‘ബ്ലെയ്ഡ് കൊണ്ട് മുറിച്ചാലെന്നപോലെ തൊലി ഇളകി വേദന അനുഭവിച്ച വിദ്യാർഥി’; വ്യാജ ക്രീമുകൾ പണിതരും

തിരുവനന്തപുരം: കാലമെത്ര കടന്നുപോയാലും ചില ചിന്താഗതികൾക്കു മാറ്റമുണ്ടാകാറില്ല. നിറത്തിന്റെപേരിലുള്ള മാറ്റിനിർത്തലുകൾ ഇന്നുമുണ്ട്. ഇതാണ് പലപ്പോഴും യുവത്വത്തെ ‘വെളുപ്പി’ക്കലിനു പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ആൺ-പെൺ വ്യത്യാസമില്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ ആൺകുട്ടികൾക്കിടയിലും അപകർഷബോധം വളരുന്നുണ്ട്. സ്വഭാവത്തേക്കാൾ സൗന്ദര്യത്തിനു പ്രാധാന്യം നൽകുന്നവരാണ് ഇന്നുള്ളത്. വ്യാജവും നിലവാരമില്ലാത്തതുമായ ക്രീമുകൾക്ക് ആൺകുട്ടികളും ഇരകളാകാറുണ്ട്.
അധ്യാപകന്റെ അനുഭവം
വർഷങ്ങൾക്ക് മുൻപ് വിപണിയിൽ ലഭ്യമായിരുന്ന വ്യാജ ക്രീം ഉപയോഗിച്ച് ദുരിതത്തിലായ വിദ്യാർഥിയെപ്പറ്റിയാണ് തലസ്ഥാനത്തെ പ്രമുഖ വിദ്യാലയത്തിലെ ഒരു അധ്യാപകന് പറയാനുള്ളത്. ശരീരത്തിൽ ബ്ലെയ്ഡ് കൊണ്ട് മുറിച്ചാലെന്നപോലെ തൊലി ഇളകി വേദന അനുഭവിച്ച വിദ്യാർഥിയെപ്പറ്റിപ്പറയുമ്പോൾ അധ്യാപകന്റെ വാക്കുകളിൽ ഇന്നും നടുക്കമുണ്ട്. കുട്ടികളുടെ ഇടയിൽ അപകർഷബോധം വളർത്തുന്ന സൗന്ദര്യ സങ്കൽപ്പങ്ങളെ ഉടച്ചുവാർക്കാൻ കൃത്യമായ ബോധവത്കരണം ആവശ്യമാണ്. ചർമത്തിലെ വെളുപ്പ് മാത്രമല്ല സൗന്ദര്യത്തിന്റെ അടിസ്ഥാനമെന്ന് കുട്ടികൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വെളുക്കാൻ തേച്ചത് പാണ്ടായി
കൗമാരകാലത്ത് മറ്റുള്ളവരെ ആകർഷിക്കാനായി വളഞ്ഞവഴി തിരഞ്ഞെടുത്ത് പണികിട്ടിയവരുമുണ്ട്. സ്വയം ഫെയ്സ് ക്രീം തിരഞ്ഞെടുത്ത് ഉപയോഗിച്ച സ്കൂൾവിദ്യാർഥിക്കാണ് ദുരവസ്ഥയുണ്ടായത്. ഉപയോഗിച്ച് തുടങ്ങിയപ്പോൾത്തന്നെ ഫലം കിട്ടി. എന്നാൽ, ഉപയോഗം നിർത്തിയതോടെ ചർമം കറുക്കാൻ തുടങ്ങി. മുഖക്കുരുവും വില്ലനായി. മാനസികമായി തളർന്നതോടെ ഡോക്ടറെക്കാണുകയായിരുന്നു വിദ്യാർഥി. അതേസമയം ക്രീമുകളോട് ബൈ ബൈ പറയുന്നവരുമുണ്ട്. മുഖക്കുരു സ്വാഭാവികമാണെന്നും പച്ചവെള്ളംകൊണ്ട് മുഖം കഴുകുന്നതാണ് തനിക്ക് പ്രിയമെന്നുമാണ് തലസ്ഥാനത്തെ മറ്റൊരു വിദ്യാർഥി പറയുന്നത്. മുഖത്ത് സ്ഥിരം കുരുക്കൾ വരുന്ന പ്രകൃതമാണ് തന്റേത്. ഒട്ടേറെപ്പേർ വിവിധ ഉത്പന്നങ്ങൾ ഉപയോഗിച്ചുനോക്കാൻ പറഞ്ഞിട്ടുണ്ട്.
