അമേരിക്കയിൽ സിഫിലിസ് രോഗികൾ കൂടുന്നു; എന്താണ് ഈ ലൈംഗികരോഗം?

ലൈംഗികരോഗമായ സിഫിലിസ് അമേരിക്കയിൽ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. 1950-കൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കുകളാണ് ഇപ്പോൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതെന്ന് യുസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ(CDC). പറയുന്നു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മാത്രം സിഫിലിസ് കേസുകളിൽ എൺപതുശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യകാര്യത്തിൽ കൂടുതൽ കരുതൽ പാലിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. 2018 മുതൽ സിഫിലിസ് രോഗികളുടെ നിരക്ക് രാജ്യത്ത് 68ശതമാനമായി വർധിച്ചുവെന്നും സിഡിസിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ടെസ്റ്റുകളുടെ തോത് കുറഞ്ഞതും ടെസ്റ്റുകൾക്ക് മതിയായ സൗകര്യങ്ങളില്ലാത്തതുമൊക്കെയാണ് നിരക്കുകൾ വർധിക്കാനുള്ള കാരണമെന്നാണ് വിദഗ്ധർ കരുതുന്നത്. കൂടാതെ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളും സിഫിലിസ് രോഗവർധനവിന് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്.
എന്താണ് സിഫിലിസ് ?
ട്രപൊനിമ പാലിഡം (Treponema pallidum) എന്ന ബാക്ടീരിയൽ അണുബാധയാണ് സിഫിലിസ്. ലൈംഗികബന്ധം, രക്തദാനം, അണുവിമുക്തമാക്കാത്ത സൂചിയുടെ ഉപയോഗം, അമ്മയിൽനിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ രോഗംപകരാം.
രോഗബാധ ആരിലൊക്കെ?
ഗർഭസ്ഥശിശുക്കൾ, നവജാതശിശുക്കൾ തുടങ്ങി പ്രായ, ലിംഗ ഭേദങ്ങളില്ലാതെ ആരിലും രോഗബാധ ഉണ്ടാകാം. വെറുമൊരു ചർമരോഗമായി മാത്രം വിലയിരുത്തേണ്ട അസുഖമല്ല സിഫിലിസ്. ത്വക്ക്, ജനനേന്ദ്രിയ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമല്ല, കണ്ണ്, ചെവി, തലച്ചോർ, ഹൃദയം, നാഡികൾ, സുഷുമ്‌നാ നാഡി, ആന്തരികാവയവങ്ങൾ എന്നുവേണ്ട, മനുഷ്യശരീരത്തിന്റെ ഒട്ടുമിക്ക അവയവവ്യവസ്ഥയെയും പലതരത്തിലും തീവ്രതയിലും ബാധിക്കാവുന്ന ലൈംഗികരോഗമാണ് സിഫിലിസ്. അതുകൊണ്ടുതന്നെ പലതരം രോഗലക്ഷണങ്ങളും പ്രകടമായേക്കാം.
ലക്ഷണങ്ങൾ
ജനനേന്ദ്രിയങ്ങളിലുണ്ടാകാവുന്ന വേദനരഹിതമായ വ്രണങ്ങളായാണ് സിഫിലിസ് സാധാരണ പ്രത്യക്ഷപ്പെടുക. പലരും ഇത് ശ്രദ്ധിക്കണമെന്നില്ല. ഇത്തരം വേദനയില്ലാത്ത വ്രണങ്ങൾ ലൈംഗികാവയവങ്ങളിൽ മാത്രമല്ല, ഗുദം, നാവ്, ചുണ്ട് എന്നിവിടങ്ങളിലും കാണാറുണ്ട്.
രണ്ടാംഘട്ടത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ജനനേന്ദ്രിയങ്ങളിലും തിണർപ്പ് (Condyloma lata), ചുവന്ന പാടുകൾ, കൈവെള്ളയിലും കാൽവെള്ളയിലും ബ്രൗൺ നിറത്തോടുകൂടിയ തിണർപ്പ്, വായ, രഹസ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ മുറിവ് എന്നിങ്ങനെ ഒട്ടേറെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
സങ്കീർണമാകുന്നത് എപ്പോൾ?
നീണ്ടുപോകുന്തോറും രോഗം ഗുരുതരമാവുകയും ഹൃദയം, തലച്ചോർ, സുഷുമ്‌നാനാഡി, ആന്തരികാവയവങ്ങൾ എന്നീ പ്രധാന അവയവവ്യവസ്ഥകളെ സങ്കീർണമായി ബാധിക്കുകയും ചെയ്‌തേക്കാം. ഗർഭിണിയിൽനിന്നും ഗർഭസ്ഥശിശുവിലേക്ക് പകരാവുന്ന രോഗം നവജാതശിശുവിൽ വൈകല്യങ്ങൾക്കും കാരണമാകാം.
രോഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് രോഗവ്യാപനം അതിതീവ്രമാകാവുന്നത്. എങ്കിലും ലക്ഷണങ്ങൾ പ്രകടമാകാത്ത ലേറ്റന്റ് ഘട്ടത്തിലും അണുബാധയ്ക്ക് സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരോ രോഗബാധിതരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടവരോ എത്രയും പെട്ടെന്ന് ത്വഗ്‌രോഗ വിദഗ്ധനെ സമീപിച്ച് പരിശോധനകൾക്കും ആവശ്യമെങ്കിൽ ചികിത്സയ്ക്കും വിധേയരാകണം.
ചികിത്സ
രോഗത്തിന്റെ വിവിധ ഘട്ടങ്ങൾക്കനുസരിച്ച് ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. പെനിസിലിൻ വിഭാഗത്തിൽപ്പെട്ട മരുന്നുകളാണ് പ്രയോജനപ്പെടുത്തുക. ഗർഭിണികളിലും ഈ ചികിത്സ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗർഭാവസ്ഥയിൽ കൃത്യമായ പരിശോധനയും ആവശ്യമായ ചികിത്സയും നടത്തുകയാണെങ്കിൽ ഗർഭമലസൽ, നവജാത ശിശുവിൽ രോഗബാധ തുടങ്ങിയ സാഹചര്യങ്ങൾ ഒഴിവാക്കാം.
Content Highlights: syphilis spreading across us all about the sexually transmitted infection