡി നിർണായകമാണെന്നാണ് ഹാർവാർഡ് ഹെൽത്ത് റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ, ശരീരത്തിൽ വൈറ്റമിൻ ഡിയുടെ അളവ് കുറയുന്നത് മുടി കൊഴിച്ചിലുമായും കനം കുറയുന്നതിനും കാരണമാകും.
വൈറ്റമിൻ ബി-കോംപ്ലക്സ്
മുടിയുടെ ആരോഗ്യത്തെ സംബന്ധിച്ച് ബയോട്ടിൻ, വൈറ്റമിൻ ബി 12, ഫോളേറ്റ് എന്നിവ അത്യാവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വൈറ്റമിൻ ബി 6 അഥവാ ബയോട്ടിൻ കെരാറ്റിൻ്റെ രൂപീകരണത്തിന് പ്രധാനമാണ്. അതുപോലെ, ഫോളേറ്റ് കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നു.
വൈറ്റമിൻ എ, സി, ഇ
വൈറ്റമിൻ എ, സി, ഇ എന്നിവ മുടിയുടെ ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്നുവെന്നാണ് ബയോമെഡിക്കൽ ജേണൽ ഓഫ് സയൻ്റിഫിക് & ടെക്നിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ഇവ മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. വൈറ്റമിൻ എ sebum ഉത്പാദനത്തെ സഹായിക്കുന്നു. വൈറ്റമിൻ സി collagen synthesis-നും വൈറ്റമിൻ ഇ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.
ഒമേഗ-3 ഫാറ്റി ആസിഡുകൾ
ഒമേഗ-3 ഫാറ്റി ആസിഡുകൾ മുടി അകാലത്തിൽ കൊഴിയുന്ന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നു. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ചു ആറു മാസം ഒമേഗ -3, ഒമേഗ -6 സപ്ലിമെന്റുകൾ കഴിച്ചതിന് ശേഷം 89.9% സ്ത്രീകളിലും മുടികൊഴിച്ചിൽ കുറഞ്ഞതായി വ്യക്തമാക്കിയിരുന്നു. ഇവരിൽ, മുടിയുടെ ഉള്ള് മെച്ചപ്പെട്ടതായും കണ്ടെത്തി.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Essential Nutrients for Healthy Hair Growth: Insights from Research