ഗോസിപ്പുകൾ ഉണ്ടാകാതിരിക്കാനാണ് രോഗത്തേക്കുറിച്ച് തുറന്നുപറയാൻ തീരുമാനിച്ചത്- സൊനാലി ബിന്ദ്രെ

സൊനാലി ബിന്ദ്രെ| Photo: PTI
സൊനാലി ബിന്ദ്രെ| Photo: PTI

കാൻസർ പോരാട്ടത്തേക്കുറിച്ചും രോ​ഗത്തെ അതിജീവിച്ചതിനേക്കുറിച്ചുമൊക്കെ നിരന്തരം തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ബോളിവുഡ് നടി സൊനാലി ബിന്ദ്രെ. കാൻസറിനെ സംബന്ധിച്ചുള്ള മിഥ്യകളേക്കുറിച്ചും ഇന്നും ഈ രോ​ഗം സ്റ്റി​ഗ്മയായി തുടരുന്നതിനേക്കുറിച്ചുമൊക്കെ പങ്കുവെച്ചിരിക്കുകയാണ് സൊനാലി.

ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് സൊനാലി ഇതേക്കുറിച്ച് മനസ്സ് തുറന്നത്. രോ​ഗം സംബന്ധിച്ച അവബോധവും നേരത്തേ കണ്ടെത്തലും എത്രത്തോളം പ്രധാനമാണെന്ന് പറയുകയാണ് സൊനാലി. രോ​ഗം എത്രനേരത്തേ തിരിച്ചറിയുന്നോ അത്രത്തോളം ചികിത്സിച്ച് ഭേദമാക്കലും എളുപ്പമാകും. എന്നാൽ രോ​ഗസ്ഥിരീകരണം നേരത്തേയാകുന്നത് അവബോധവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ആളുകൾ അതേക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിൽ അവബോധം കുറവായിരിക്കും. ഇതുകൊണ്ടാണ് താൻ കാൻസറിനേക്കുറിച്ച് നിരന്തരം സംസാരിക്കാൻ തീരുമാനിച്ചതെന്നും സൊനാലി പറയുന്നു. 

കാൻസറിനേക്കുറിച്ചുള്ള ചർച്ചകൾ വിലക്കപ്പെട്ട കാര്യംപോലെ സമീപിക്കുന്നതിനേക്കുറിച്ചും സൊനാലി പറയുന്നുണ്ട്. സ്കൂൾ കാലങ്ങളിൽ തനിക്കും ഇതേക്കുറിച്ച് കാര്യമായ ധാരണയുണ്ടായിരുന്നില്ല. അറിവും അനുഭവവമുണ്ടെന്ന് സ്വയം ധരിച്ചിരുന്ന തനിക്ക് ഈ രോ​ഗം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നതിനേക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. രോ​ഗം സ്ഥിരീകരിച്ച സമയത്ത്, ഇതെങ്ങനെ എനിക്ക് സംഭവിച്ചു, വളരെ അപൂർവമായി മാത്രമല്ലേ കാൻസർ ഉള്ളൂ എന്നൊക്കെയാണ് വിചാരിച്ചിരുന്നത്. കാൻസർ അപൂർവമല്ലെന്നും കാലങ്ങളോളം ഇവിടെ തന്നെയുള്ള രോ​ഗമാണെന്നും പതിയെയാണ് തിരിച്ചറിഞ്ഞത്.

വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാൻ ഇഷ്ടമില്ലാത്തയാളായിട്ടും രോ​ഗത്തേക്കുറിച്ച് ഒരിക്കലും പൊതുമധ്യത്തിൽ താൻ കള്ളംപറയില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്നുവെന്നും സൊനാലി പറയുന്നു. 

ഷൂട്ടിനിടയിൽ ചികിത്സ സംബന്ധിച്ച് കുറച്ചുകാലം മാറിനിൽക്കേണ്ടി വന്നിരുന്നു. ഈ കാലത്ത് എന്റെ അസാന്നിധ്യം തെറ്റിദ്ധരിക്കപ്പെടരുതെന്ന രീതിയിൽ ചർച്ച ചെയ്യപ്പെടരുതെന്ന് ഓർത്തിരുന്നു. ​ഗോസിപ്പുകളോ, കുപ്രചാരണങ്ങളോ ഉണ്ടാകരുതെന്നോർത്താണ് സാഹചര്യം തുറന്നുപറയാൻ തീരുമാനിച്ചത്.- സൊനാലി പറയുന്നു.

2018-ലാണ് താരത്തിന് അർബുദം സ്ഥിരികരിച്ചത്. തുടർന്ന് അമേരിക്കയിലാണ് അവർ ചികിത്സതേടിയത്. ന്യൂയോർക്കിൽ ചികിത്സയ്ക്കായെത്തിയപ്പോൾ കാൻസറിന്റെ നാലാം സ്റ്റേജ് ആണെന്നും രക്ഷപ്പെടാൻ 30 ശതമാനം സാധ്യത മാത്രമാണുള്ളതെന്ന് ഡോക്ടർ പറഞ്ഞുവെന്നും സൊനാലി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. സംവിധായകൻ ​ഗോൾഡി ഭേൽ ആണ് സൊനാലിയുടെ ഭർത്താവ്. 

കുത്തനെ ഉയരുന്ന കാൻസർ നിരക്ക്

2050 ആകുമ്പോഴേക്കും കാൻസർ രോ​ഗികളുടെ കുത്തനെ ഉയരുമെന്നും 35ദശലക്ഷം പുതിയ രോ​ഗികളുണ്ടാകുമെന്നും അടുത്തിടെ ലോകാരോ​ഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.  ലോകാരോ​ഗ്യസംഘടനയുടെ ഭാ​ഗമായ ഐ.എ.ആർ.സി. ( International Agency for Research on Cancer) നടത്തിയ ​ഗവേഷണത്തിലാണ് ഇതേക്കുറിച്ച് കണ്ടെത്തിയത്. 

ഓരോ രാജ്യങ്ങളും തങ്ങളുടെ ആരോ​ഗ്യ പദ്ധതികളിൽ കാൻസറിന് പ്രാമുഖ്യം നൽകുന്നത് ​രോ​ഗപ്രതിരോധത്തിന് ​ഗുണംചെയ്യുമെന്നാണ് ലോകാരോ​ഗ്യസംഘടന പറഞ്ഞത്. കൂടാതെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി വ്യക്തിപരമായി ഉണ്ടാകാനിടയുള്ള അപകടസാധ്യതാഘടകങ്ങൾ കുറയ്ക്കാമെന്നും പുകവലിശീലം നിർത്തുന്നതിലൂടെ പലയിനം കാൻസറുകളെയും പ്രതിരോധിക്കാനാവുമെന്നും പറഞ്ഞിരുന്നു. ആരോ​ഗ്യകരമായ ഭക്ഷണശീലം തുടരുന്നതും ആരോ​ഗ്യകരമായ ഭാരം നിലനിർത്തുന്നതും മദ്യോപഭോ​ഗം കുറയ്ക്കുന്നതുമൊക്കെ ​ഗുണംചെയ്യുമെന്നും കൂടാതെ ലക്ഷണങ്ങൾ കണ്ടാൽ സ്ക്രീനിങ്ങുകൾ ചെയ്യാനും വിദ​ഗ്ധസേവനങ്ങൾ തേടാനും മടികാണിക്കരുതെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കുകയുണ്ടായി. 

Content Highlights: Bollywood actress Sonali Bendre opens up about her cancer journey