സ്റ്റെതസ്കോപ്പുകൾ ഓർമയാകും, പകരം എ.ഐ. ലേസർ ക്യാമറ വരും

തൃശ്ശൂർ: സ്റ്റെതസ്കോപ്പുകൾ വൈകാതെ ഓർമയാകും. നിർമിതബുദ്ധിയും ക്വാണ്ടം സാങ്കേതിക വിദ്യയും പിന്തുണ നൽകുന്ന ലേസർ ക്യാമറകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഗ്ലാസ്ഗോ സർവകലാശാലയിലെ ഗവേഷകരാണിത് വികസിപ്പിച്ചത്. വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പും തുടങ്ങിയിട്ടുണ്ട്.
ക്യാമറയിൽ നിന്നുള്ള രശ്മികൾ കഴുത്തിലാണ് കേന്ദ്രീകരിക്കുക. ഇവിടെ പ്രധാന രക്തധമനിയുടെ മുകളിലെ തൊലിയുടെ ചലനങ്ങൾ രേഖപ്പെടുത്തും. നിർമിതബുദ്ധിയുടെ സഹായത്തോടെ ശ്വാസോച്ഛാസത്തിന്റെ ഗതിയും ക്യാമറ അളക്കും. ഇവ ചേർത്ത് വിശകലനം ചെയ്താണ് നെഞ്ചിടിപ്പ് കണക്കാക്കുന്നത്.
ഈ ക്യാമറ സെക്കൻഡിൽ രണ്ടായിരം ഫ്രെയിമുകളെടുക്കും. ഇതിന്റെ കൃത്യത തെളിയിക്കാനായെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡാനിയൽ പാച്ചോ അവകാശപ്പെട്ടു. വാണിജ്യസമുച്ചയങ്ങളിലും വീടുകളിലും സ്ഥാപിക്കാൻ കഴിയുമെന്നതാണ് സംവിധാനത്തിന്റെ മേന്മ. ക്യാമറയുടെ അടുത്തിരുന്നാൽ മതി ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ പ്രവർത്തനം കൂടുതൽ കൃത്യതയോടെ നീരിക്ഷിക്കാൻ കഴിയുമെന്നതും പ്രത്യേകതയാണ്.
സ്റ്റെതസ്കോപ്പ് വന്ന വഴി
ഫ്രഞ്ച് ഡോക്ടറായ റെനൈ ലൈനാക്കാണ് 19-ാം നൂറ്റാണ്ടിൽ ഇത് കണ്ടുപിടിച്ചത്. അതുവരെ രോഗിയുടെ നെഞ്ചിൽ ചെവി ചേർത്തായിരുന്നു മിടിപ്പ് വിലയിരുത്തിയിരുന്നത്. സ്ത്രീ രോഗികളുടെ പരിശോധന ബുദ്ധിമുട്ടാകുന്നുവെന്ന ചിന്തയാണ് കണ്ടുപിടിത്തത്തിലെത്തിച്ചത്.
Content Highlights: Stethoscope may be replaced by AI laser camera