ടി.ബിയും മറ്റ് ശ്വാസകോശ രോഗങ്ങളും കണ്ടെത്താൻ ഇന്ത്യയിൽ ആധുനിക രോഗനിർണയ രീതികളേറെ- ജെ.പി. നദ്ദ

ശ്വാസകോശാരോഗ്യം നിസ്സാരമാക്കേണ്ടതല്ലെന്നും ട്യൂബർക്കുലോസിസ് രോഗനിർണയ സംവിധാനങ്ങളിലെ ഇന്ത്യയുടെ പുരോഗതിയും പങ്കുവെച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പിനദ്ദ. ജനീവയിൽ നടന്ന 79-ാമത് ലോകാരോഗ്യ അസംബ്ലിയിൽ സംസാരിക്കവെയാണ് ടി.ബി. രോഗനിർണയം നേരത്തേയാക്കേണ്ടതിനേക്കുറിച്ച് അദ്ദേഹം പങ്കുവെച്ചത്.
ഇന്ത്യയുടെ ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയും ടിബി-മുക്ത് ഭാരത് കാമ്പെയ്‌നും ലോകത്തിലെ ഏറ്റവും വലിയ രോഗനിർണയ പരിശോധനയുടെ ശ്രമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വീടുതോറും രോഗത്തെക്കുറിച്ച് അവബോധം നൽകുക, മൊബൈൽ സ്ക്രീനിങ്, കമ്മ്യൂണിറ്റി കാമ്പെയ്‌നുകൾ, അപകടസാധ്യതയുള്ള പ്രദേശങ്ങളിലും ദുർബലരായ ജനവിഭാഗങ്ങൾക്കിടയിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിപാടികൾ എന്നിവയിലൂട രാജ്യമെമ്പാടും ടി.ബി. രോഗികളെ നേരത്തേ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടി.ബിയും മറ്റ് ശ്വാസകോശ രോഗങ്ങളും കണ്ടെത്താൻ ഇന്ത്യ ആധുനിക രോഗനിർണയ രീതികൾ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സേവനം ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിൽ രോഗനിർണയത്തിന്റെ കാലതാമസം കുറയ്ക്കുന്നതിനായി മോളിക്യുലാർ ടെസ്റ്റിംഗ് പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ ചെസ്റ്റ് എക്സ്-റേ സേവനങ്ങൾ, എഐ സഹായത്തോടെയുള്ള ടൂളുകൾ തുടങ്ങിയവ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടി.ബി. രോഗലക്ഷണങ്ങൾ, രോഗനിർണയം, രോഗം സംബന്ധിച്ച മറ്റ് അറിവുകൾ എന്നിവ നൽകുന്നതിനായി എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകളിൽ പോലും ലഭ്യമാകുന്ന, എഐ-അധിഷ്ഠിത ബഹുഭാഷാ ചാറ്റ്ബോട്ടായ "ഖുഷി" ഉൾക്കൊള്ളുന്ന ടിബി മുക്ത് ഭാരത് ആപ്പും സർക്കാർ പുറത്തിറക്കിയതായി നദ്ദ പ്രസ്താവിച്ചു.
ക്ഷയരോഗം, മാരകമായ പകർച്ചവ്യാധി...
ഏറ്റവും മാരകമായ പകർച്ചവ്യാധികളിലൊന്നാണ് ക്ഷയരോഗം. ഓരോവർഷവും ദശലക്ഷക്കണക്കിന് പേരാണ് ക്ഷയരോഗം കാരണം ദുരിതമനുഭവിക്കുന്നത്. മൈകോബാക്ടീരിയം ട്യൂബർകുലോസിസ് (Mycobacterium Tuberculosis) എന്ന ബാക്ടീരിയയാണ് ക്ഷയരോഗമുണ്ടാക്കുന്നത്.
ശ്വാസകോശത്തെയാണ് ഈ ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. ശരീരത്തിലെ മറ്റ് അവയവങ്ങളെയും ഇത് ബാധിക്കാറുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗം പൾമണറി ട്യൂബർകുലോസിസ് (Pulmonary Tuberculosis) എന്നും മറ്റ് അവയവങ്ങളെ ബാധിക്കുന്ന ക്ഷയരോഗം എക്സട്രാ പൾമണറി ട്യൂബർകുലോസിസ് (Extra Pulmonary Tuberculosis) എന്നും അറിയപ്പെടുന്നു. ക്ഷയരോഗം ഏത് പ്രായക്കാരെയും ബാധിക്കാം.
രോഗം ബാധിക്കുന്നത്
രോഗം ബാധിച്ചവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും ബാക്ടീരിയ വായുവിലൂടെ പടരും. ഇത് രോഗമില്ലാത്തവരിലേക്ക് ശ്വാസോച്ഛ്വാസത്തിലൂടെ എത്തിച്ചേരും. അങ്ങനെ ഇവ ശ്വാസകോശത്തിൽ വളരാൻ തുടങ്ങും. ഈ ബാക്ടീരിയകൾ രക്തത്തിലൂടെ വൃക്ക, തലച്ചോറ്, നട്ടെല്ല് എന്നിവിടങ്ങളിലേക്കും വ്യാപിച്ചേക്കാം.
ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗമാണ് (Pulmonary Tuberculosis) പൊതുവെ പകരാറുള്ളത്. നട്ടെല്ലിനെയും വൃക്കയെയും ബാധിക്കുന്ന ക്ഷയം (Extra Pulmonary Tuberculosis) മറ്റൊരാളിലേക്ക് പകരാറില്ല.