ഡോക്ടറായി ചാറ്റ് ജി.പി.ടി.
മുഖക്കുരുവും മുഖത്തെ കുഴികളും കാരണം ബുദ്ധിമുട്ട് നേരിടുകയായിരുന്ന മറ്റൊരു വിദ്യാർഥിക്ക് ഡോക്ടറായത് ചാറ്റ് ജി.പി.ടി.യാണ്. ചർമത്തിലെ എല്ലാ പ്രശ്നങ്ങളും പങ്കുവെക്കും. ചാറ്റ് ജി.പി.ടി. പരിഹാരവും പറയുമെന്ന് സ്കൂൾ വിദ്യാർഥി പറയുന്നത് മുറിവൈദ്യത്തിന്റെ മറ്റൊരു ഗുരുതരമായ വശമാണ് തുറന്നുകാട്ടുന്നത്.
വെളുക്കാനായെന്തും
വെളുത്തചർമം ലഭിക്കുകയെന്നതാണ് പലരുടെയും സ്വപ്നം. കാലാകാലങ്ങളായി സ്ത്രീകളിലാണ് ഈ പ്രവണത കണ്ടുവരുന്നതെങ്കിലും പുരുഷൻമാരും ഇപ്പോൾ ഒട്ടും പിന്നിലല്ല. സാമൂഹികമാധ്യമങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ട്. സാമൂഹിക മാധ്യമത്തിൽ കണ്ട ക്രീം ഉപയോഗിച്ച് ഗുരുതരമായ അവസ്ഥയിൽ ഒരു കൗമാരക്കാരൻ ഈയിടെ കാണാൻ വന്നിരുന്നു. ചർമം നേർത്ത് രക്തധമനികൾ എടുത്തുകാട്ടുന്ന അവസ്ഥയിലായിട്ടും കറുക്കുമോ എന്ന പേടിയിൽ ക്രീം ഉപയോഗം നിർത്തിയിരുന്നില്ല. ഇത്തരം പേടി പലർക്കുമുണ്ട്.
ഡോ. വിധുശ്രീ എസ്. നായർ
മുഖം പരീക്ഷണശാലയല്ല
'സൗന്ദര്യസംരക്ഷണം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. നല്ല ചർമവും ആകർഷകമായ മുഖവും ഒരു വിഭാഗത്തിന്റെ മാത്രം പ്രത്യേകതയല്ല. രണ്ടുവർഷം മുൻപ്, 19 വയസ്സുള്ള ഒരു കോളേജ് വിദ്യാർഥി ചികിത്സയ്ക്കായി വന്നു. മുഖക്കുരുവും അതുമൂലമുണ്ടായ പാടുകളും മറ്റും അവനെ മാനസികമായി തളർത്തി. അപകർഷബോധം മൂലം കൂട്ടുകാരുടെ മുന്നിൽ പോകാൻപോലും മടിയായി. പിന്നീട് കൂട്ടുകാരുടെ നിർദേശപ്രകാരം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ഒരു സ്കിൻ വൈറ്റ്നിങ് ക്രീം ഉപയോഗിക്കാൻ തുടങ്ങി. ആദ്യത്തെ ഒന്നരമാസംകൊണ്ട് പ്രകടമായ മാറ്റമുണ്ടായി, മുഖം തെളിഞ്ഞു. മുഖക്കുരുവിന്റെ പാടുകളും കുറഞ്ഞത് ആത്മവിശ്വാസം നൽകി. പക്ഷേ, രണ്ടരമാസം കഴിഞ്ഞപ്പോൾ കാര്യങ്ങൾ മാറി. പഴയതിനേക്കാൾ ഗുരുതരമായ രീതിയിൽ മുഖമാകെ കുരുക്കൾ പ്രത്യക്ഷപ്പെട്ടു. ക്രീം നിർത്തിയപ്പോൾ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി. അവസാനമാണ് ഞങ്ങളുടെ അടുത്തെത്തിയത്. അപ്പോഴേക്കും സ്കിൻ ബാരിയർ എന്നു പറയുന്ന ചർമത്തിന്റെ സ്വാഭാവിക സംരക്ഷണ സംവിധാനംപോലും ഗുരുതരമായി തകരാറിലായിരുന്നു. പിന്നീട് വളരെ ശ്രദ്ധയോടെയും ക്ഷമയോടെയും ചികിത്സിച്ച് ചർമത്തെ വീണ്ടെടുത്തു. ഇത് ഒരു കുട്ടിയുടെ മാത്രം അനുഭവമല്ല. നിങ്ങളുടെ മുഖം പരീക്ഷണശാലയല്ല. ചർമത്തിന് അനുയോജ്യമായ ചികിത്സ നിർദേശിക്കേണ്ടത് ഡെർമറ്റോളജിസ്റ്റാണ്.
ഡോ. ബോബി കൃഷ്ണ
ഡെർമറ്റോളജിസ്റ്റ്
ചർമം ആരോഗ്യത്തോടെ സൂക്ഷിക്കുന്നതാണ് ചർമസംരക്ഷണം
പണ്ട് വെളുപ്പ് മാത്രമാണ് സൗന്ദര്യത്തിന്റെ മാനദണ്ഡമായി കണക്കാക്കിയിരുന്നതെങ്കിൽ ജെൻ-സി ഉറ്റുനോക്കുന്നത് കൊറിയൻ ഗ്ലാസ് സ്കിന്നിലാണ്. ഒരു ഹെർബൽ സ്കിൻകെയർ ബ്രാൻഡ് ഉടമ എന്ന നിലയ്ക്ക് ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമാണ് പെട്ടെന്ന് നിറംവെക്കാൻ എന്താണുള്ളത്? ഓരോ മനുഷ്യരുടെയും ചർമവും ശാരീരികഘടനയും ഒന്നിനൊന്ന് വ്യത്യാസമാണ്. അങ്ങനെയുള്ളപ്പോൾ ഒരു ഉത്പന്നം, അത് ഉപയോഗിച്ച എല്ലാവരിലും ഒരേ കാലയളവിൽ ഒരേ മാറ്റം ഉണ്ടാക്കുന്നു എന്നതിൽ സംശയിക്കേണ്ടതില്ലേ? ശരീരത്തിന്റെ അകത്തും പുറത്തും നടക്കുന്ന മിക്കവാറും എല്ലാ പ്രവർത്തനങ്ങളും ചർമത്തിലും പ്രതിഫലിക്കും. യഥാർഥ നിറത്തിൽ തന്നെ ചർമം ആരോഗ്യത്തോടെ സൂക്ഷിക്കുന്നതാണ് ചർമസംരക്ഷണം. തുടർച്ചയായുള്ള ഉപയോഗത്തിലൂടെ, സൂര്യതാപംകൊണ്ടുള്ള നിറംമങ്ങൽ, മുഖക്കുരു, മുഖക്കുരുവിന്റെ പാട് എന്നിവ നിയന്ത്രിച്ച് ചർമം ആരോഗ്യത്തോടെ സൂക്ഷിക്കാനാണ് സ്കിൻകെയർ ചെയ്യേണ്ടത്.
- ഇ. അനഘാ ജയൻ, ഋതു ഹെയർ ആൻഡ് സ്കിൻ സ്ഥാപക
Content Highlights: Explore the risks associated with fake cosmetics and skin whitening creams, including severe skin damage and psychological impacts on young individuals.