ഡയബറ്റിസിനെ പടിക്കുപുറത്തു നിർത്താൻ പഞ്ചസാരമാത്രമല്ല ഉപ്പും കുറയ്ക്കണം !

ഡയബറ്റിസ് അഥവാ പ്രമേഹം എന്നു കേൾക്കുമ്പോഴേക്കും ഇനി പഞ്ചസാര കുറയ്ക്കണം എന്നു കരുതുന്നവരാകും മിക്കയാളുകളും. എന്നാൽ പഞ്ചസാര മാത്രം കുറച്ചാൽ ഡയബറ്റിസിനെ നിയന്ത്രിക്കാനാവില്ല. മറിച്ച് കഴിക്കുന്ന ഉപ്പിന്റെ അളവും ഡയബറ്റിസും തമ്മിൽ വലിയ ബന്ധമുണ്ട് എന്ന് വ്യക്തമാക്കുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ടൈപ്പ് 2 ഡയബറ്റിസും ഉപ്പും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള പഠനമാണ് പുറത്തുവന്നിരിക്കുന്നത്.
അമിതമായി ഉപ്പു കഴിക്കുന്നതും ടൈപ്പ്2 ഡയബറ്റിസ് സാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ലൂസിയാനയിലെ ട്യുലെയ്ൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മയോക്ലിനിക്കിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.കെ.ബയോബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 4,00,000 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവരുടെ ഭക്ഷണശീലവും കഴിക്കുന്ന ഉപ്പിന്റെ അളവും കേന്ദ്രീകരിച്ചാണ് അവലോകനം നടത്തിയത്.
11.8 വർഷത്തോളം നീണ്ട പഠനത്തിനൊടുവിൽ 13,000-ത്തോളം പേരിൽ ടൈപ്പ്2 ഡയബറ്റിസ് സ്ഥിരീകരിക്കുകയുണ്ടായി. ഉപ്പ് ഇടയ്ക്കിടെയും പതിവായും എല്ലായ്പ്പോഴും ഉപയോഗിക്കുകയും ചെയ്ത വിഭാഗത്തിൽ യഥാക്രമം 13%, 20%, 39% ടൈപ്പ്2 ഡയബറ്റിസ് സാധ്യത കണ്ടെത്തി. ഉപ്പ് വല്ലപ്പോഴും ഉപയോഗിക്കുന്നവരിൽ ഈ നില കുറവുമായിരുന്നു.
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് ഹൃദ്രോഗ,രക്താതിമർദ സാധ്യതകൾ കുറയ്ക്കുമെന്നത് നേരത്തേ അറിയുന്നതാണെങ്കിലും ഉപ്പും ടൈപ്പ്2 ഡയബറ്റിസും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നത് ആദ്യമായാണെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത ഡോ.ലു ക്വി പറഞ്ഞു. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് എത്ര കുറയ്ക്കാമോ അത്രയും ടൈപ്പ്2 ഡയബറ്റിസ് സാധ്യതയും കുറയ്ക്കാമെന്ന് അദ്ദേഹം പറയുന്നു.
ഉപ്പിന്റെ അളവ് കൂടുന്നതിനനുസരിച്ച് കഴിക്കുന്ന ഭക്ഷണത്തിന്റെ തോതും കൂടും. ഇത് അമിതവണ്ണത്തിനും ഇടയാക്കാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഉപ്പ് കൂടുന്നതും ആരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ പഠനം നടത്താനുതകുന്ന ക്ലിനിക്കൽ ട്രയലുകൾ നടത്തേണ്ടതുണ്ടെന്നും ഡോ.ലു ക്വി പറഞ്ഞു. ഉപ്പ് കുറയ്ക്കുക വഴി ഭക്ഷണത്തിന്റെ രുചിയിൽ വ്യത്യാസമുണ്ടാകാമെങ്കിലും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അതുവലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടൈപ്പ്2 ഡയബറ്റിസ്
ഏറ്റവും സാധാരണയായി കാണുന്ന ഡയബറ്റിസ് മുഖ്യമായും ടൈപ്പ് 2 ഡയബറ്റിസ് ആണ്. ഇവിടെ ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ടൈപ്പ് 1പ്രമേഹത്തേക്കാൾ സങ്കീർണമാണ്. രോഗത്തിന്റെ ആരംഭനാളുകളിൽ പാൻക്രിയാസ് ഇൻസുലിൻ ആവശ്യത്തിന് ഉത്പാദിപ്പിച്ചാലും ഇൻസുലിന്റെ പ്രവർത്തനം ശരീരത്തിൽ നടക്കാതെ പോകുന്നു. കാലം കഴിയുംതോറും പാൻക്രിയാസിന്റെ ഉത്പാദനക്ഷമത കുറഞ്ഞുവരികയും ഒടുവിൽ ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറയുകയും ചെയ്യുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്നതിൽ മാത്രമല്ല ചീത്ത കൊഴുപ്പ് വർധിക്കുന്നതിലും കരൾ, രക്തക്കുഴലുകൾ പോലെ ശരീരത്തിലെ പലഭാഗങ്ങളിലും കൊഴുപ്പ് അടിയുന്നതിനും കാരണമാകുന്നു. ജനിതക ഘടകങ്ങളും പരിസ്ഥിതി സംബന്ധമായ ഘടകങ്ങളുമാണ് ടൈപ്പ് 2 പ്രമേഹത്തിന് പിന്നിലെ പ്രധാനകാരണങ്ങൾ. ജനിതകഘടകങ്ങൾ കാരണം ഒരു പ്രമേഹ രോഗിയുടെ രക്തബന്ധത്തിൽപ്പെട്ടവരിൽ രോഗം പകരാനുള്ള സാധ്യത കൂടുന്നതായി കാണാം. പാരിസ്ഥിതിക ഘടകങ്ങളിൽ ഏറ്റവും പ്രധാനം ഭക്ഷണരീതിയും വ്യായാമവും തന്നെ. ഇരുന്നു ജോലി ചെയ്യുന്നവരിൽ പ്രമേഹസാധ്യത ശരീരം ഇളകി ജോലി ചെയ്യുന്നവരെ അപേക്ഷിച്ച് കൂടുതലാണെന്ന് കാണാം. മിക്കവാറും ടൈപ്പ് 2 പ്രമേഹരോഗികൾ അമിതവണ്ണമുള്ളവരായിരിക്കും.
Content Highlights: Stop adding salt in dishes to lower diabetes risk