രണ്ട് ഡോക്ടർമാരിൽനിന്ന് അത്യാധുനിക ചികിത്സകളിലേക്ക്; ശ്രീചിത്രയ്ക്ക് 50 വയസ്സ്

തിരുവനന്തപുരം: കുന്നംകുളം വെള്ളറക്കാട് സ്വദേശി മുരളീധരന്റെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായുള്ള ബന്ധം തുടങ്ങുന്നത് 35 വർഷം മുൻപാണ്. ശ്രീചിത്ര സ്വന്തമായി വികസിപ്പിച്ച കൃത്രിമ ഹൃദയവാൽവ് ആദ്യമായി ഘടിപ്പിച്ച വ്യക്തിയാണ് മുരളീധരൻ. അന്നത്തെ ആശുപത്രി ഡയറക്ടറായിരുന്ന ഡോ. എം.എസ്. വല്യത്താന്റെ വാക്കുകളിൽ വിശ്വസിച്ചാണ് മുരളീധരൻ ഇതിനു തയ്യാറായത്.
ശ്രീചിത്രയിലെ ഒരു വലിയ ഹാളിൽ മേശയ്ക്കപ്പുറവുമിപ്പുറവുമിരുന്ന് ഡോ. വല്യത്താൻ ഒരു മണിക്കൂർ നേരം മുരളീധരനുമായി സംസാരിച്ചു. ശ്രീചിത്ര വികസിപ്പിച്ച വാൽവിന്റെ ഗുണദോഷങ്ങൾ ഡോ. വല്യത്താൻ മുരളീധരനെ ധരിപ്പിച്ചു. ഒടുവിൽ ശസ്ത്രക്രിയയ്ക്ക് തയ്യാറാണോയെന്ന് ഡോ. വല്യത്താന്റെ സൗമ്യമായ ചോദ്യത്തിനു മുന്നിൽ മുരളീധരന് രണ്ടാമത് ചിന്തിക്കാനുണ്ടായിരുന്നില്ല. അതെ എന്ന് ഉത്തരം വന്നപ്പോൾ ഡോ. വല്യത്താൻ എണീറ്റുനിന്ന് മുരളീധരനെ ആശ്ലേഷിച്ചു.
അങ്ങനെ 1990 ഡിസംബർ ആറിന് രാജ്യത്ത് ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ഹൃദയവാൽവ് മനുഷ്യ ശരീരത്തിൽ ഘടിപ്പിച്ച് ശ്രീചിത്ര ചരിത്രത്തിന്റെ ഭാഗമായി. ഇലക്ട്രോണിക്‌സ് റിപ്പയർ ജോലിചെയ്യുന്ന മുരളീധരൻ 38-ാം വയസ്സിലാണ് ഹൃദയവാൽവ് മാറ്റിവെയ്ക്കുന്നത്. ഇപ്പോൾ 73 വയസ്സുള്ള മുരളീധരന് അതിനുശേഷം കാര്യമായി പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ല. ചെക്കപ്പിന് മുടങ്ങാതെ ഇപ്പോഴും ശ്രീചിത്രയിൽ എത്തുന്ന മുരളീധരൻ ഈ ആശുപത്രിയുമായുള്ള ബന്ധം കെടാതെ സൂക്ഷിക്കുന്നുണ്ട്. ഈയിടെ നടന്ന ശ്രീചിത്രയുടെ സുവർണ ജൂബിലി ആഘോഷവേളയിലും മുരളീധരൻ ഇവിടം സന്ദർശിച്ചു.
ചുരുങ്ങിയ നിരക്കിലുള്ള 'ശ്രീചിത്ര' വാൽവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് പകർന്നത്. ടി.ടി.കെ. ഹെൽത്ത് കെയർ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് ഈ വാൽവ് ഇതുവരെ രണ്ടു ലക്ഷത്തിലേറെ രോഗികളിൽ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ഇതിന്റെ അടുത്തഘട്ട വാൽവ് ഈയിടെയാണ് ശ്രീചിത്ര അവതരിപ്പിച്ചത്.
വാൽവ് മാത്രമല്ല, കുറഞ്ഞ ചെലവിൽ ഹൃദയ ചികിത്സ മലയാളിക്ക് സാധ്യമാക്കിയതിൽ ശ്രീചിത്രയ്ക്ക് വലിയ പങ്കാണുള്ളത്. കാർഡിയോളജി, ന്യൂറോളജി വകുപ്പുകളിലായി കേരളത്തെ സേവിച്ച ഈ സ്ഥാപനം അൻപതു വർഷം പിന്നിടുമ്പോൾ അഭിമാനത്തെക്കാളേറെ കടപ്പാടാണ് മലയാളികൾക്ക് ഉണ്ടാവുക.
