ഇതും കടന്നുപോകും; സ്തനാർബുദം ബാധിച്ച ഹിനയ്ക്ക് പിന്തുണയറിയിച്ച് അർബുദ അതിജീവിതയായ ഛവി മിത്തൽ

ഛവി മിത്തൽ, ഹിനാ ഖാൻ
ഛവി മിത്തൽ, ഹിനാ ഖാൻ

കഴിഞ്ഞ ​ദിവസമാണ് ബോളിവുഡ് താരം ഹിനാ ഖാൻ സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് പങ്കുവെച്ചത്. മൂന്നാംഘട്ടത്തിലാണെന്നും ചികിത്സ ആരംഭിച്ചുവെന്നും താരം പറയുകയുണ്ടായി. ഇതോടെ താരലോകത്തുനിന്നുൾപ്പെടെ നിരവധിപേർ ഹിനയ്ക്ക് ആശംസകളുമായി എത്തുകയുണ്ടായി. ഇപ്പോഴിതാ അർബു​ദത്തെ അതിജീവിച്ച നടി ഛവി മിത്തലും ഹിനയ്ക്ക് പിന്തുണയറിയിച്ച് എത്തിയിരിക്കുകയാണ്. 

ഹിനയ്ക്ക് ഇത് കഠിനമായ സമയമായിരിക്കുമെന്ന് ഛവി പറഞ്ഞു. ഈ രോ​ഗത്തെ അതിജീവിച്ച് കരുത്തയായി ഹിന തിരിച്ചുവരുമെന്ന് തനിക്കുറപ്പാണ്. ഇപ്പോൾ അൽപം കഠിനമായി തോന്നാമെങ്കിലും ഇതുംകടന്നുപോകുമെന്നാണ് തനിക്ക് ഹിനയോട് പറയാനുള്ളത്. ഭാവിയിൽ ഈ കാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എത്ര ശക്തയായാണ് നേരിട്ടതെന്ന് മനസ്സിലാകും. കരുത്തയായും പോസിറ്റീവായും ഇരിക്കൂ- ഛവി പറഞ്ഞു. 

അവനവനിൽ വിശ്വസിച്ച് പോസിറ്റീവ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും ഛവി പറയുന്നു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഹിന സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞത്. രോഗത്തിന്റെ മൂന്നാംഘട്ടത്തിലാണെന്നും രോവസ്ഥയെ അതിജീവിച്ച് മടങ്ങിയെത്തുമെന്നും താങ്ങും തണലുമായി കുടുംബം തന്നോടൊപ്പമുണ്ടെന്നും അവര്‍ അറിയിച്ചു. ചികിത്സ ആരംഭിച്ചുകഴിഞ്ഞുവെന്നും ഈ രോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനായി സാധ്യമായതെല്ലാം ചെയ്യാനും നേരിടാനും താന്‍ സജ്ജയാണെന്നും താരം പറഞ്ഞിരുന്നു.

കാൻസർ അതിജീവിതയായ നടി മഹിമ ചൗധരിയും ഹിനയ്ക്ക് പിന്തുണയുമായി ഇൻസ്റ്റ​ഗ്രാം പോസ്റ്റിനുകീഴെ കമന്റ് ചെയ്തിരുന്നു. ഹിന ഒരു പോരാളിയാണെന്നും രോ​ഗത്തെ അതിജീവിക്കുമെന്നുമാണ് മഹിമ കുറിച്ചത്. 

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലേറ്റ പരിക്കിനെ തുടര്‍ന്ന് ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴകളുള്ള കാര്യം ഛവി തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള യാത്രകളാണ്‌ തന്റെ ജീവിതം രക്ഷിച്ചതെന്നും ഛവി മുമ്പ് പറഞ്ഞിരുന്നു. മാമോ​ഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബു​ദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവ​ഗണിക്കരുതെന്നും ഛവി പറഞ്ഞിരുന്നു.

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

സ്തനാർബുദം- സ്വയം പരിശോധന എപ്പോൾ?  

കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

എങ്ങനെ പരിശോധിക്കണം? 

കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർകൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.

കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ  സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.

ആരംഭദശയിൽതന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണകാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ  ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടിവന്നേക്കാം.

തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ 

  • സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
  • റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
  • കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
  • മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
  • വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും. 

രോഗനിർണയം സങ്കീർണമല്ല

ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന. റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ്. ഇതിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.

മുഴയില്‍ നിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന (Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി എന്നീ പരിശോധനകളുണ്ട്. 

ചികിത്സ  

കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക ഓപ്പറേഷന് ശേഷം റേഡിയേഷൻ പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീം വർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്.

Content Highlights: stay strong chhavi mittal tells to hina khan