പ്രായമായവരിൽ മൂന്നിൽ ഒരാൾ ഏകാന്തത അനുഭവിക്കുന്നു; സ്ത്രീകളെ കൂടുതൽ ബാധിക്കും, പരിഹാരമെന്ത്?

സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും എല്ലാ പ്രായത്തിലുള്ളവരുടെയും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. പ്രായമായവരിൽ ഇത് വ്യാപകമാണെങ്കിലും അവഗണിക്കപ്പെടുകയാണ് പതിവ്. ഉയർന്നനിലവാരമുള്ള സാമൂഹികബന്ധങ്ങൾ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും ക്ഷേമത്തിനും അത്യാവശ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്.
പുകവലി, പൊണ്ണത്തടി, വ്യായാമമില്ലായ്മ തുടങ്ങിയവപോലെ സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും മരണനിരക്കിൽ സ്വാധീനംചെലുത്തുന്നുണ്ട്. ഇത് പൊതുജനാരോഗ്യത്തിന്റെ പ്രധാന ആശങ്കയാണെന്ന് യുഎസ് സർജൻ ജനറലായിരുന്ന വിവേക് മൂർത്തി ചൂണ്ടിക്കാണിച്ചിരുന്നു.
സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും
സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും രണ്ട് വ്യത്യസ്ത അവസ്ഥകളാണ്. കുടുംബവുമായോ സുഹൃത്തുക്കളുമായോ സമൂഹവുമായോ വ്യക്തികൾക്ക് മതിയായ ബന്ധമില്ലാത്ത അവസ്ഥയാണ് സാമൂഹിക ഒറ്റപ്പെടൽ. എന്നാൽ, ഏകാന്തത എന്നത് ഒറ്റയ്ക്കാണെന്ന മാനസികമായ അനുഭവമാണ്. ആളുകൾ വ്യത്യസ്തസമയങ്ങളിൽ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നു, കൂടാതെ അവർക്ക് ഏകാന്തത അനുഭവപ്പെടാതെ തനിച്ചായിരിക്കാൻ കഴിയും. അതേസമയം, ഒരാൾ ഒരുപാട് ആളുകൾക്കിടയിലാണെങ്കിലും ഏകാന്തത അനുഭവപ്പെടാം.
കാരണങ്ങൾ
പ്രായമായവരിൽ മൂന്നിൽ ഒരാൾ ഏകാന്തത അനുഭവിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. സ്ത്രീകളെയാണ് ഏകാന്തത കൂടുതൽ ബാധിക്കുക. ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ സ്ഥിതി വഷളാകും. തൊഴിലില്ലാത്തവരിലും ഒറ്റയ്ക്ക് താമസിക്കുന്നവരിലും ഇത് സാധാരണമാണ്.
പങ്കാളിയുടെയോ മറ്റ് പ്രിയപ്പെട്ടവരുടെയോ മരണം, ചലനശേഷി കുറയൽ, കാഴ്ചയും കേൾവിയും കുറയൽ, വിട്ടുമാറാത്ത രോഗം, ഗതാഗതസൗകര്യം ലഭിക്കാത്തത് അല്ലെങ്കിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനാകാത്തത് തുടങ്ങിയ ഘടകങ്ങളും പ്രായമായവരിൽ ഒറ്റപ്പെടലിനും ഏകാന്തതയ്ക്കും സാധ്യത കൂട്ടുന്നു.
ദോഷവശങ്ങൾ
ഏകാന്തത അനുഭവിക്കുന്നവർക്ക് ഹൃദ്രോഗം, സ്മൃതിനാശം, പക്ഷാഘാതം, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. എന്നാൽ, മെച്ചപ്പെട്ട സാമൂഹികബന്ധമുള്ളവർക്ക് ദീർഘായുസ്സും സാമൂഹിക, വൈകാരിക, ശാരീരിക ക്ഷേമവുണ്ടാകും.
എങ്ങനെ നേരിടാം
സാമൂഹികബന്ധങ്ങൾ നിലനിർത്തുകയും പുതിയത് കെട്ടിപ്പടുക്കുകയും ചെയ്യണം.
കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ അയൽക്കാരുമായോ ദിവസവും നിശ്ചിത സമയം ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
പ്രാദേശിക വയോജന കേന്ദ്രങ്ങളിലോ ലൈബ്രറികളിലോ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുക
ഓൺലൈൻ ക്ലാസുകൾ, പ്രഭാഷണങ്ങൾ, സംഘടനാ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സമയം മാറ്റിവെക്കുക
സംഘമായി പ്രവർത്തിക്കേണ്ട കാര്യങ്ങളിൽ പങ്കെടുക്കുക
പ്രിയപ്പെട്ടവരുടെ വിയോഗം കാരണം ദുഃഖം അനുഭവിക്കുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണാതീതമാണെങ്കിലും സൈക്കോളജിസ്റ്റിന്റെ പിന്തുണ തേടുക
ആരോഗ്യകരമായ വാർധക്യദശകത്തിന്റെ (2021-2030) ഭാഗമായി സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭ നടപടികൾ ആലോചിച്ചുവരുകയാണ്.
Content Highlights: Social Isolation & Loneliness: Impact & Solutions