നെഞ്ചെരിച്ചിലോ കാൻസറോ?; വ്യത്യാസം എങ്ങനെ തിരിച്ചറിയാം, ലക്ഷണങ്ങൾ അവഗണിക്കരുത്

'നിശ്ശബ്ദ ഭീഷണി'യായി കണക്കാക്കുന്ന രോഗങ്ങളിൽ ഒന്നാണ് ഉദരത്തിലെ അർബുദം. രോഗത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും നിരുപദ്രവകരവും ദഹനക്കേടാണെന്ന് കരുതി എളുപ്പത്തിൽ അവഗണിക്കാവുന്ന അത്ര ലഘുവായിരിക്കുമെന്നതാണ് ഇതിന് കാരണം. അതിനാൽ, ഉദരത്തിലെ അർബുദവും നെഞ്ചെരിച്ചിലും തമ്മിൽ രോഗാവസ്ഥയിലും ലക്ഷണങ്ങളിലുമുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം.
എന്താണ് നെഞ്ചെരിച്ചിൽ?
നമ്മളിൽ പലർക്കുമുണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നമാണ് നെഞ്ചെരിച്ചിൽ. ആമാശയത്തിലെ ആസിഡ് തൊണ്ടയിലേക്ക് തികട്ടി വരുന്നതുമൂലം നെഞ്ചിലുണ്ടാകുന്ന പുകച്ചിലാണ് ഇതിന് കാരണം. തുടർച്ചയായി ഈ പ്രശ്നമുണ്ടാകുമ്പോഴാണ് അതിനെ ഗ്യാസ്ട്രോ-ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ് എന്ന് പറയുന്നത്. ഭക്ഷണ സാധനങ്ങളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മുതൽ മാനസിക സമ്മർദം വരെ നെഞ്ചെരിച്ചലിന് കാരണമായേക്കാം.
ലക്ഷണങ്ങൾ
പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷമാണ് നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചിൽ, നെഞ്ചിൽ അനുഭവപ്പെടുന്ന പുകച്ചിൽ, വായിൽ പുളിയോ കയ്പ്പോ അനുഭവപ്പെടുന്നത്, വയറുവീർക്കുന്നത്, ഏമ്പക്കം എന്നിങ്ങനെയാണ് ലക്ഷണങ്ങൾ. രാവിലെ ഉണ്ടാകുന്ന ശബ്ദമടപ്പ്, തൊണ്ടവേദന, തൊണ്ടയിൽ എന്തോ കുടുങ്ങിയതുപോലെയുള്ള തോന്നൽ എന്നിവയും നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങളാണ്.
വളരെ സാധാരണമാണ് നെഞ്ചെരിച്ചിൽ. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങാവുന്ന മരുന്നുകളിലൂടെയും ഇത് സാധാരണ നിയന്ത്രിക്കാനാകുകയും ചെയ്യും. എന്നാൽ, ഇത് സ്ഥിരമോ ഗുരുതരമോ ആണെങ്കിൽ ഉടൻ ചികിത്സ തേടണം.
എന്താണ് ഉദരാർബുദം?
ആമാശയത്തിന്റെ ഉൾപാളിയിൽ കോശങ്ങൾ വളരുന്ന അവസ്ഥയാണ് ഉദരത്തിലെ അർബുദം അഥവാ ഗ്യാസ്ട്രിക് കാൻസർ. നെഞ്ചെരിച്ചിലിൽ നിന്ന് വ്യത്യസ്തമായി ഈ രോഗാവസ്ഥ ഗുരുതരമാണ്. അതേസമയം, പ്രാരംഭഘട്ടത്തിൽ ഇത് വ്യക്തമായ ലക്ഷണങ്ങൾ കാണിക്കുകയുമില്ല.
ലക്ഷണങ്ങൾ
- വിശപ്പില്ലായ്മ
- കാരണമില്ലാതെ ശരീരഭാരം കുറയുന്നത്
- വയറുവേദന അല്ലെങ്കിൽ അസ്വസ്ഥത(മിക്കവാറും പൊക്കിളിന് മുകളിലായി അനുഭവപ്പെടുന്നത്)
- വിട്ടുമാറാത്ത നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ദഹനക്കേട്
- ഓക്കാനം അല്ലെങ്കിൽ ഛർദ്ദി (രക്തം കലർന്ന് കാണപ്പെടുകയാണെങ്കിൽ ശ്രദ്ധവേണം)
- വയറ്റിൽ നീർവീക്കം
- വയറ്റിൽ ദ്രാവകം കെട്ടിനിൽക്കുന്നതുപോലെ തോന്നുന്നത്
- കറുത്ത നിറത്തിലോ രക്തം കലർന്നതോ ആയ മലം
- കടുത്ത ക്ഷീണം
ഈ ലക്ഷണങ്ങളിൽ പലതും അത്ര ഗുരുതരമല്ലാത്ത മറ്റ് പ്രശ്നങ്ങൾ മൂലവും ഉണ്ടാകാം. എന്നാൽ, ഇവ വിട്ടുമാറാതിരിക്കുകയോ കൂടുതൽ വഷളാവുകയോ ചെയ്താൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
വ്യത്യാസം എന്ത്?
സാധാരണയായി വന്നും പോയും ഇരിക്കുന്നതാണ് നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങൾ. ചില ഭക്ഷണങ്ങളോ ജീവിതശൈലിയോ ആകാം ഇതിന് കാരണം. എന്നാൽ, കാൻസറിന്റെ ലക്ഷണങ്ങൾ കുറയുന്നതിന് പകരം ക്രമേണ വഷളായിക്കൊണ്ടിരിക്കും. അന്റാസിഡുകളോ മറ്റ് മരുന്നുകളോ കഴിച്ചാൽ തന്നെ മാറുന്നതാണ് നെഞ്ചെരിച്ചിൽ. എന്നാൽ, ചികിത്സിച്ചിട്ടും മാറാതെ നിൽക്കുന്ന ലക്ഷണങ്ങൾ അർബുദത്തിന്റേതാകാം.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Gastric Cancer vs. Heartburn: Understanding the Crucial Differences