രാജ്യത്ത് മസ്തിഷ്കാഘാതം വരുന്ന ഏഴിലൊരാൾ 45 വയസ്സിന് താഴെയുള്ളവർ, മുഖ്യ കാരണം അമിത ബി.പി.

#രൺജിത്ത്‌ ചാത്തോത്ത്‌
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കണ്ണൂർ : മസ്തിഷ്കാഘാതം (സ്ട്രോക്ക്) പ്രായമുള്ളവരിൽ മാത്രം വരുന്ന രോഗമല്ലാതായി. രാജ്യത്ത് മസ്തിഷ്കാഘാതം വരുന്ന ഏഴിലൊരാൾ 45 വയസ്സിന് താഴെയുള്ളവരാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ആസ്പത്രി അധിഷ്ഠിത സ്‌ട്രോക്ക് രജിസ്ട്രി വിശകലനംചെയ്തുള്ള പഠനത്തിലാണ് ഈ വിവരം. ഇന്റർനാഷണൽ ജേണൽ ഓഫ് സ്‌ട്രോക്കിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മസ്തിഷ്കാഘാത ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് 24 മണിക്കൂർ കഴിഞ്ഞാണ് അഞ്ചിൽ രണ്ടുപേരും ആസ്പത്രിയിലെത്തുന്നതെന്നാണ് മറ്റൊരു വസ്തുത. ഇതാകട്ടെ മരണത്തിനും പക്ഷാഘാതം വന്ന് വൈകല്യവുമായി ദീർഘകാലം കിടപ്പിലാകാനും കാരണമാകുന്നു. 2020-നും 2022-നുമിടയിലെ 34,792 മസ്തിഷ്കാഘാത കേസുകൾ പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

സ്‌ട്രോക്ക് വരുന്ന ശരാശരി പ്രായം 59.4 ആണ്. 13.8 ശതമാനം പേരിൽ 45 വയസ്സിന് മുമ്പ് വന്നെത്തുന്നു. ഇതിൽ 63.4 ശതമാനം പുരുഷന്മാരാണ്.

മുഖ്യ കാരണം അമിത ബി.പി.

തലച്ചോറിലേക്കുള്ള രക്തധമനികൾ അടയുകയോ പൊട്ടുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്കാഘാതം. സ്ട്രോക്കിനുള്ള പ്രധാന കാരണം അനിയന്ത്രിത ബി.പി.യാണ്. 74.5 ശതമാനം ആളുകളിലും സ്ട്രോക്ക് വന്നത് അമിത രക്തസമ്മർദം കാരണമാണെന്നാണ് കണ്ടെത്തൽ. പ്രമേഹം (27.3 ശതമാനം), പുകവലി (22.6 ശതമാനം), മദ്യപാനം (20.6) എന്നിവയാണ് മറ്റ് കാരണങ്ങൾ.

അറിയണം സുവർണ മണിക്കൂറിനെ 

മസ്തിഷ്കാഘാതം വന്നാൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. അടിയന്തരചികിത്സ ലഭ്യമാക്കുകയെന്നത് വളരെ പ്രധാനമാണ്. സ്ട്രോക്ക് വന്നാലുള്ള ആദ്യ രണ്ടുമൂന്ന് മണിക്കൂറുകളെ സുവർണ മണിക്കൂർ എന്നാണ് വിളിക്കാറ്. ആ സമയത്ത് കൃത്യമായ ചികിത്സ ലഭിച്ചാൽ മസ്തിഷ്കാഘാതത്തിന്റെ പരിണിതഫലങ്ങൾ ലഘൂകരിക്കാൻ സാധിക്കും. നിർഭാഗ്യവശാൽ 20 ശതമാനം ആളുകൾ മാത്രമാണ് ആദ്യ മണിക്കൂറിൽ ചികിത്സ തേടുന്നത് എന്നാണ് പഠനത്തിലെ മറ്റൊരു കണ്ടെത്തൽ. അതിനാൽത്തന്നെ ഭൂരിഭാഗമാളുകളും ആജീവനാന്ത വൈകല്യങ്ങളുമായി ജീവിക്കേണ്ടിവരുന്നു.‌

Content Highlights: Stroke is no longer just for the elderly. Learn about the rising cases in young adults, key risk factors like high BP, and the crucial `golden hour` for treatment.