ചപ്പാത്തി കഴിക്കുന്നത് നിർത്തി, പകരം മറ്റൊരു വിഭവം, വളരെ ബോറാണ് എന്റെ ആഹാരക്രമം -സോനു സൂദ്

വെള്ളിത്തിരയിൽ ചെയ്തതിലധികവും വില്ലൻ വേഷമാണെങ്കിലും നിരവധി ആരാധകരുള്ള താരമാണ് സോനു സൂദ്. ജീവകാരുണ്യ പ്രവർത്തനങ്ങളും ആരോഗ്യസംരക്ഷണവുമൊക്കെയാണ് അതിന് കാരണം. പുതിയ ചിത്രമായ ഫത്തേയുടെ പ്രചാരണാർത്ഥം നൽകിയ ഒരു അഭിമുഖത്തിനിടെ തന്റെ ഭക്ഷണരീതിയെക്കുറിച്ച് സോനു സൂദ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരിക്കുകയാണ്.
താൻ സമ്പൂർണ സസ്യാഹാരിയാണെന്ന് സോനു സൂദ് പറഞ്ഞു. ഒട്ടും രസമില്ലാത്തതാണ് തന്റെ ആഹാര ക്രമം. വീട്ടിൽ ആരെങ്കിലും വന്നാൽ ചോദിക്കുക താൻ കഴിക്കുന്നത് ആശുപത്രി ഭക്ഷണമാണോ എന്നാണ്. ഇതാണ് കഴിക്കുന്നതെന്ന് അപ്പോഴവർക്ക് മറുപടി പറയും. നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തുവേണമെങ്കിലും കഴിക്കാം. വീട്ടിലെ മറ്റുള്ളവരെല്ലാം സസ്യേതര ഭക്ഷണം കഴിക്കും. എല്ലാവർക്കും അവരാഗ്രഹിക്കുന്നത് കഴിക്കാൻ കിട്ടും. അത്രയും മികച്ച പാചകക്കാരാണ് കൂടെയുള്ളതെന്നും സോനു സൂദ് പറഞ്ഞു.
"ഈയിടെയാണ് ചപ്പാത്തി കഴിക്കുന്നത് പൂർണമായി നിർത്തിയത്. ഉച്ചയ്ക്കുശേഷം ഒരു ചെറിയ ബൗളിൽ ദാലും ചോറും കഴിക്കും. പ്രഭാത ഭക്ഷണമായി മുട്ടയുടെ വെള്ള കൊണ്ടുള്ള ഓംലറ്റ്, സലാഡ്, അവൊക്കാഡോ, വഴറ്റിയ പച്ചക്കറികൾ അല്ലെങ്കിൽ പപ്പായ എന്നിവയാണ് പതിവ്. ഞാൻ ആരോഗ്യപരമായി ഭക്ഷണം കഴിക്കും. ഡയറ്റിൽ ഒരു വീഴ്ചയും വരുത്തില്ല. വല്ലപ്പോഴും മക്കി കി റൊട്ടി കഴിക്കും. ആരോഗ്യ സംരക്ഷണത്തിൽ സ്ഥിരത പുലർത്തേണ്ടത് പ്രധാനമാണ്." സോനു സൂദ് കൂട്ടിച്ചേർത്തു.
ജീവിതത്തിൽ മദ്യം ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ലെന്ന് സോനു സൂദ് പറഞ്ഞു. പല സെറ്റുകളിലും സൽമാൻ ഖാൻ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ മദ്യം കഴിക്കാൻ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ആ വാഗ്ദാനങ്ങളെല്ലാം നിരസിക്കുകയായിരുന്നുവെന്നും സോനു സൂദ് ചൂണ്ടിക്കാട്ടി.
Content Highlights: Actor Sonu Sood reveals his strict vegan diet, including his breakfast, lunch