സാമൂഹിക പ്രതിബദ്ധത കൈവിടാതെ
ശ്രീചിത്ര ഇപ്പോഴും സാധാരണക്കാർക്കും ആശ്രയിക്കാവുന്ന സ്ഥാപനമാണ്. മിക്ക സർക്കാർ സ്‌കീമുകളും പ്രാബല്യത്തിലുണ്ട്. എ, എ1, ബി, ഡി വിഭാഗങ്ങളിലായാണ് ചികിത്സ. സാമ്പത്തിക സ്ഥിതിയനുസരിച്ചാണ് ഇത് നിർണയിക്കുന്നത്. എ യിൽ പൂർണമായും സൗജന്യവും, എ1 അൻപത് ശതമാനം നിരക്കിളവും, ബി മുപ്പത് ശതമാനം നിരക്കിളവുമാണ്. ഡി യിൽ മുഴുവൻ തുകയും നൽകണം.
റഫറൽ ആശുപത്രിയാണെങ്കിലും ഹാർട്ട് അറ്റാക്ക്, സ്ട്രോക് എന്നിവയ്ക്ക് നേരിട്ട് ശ്രീചിത്രയിലെത്താം. ഹാർട്ട് അറ്റാക്കിന് ഉടൻതന്നെ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നുണ്ട്. ഒ.പി.യിലെ പരിശോധനക്ക് കാലതാമസമുണ്ടാകാറില്ല. റിവ്യൂവിന് താമസമുണ്ടാകുന്നുണ്ട്. കൂടുതൽ രോഗികളെത്തുന്നതിനാലാണിത്.
രണ്ട് ഡോക്ടർമാരിൽനിന്ന് അത്യാധുനിക ചികിത്സകളിലേക്ക്
1976-ൽ അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് തിരുവനന്തപുരത്ത് ഹൃദയചികിത്സയ്ക്കായി പ്രത്യേക ആശുപത്രി ആരംഭിക്കാൻ തീരുമാനിക്കുന്നത്. മദ്രാസ് റെയിൽവേ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയാ രംഗത്ത് പ്രശസ്ത നായിരുന്ന ഡോ. ടി.ജെ. ചെറിയാനെയും അന്ന് അവിടെ ഹാർട്ട് സർജനായിരുന്ന ഡോ.എം.എസ്. വല്യത്താനെയും കേരള സർക്കാർ തിരുവനന്തപുരത്തേക്കു ക്ഷണിച്ചു.
ഡയറക്ടർ സ്ഥാനം ഏറ്റെടുക്കാമെന്ന് ആദ്യം സമ്മതിച്ച ഡോ. ചെറിയാൻ പിന്നീട് പിൻമാറി. അങ്ങനെയാണ് ഡോ. വല്യത്താൻ ഡയറക്ടർസ്ഥാനം ഏറ്റെടുക്കുന്നത്. ചിത്തിര തിരുനാൾ രാജാവിന്റെ അറുപതാം പിറന്നാളിന്റെ സ്മരണയ്ക്കായി കവടിയാർ കൊട്ടാരംവക സ്ഥലം ആശുപത്രിക്കായി വിട്ടുകൊടുത്തപ്പോൾ ആശുപത്രിക്ക് രാജാവിന്റെ പേരിട്ടു.
1980-ൽ സ്ഥാപനം കേന്ദ്രസർക്കാർ ഏറ്റെടുത്തു. 1976-ൽ നടന്ന ആദ്യ ശസ്ത്രക്രിയക്ക് ഡോ. വല്യത്താൻ, ഡോ. മോഹൻദാസ് എന്നിവർ നേതൃത്വം നൽകി. ഹൃദയത്തിന്റെ താളവ്യതിയാനങ്ങൾ ക്രമീകരിക്കാനുള്ള ചികിത്സയായ റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ ദക്ഷിണേഷ്യയിൽ തന്നെ ആദ്യമായി ചെയ്തതും ശ്രീചിത്രയിലാണ്. ആദ്യ ബൈപ്പാസ് സർജറി, കൊറോണറി ആൻജിയോപ്ലാസ്റ്റി എന്നിവയും സംസ്ഥാനത്ത് ആദ്യ കാലഘട്ടങ്ങളിൽ ചെയ്ത ആശുപത്രികളിലൊന്ന് ശ്രീചിത്രയാണ്. 2024-ൽ സംസ്ഥാനത്ത് കുട്ടികളിലെ ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയും ഇവിടെ നടന്നു.
എന്നും കടപ്പാട്
നഷ്ടപ്പെട്ടുപോകുമെന്ന് കരുതിയ ജീവിതം തിരികെ തന്നത് ശ്രീചിത്രയാണ്. ശ്രീചിത്രയോടും വല്യത്താൻ സാറിനോടും കടപ്പാട് മാത്രമേയുള്ളൂ. എനിക്ക് വാൽവ് മാറ്റിവെച്ച തീയതിയായ എല്ലാ ഡിസംബർ 6-നും ഞാൻ വല്യത്താൻ സാറിനെ വിളിക്കുമായിരുന്നു. അദ്ദേഹത്തിന്റെ മരണംവരെ ആ ബന്ധം തുടർന്നു.
മുരളീധരൻ,
വെള്ളറക്കാട്, കുന്നംകുളം.
Content Highlights: Explore Sree Chitra`s 50-year legacy of pioneering medical treatments, from artificial heart valves to complex surgeries, making advanced healthcare accessible to all.