പകൽകൊള്ള; 2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; പിടിച്ചുപറിയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നിർമാതാക്കൾ വ്യാപാരിക്ക് 2,700 രൂപയ്ക്ക് നൽകുന്ന അർബുദമരുന്ന് 27,000 രൂപയ്ക്ക് വിൽക്കുന്നത് രോഗികളെ പിടിച്ചുപറിക്കലല്ലെങ്കിൽ പിന്നെയെന്താണെന്ന് സുപ്രീംകോടതി. ആളുകൾക്ക് മരുന്നുവാങ്ങാൻ വീടും ആഭരണങ്ങളും വിൽക്കേണ്ട അവസ്ഥയാണെന്നും ജസ്റ്റിസ് സന്ദീപ് മേത്ത അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അധികാരികൾ ഇക്കാര്യത്തിൽ മൗനംപാലിക്കുന്നതാണ് ആശ്ചര്യമുണ്ടാക്കുന്നതെന്നും കോടതി പറഞ്ഞു.
മരുന്നുവില നിയന്ത്രിക്കൽ, ജനറിക് മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ലഭ്യത, മരുന്ന് കുറിക്കൽ വിഷയങ്ങളിലെ പ്രശ്‌നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ഡോ. സഞ്ജയ് കുലക്ഷേത്ര, കിഷൻ ചന്ദ് ജെയിൻ എന്നിവർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
മരുന്നിന്റെ ആദ്യവില നിശ്ചയിക്കുന്നതിന് യാതൊരു നിയന്ത്രണ സംവിധാനവുമില്ലെന്നതാണ് മുഖ്യപ്രശ്‌നമെന്ന് ഹർജിക്കാർ പറഞ്ഞു. ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ആയിരത്തോളം മരുന്നുകളുടെ പരമാവധി വില മാത്രമാണ് 2013-ലെ മരുന്നുവില നിയന്ത്രണ ഉത്തരവിൽ പറയുന്നത്. എന്നാൽ പട്ടികയിലില്ലാത്ത മരുന്നുകളുടെ ആദ്യവില എന്തായിരിക്കണമെന്നത് നിർമാതാക്കളാണ് തീരുമാനിക്കുക. അവർക്കു വേണമെങ്കിൽ ഒരു രൂപയോ ആയിരംരൂപയോ നിശ്ചയിക്കാം. രാജ്യത്തെ മരുന്നുകളുടെ 82 ശതമാനവും ഷെഡ്യൂളിൽ ഉൾപ്പെട്ടതല്ലെന്നും ഹർജിക്കാർ പറഞ്ഞു.
രാജ്യത്ത് 60,000 മരുന്ന് ബ്രാൻഡുകളുണ്ട്. ഇതിൽ 5,000-ൽ ത്താഴെ ബ്രാൻഡുകൾ മാത്രമാണ് വില നിയന്ത്രണത്തിൽ വരുന്നത്. ഇത് ചില്ലറ വിൽപ്പനക്കാർക്ക് വലിയ ലാഭമെടുക്കാൻ അവസരം നൽകുന്നു. വിവിധ മരുന്നുകൾ വ്യാപാരികൾക്കു ലഭിക്കുന്ന വിലയും അവയുടെ എം.ആർ.പി.യും ഉദാഹരിച്ചുകൊണ്ട് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേസിൽ 29-ന് തുടർവാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു
Content Highlights: Supreme court criticizes high cancer drug prices, questioning the lack of regulation and its impact on patients' financial burdens in India.