പുകവലിയും അമിതമായി കൊഴുപ്പടിയുന്നതും മാത്രമല്ല, വിട്ടുമാറാത്ത വീക്കവും ഹൃദയാഘാതസാധ്യത കൂട്ടും- പഠനം

#Health Desk
എ.ഐ. നിർമിത ചിത്രം
എ.ഐ. നിർമിത ചിത്രം

ഇന്നത്തെ ജീവിതരീതിയിൽ പഠനം, ജോലി, കുടുംബജീവിതം എന്നുതുടങ്ങി പല മേഖലകളിലും സമ്മർദം നിറഞ്ഞ ജീവിതം നയിക്കുന്നവരുണ്ട്. ഇത് പിൽക്കാലത്ത് ഹൃദ്രോഗസാധ്യത കൂട്ടുന്നതിന്റെ പ്രധാന ഘടകമാണെന്നു വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. എം.ആർ.സി ലബോറട്ടറി ഓഫ് മെഡിക്കൽ സയൻസസിലെയും ഇംപീരിയൽ കോളേജ് ലണ്ടനിലെയും ഗവേഷകരാണ് പഠനത്തിനു പിന്നിൽ.

യു.കെയിൽ ഏകദേശം 4,80,000 മുതിർന്നവരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഹൃദ്രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനുമുമ്പേതന്നെ സമ്മർദം, സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ, ജീവിതശൈലി തുടങ്ങിയവ മൂലമുണ്ടാകുന്ന വിട്ടുമാറാത്ത വീക്കം ഹൃദയാരോഗ്യം തകരാറിലാക്കുമെന്നാണ് പഠനം പറയുന്നത്. ഇതുവഴി ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത 43ശതമാനത്തിലേറെ കൂടുതലാണെന്നും പഠനം പറയുന്നു.

യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. വിട്ടുമാറാത്ത വീക്കം ഹൃദയത്തിന്റെ ഘടനയിൽ മാറ്റംവരുത്തുന്നുണ്ടെന്നും ഇത്തരം മാറ്റങ്ങൾ വർഷങ്ങളോളം നിശബ്ദം വളർന്ന് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ദശലക്ഷക്കണക്കിനാളുകൾ വിട്ടുമാറാത്ത വീക്കവുമായി ജീവിക്കുന്നുണ്ടെന്നും ഇത് ഹൃദയത്തെ പതിയെ തകരാറിലാക്കുകയും ദീർഘകാല കേടുപാടുകൾ വരുത്തുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്ന് ഇംപീരിയൽ കോളേജ് ലണ്ടനിൽ നിന്നുള്ള പ്രൊഫസർ ഡെക്ലാൻ ഒറെഗൻ പറഞ്ഞു.

വിട്ടുമാറാത്ത വീക്കം സങ്കീർണ്ണമാണെന്നും ജീവിതശൈലിയും സാമ്പത്തിക ഘടകങ്ങളും ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ ചുറ്റുപാടുകൾ, സാമ്പത്തിക സ്ഥിതി, കുടുംബത്തിൻ്റെ ആരോഗ്യം, ജീവിതശൈലി എന്നിവ വീക്കം കൂട്ടുകയും അതുവഴി അപകടസാധ്യത കൂടുകയും ചെയ്യുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

പുകവലിയും അമിതമായ കൊഴുപ്പടിയുന്നതും പോലുള്ള അപകട ഘടകങ്ങൾക്കൊപ്പം വീക്കവും കണക്കിലെടുക്കണമെന്നു വ്യക്തമാക്കുകയാണ് ഗവേഷകർ. വിട്ടുമാറാത്ത വീക്കം ശരീരത്തിൻ്റെ രോഗപ്രതിരോധ സംവിധാനത്തെയും തകരാറിലാക്കും. അർബുദം, പ്രമേഹം തുടങ്ങിയ അവസ്ഥകൾക്കൊപ്പം ഹൃദ്രോഗസാധ്യതയും കൂട്ടുമെന്നാണ് ഗവേഷകർ കൂട്ടിച്ചേർക്കുന്നത്.

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾതന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ തുടക്കം ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ, ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.

പ്രാഥമിക പരിശോധനയിൽനിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.

എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ടുമൂടൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.

Content Highlights: New study reveals stress and inflammation significantly raise heart attack risk, highlighting the importance of managing lifestyle factors for heart health.