ബാക്ടീരിയ ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ ഉടൻ അയാൾ രോഗിയാവണമെന്നില്ല. ഈ രോഗാണുക്കൾക്ക് ശരീരത്തിൽ ദീർഘകാലം നിശബ്ദമായിരിക്കാനുള്ള കഴിവുണ്ട്. ഇത്തരത്തിൽ രോഗാണു നിഷ്‌ക്രിയമായവരിൽ രോഗലക്ഷണങ്ങൾ ഒന്നും കാണണമെന്നില്ല. ഇങ്ങനെ രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗാണുവാഹകരിൽ ചെറിയ ശതമാനം പേർ (5-10 ശതമാനം) പിൽക്കാലത്ത് രോഗലക്ഷണങ്ങൾ കാണിക്കുന്ന ക്ഷയരോഗികൾ ആയി മാറാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. ശ്വാസകോശ ക്ഷയം ബാധിച്ച ഒരാളിൽ നിന്ന് വർഷത്തിൽ 10-15 ആളുകൾക്ക് രോഗം ബാധിക്കാം.
രോഗസാധ്യത കൂടുതൽ ഇവർക്ക്
എച്ച്.ഐ.വി. അണുബാധ ഉള്ളവർ, പ്രമേഹം, വൃക്ക രോഗം, കീമോതെറാപ്പി കഴിഞ്ഞവർ, അവയവങ്ങൾ മാറ്റിവെച്ചവർ, പോഷകാഹാര കുറവുള്ളവർ, ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് ക്ഷയരോഗ സാധ്യത കൂടുതലാണ്. പ്രമേഹം ഇതിൽ എടുത്തുപറയേണ്ടതാണ്.
ലക്ഷണങ്ങൾ
- രണ്ടാഴ്ചയിൽ കൂടുതൽ തുടരുന്ന ചുമ
- രക്തം കലർന്ന കഫം
- ശ്വസിക്കുമ്പോൾ നെഞ്ചിനകത്ത് വേദന.
- ശരീരവേദന
- ക്ഷീണം
- പനി
- പൊടുന്നനെ ഭാരം കുറയൽ
- അമിതമായ വിയർപ്പ്
- രാത്രി വിറയലോടു കൂടിയ പനിയുണ്ടാവുക
- വിശപ്പില്ലായ്മ
രോഗനിർണയം
കഫ പരിശോധന, നെഞ്ചിന്റെ എക്സ്-റേ, സി.ടി. സ്‌കാൻ, സി.ബി. നാറ്റ്, ട്രൂനാറ്റ് പരിശോധന എന്നിവ ചെയ്യുന്നതു വഴി രോഗനിർണയം നടത്താം. ചില രോഗികളിൽ ബ്രോങ്കോസ്‌കോപ്പി ടെസ്റ്റുകൾ വേണ്ടി വരാറുണ്ട്. ശ്വാസകോശേതര ക്ഷയരോഗമാണെങ്കിൽ (Extra Pulmonary TB) ബയോപ്സിയും ചെയ്യേണ്ടി വരും.
ചികിത്സ
ക്ഷയരോഗം ഫലപ്രദമായി പ്രതിരോധിക്കാനും ചികിത്സിച്ച് ഭേദമാക്കാനും കഴിയും. ക്ഷയരോഗാണുവിനെ നശിപ്പിക്കാൻ ശേഷിയുള്ള ആന്റിബയോട്ടിക് ഉപയോഗിച്ചാണ് ചികിത്സ. രോഗം നേരത്തെ കണ്ടെത്തുക എന്നതാണ് പ്രധാനം. സാധാരണയായി ആറുമാസത്തെ ചികിത്സയാണ് വേണ്ടത്. ഗുരുതരമായാൽ ഒരു വർഷത്തിലധികം ചികിത്സ വേണ്ടി വരും. ചികിത്സ ഒരിക്കലും മുടക്കരുത്. റിഫാംപിൻ (RIFAMPICIN), ഐസോനിയാസിഡ് (ISONIAZID), പൈറസിനാമൈഡ് (Pyrazinamide), എഥാംബ്യൂട്ടോൾ (Ethambutol) എന്നീ ആന്റിബയോട്ടിക്കുകളാണ് ഉപയോഗിക്കുന്നത്. ഇതുവഴി ഭൂരിഭാഗം പേർക്കും രോഗം സുഖപ്പെടും.
എന്താണ് എം.ഡി. ആർ.ടി.ബി. (MDR TB)
ചില ക്ഷയരോഗികളിൽ ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ക്ഷയരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റിഫാംപിസിൻ (RIFAMPICIN), ഐസോനിയാസിഡ് (ISONIAZID) എന്നീ ആന്റിബയോട്ടിക്കുകളെ രോഗാണു പ്രതിരോധിക്കുമ്പോൾ അതിനെ മൾട്ടി ഡ്രഗ് റസിസ്റ്റൻസ് ടി.ബി.(MDR TB) എന്നു പറയുന്നു.
ഇതിന്റെ ചികിത്സ വളരെ സങ്കീർണമാണ്. ഇതിന് സെക്കൻഡ് ലൈൻ ഡ്രഗ്സ് ഉപയോഗിച്ച് വേണം ചികിത്സിക്കാൻ. ഈ ചികിത്സ ആറുമാസത്തിൽ പൂർത്തിയാവില്ല. 20 മാസം വരെ വേണ്ടിവരും. ആരോഗ്യ പ്രവർത്തകരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രം വേണം പൂർത്തിയാക്കാൻ.
Content Highlights: Learn about TB screening, early diagnosis, and India's 2026 health initiatives. Protect your respiratory health today.