91-കാരിയുടെ ചർമം സ്കിൻ ബാങ്കിലേക്ക്; പ്രായം തടസ്സമാകാതെ അവയവദാനം

തിരുവനന്തപുരം: തൊണ്ണൂറ്റിയൊന്നുവയസ്സുള്ള ആനന്ദവല്ലി അമ്മാളിന്റെ ചർമം മെഡിക്കൽ കോളേജ് സ്കിൻ ബാങ്കിലേക്കു ദാനംചെയ്തു. ചർമദാനത്തിനു പ്രായം തടസ്സമല്ലെന്ന അമ്മയുടെ ചിന്ത സഫലമാക്കാൻ മരണശേഷം കുടുംബവും ചേർന്നപ്പോൾ തിരുവനന്തപുരം സ്കിൻ ബാങ്കിലെത്തിയത് രണ്ടാമത്തെ ചർമം. വീട്ടിലെത്തിയാണ് സ്കിൻ ബാങ്കിലെ ഡോക്ടർമാരടങ്ങുന്ന സംഘം ചർമം സ്വീകരിച്ചത്.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ ന്യൂറോ സർജറി വിഭാഗം മേധാവിയായ ഡോ. ഈശ്വറിന്റെ അമ്മയാണ് ആനന്ദവല്ലി അമ്മാൾ. ചർമത്തിനുപുറമേ കണ്ണുകളും ദാനംചെയ്തു. പക്ഷാഘാതം ബാധിച്ച് കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി ചികിത്സയിലായിരുന്ന ആനന്ദവല്ലി അമ്മാൾ ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. വീട്ടിൽവെച്ച് മരണമടഞ്ഞതിനാൽ അവയവദാനത്തിനായി ആശുപത്രിയിലെത്തിക്കുക സാധ്യമല്ലായിരുന്നു.
തുടർന്നാണ് സ്കിൻബാങ്ക് സംഘം പ്രായോഗിക ബുദ്ധിമുട്ടുകൾ മറികടന്ന് വീട്ടിലെത്തി ചർമം സ്വീകരിച്ചത്. മെഡിക്കൽ കോളേജ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. എ.പി. പ്രേംലാലിന്റെ നേതൃത്വത്തിൽ ചർമം എടുക്കാനുള്ള അത്യാധുനിക സംവിധാനങ്ങളുമായെത്തി നാലുമണിക്കൂറുകൊണ്ടാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ, സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രൻ, ആർഎംഒ ഡോ. അനൂപ്, കെ-സോട്ടോ നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് തുടങ്ങിയവർ ഏകോപനമൊരുക്കി. കണ്ണുകളും നഗരത്തിലെ സ്വകാര്യ ആശുപത്രി അധികൃതർ വീട്ടിലെത്തി സ്വീകരിക്കുകയായിരുന്നു. അവയവദാനത്തിനു തയ്യാറായ ബന്ധുക്കളെ മന്ത്രി വീണാജോർജ് നന്ദി അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 6.75 കോടി ചെലവഴിച്ചാണ് ബേൺസ് യൂണിറ്റിനോടൊപ്പം സ്കിൻ ബാങ്ക് സജ്ജമാക്കിയത്. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചർമം സംരക്ഷിക്കുന്നത്.
മൂന്ന് ആഴ്ചത്തെ കെമിക്കൽ പ്രോസസിങ്ങിനുശേഷം അത്യാവശ്യമുള്ള രോഗികൾക്ക് പ്ലാസ്റ്റിക് സർജറി, നൂതന സാങ്കേതികവിദ്യകൾ എന്നിവയുടെ സഹായത്തോടെ ചർമം വെച്ചുപിടിപ്പിക്കും.
പ്രായം തടസ്സമല്ല
സ്കിൻ ബാങ്കിൽ ചർമം ദാനംചെയ്യുന്നതിനു പ്രായം തടസ്സമല്ല. ആർക്കും ചർമം ദാനം ചെയ്യാം. ഇതുകൊണ്ട് മൃതദേഹത്തിന് യാതൊരുവിധ കേടുപാടും വരില്ല. കൂടുതൽപ്പേർ ഇതിനു തയ്യാറായിവന്നാൽ ചർമം ആവശ്യമുള്ള നിരവധിപ്പേർക്ക് ആശ്വാസമാകും.
ഡോ. എ.പി. പ്രേംലാൽ
പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി
തിരുവനന്തപുരം മെഡിക്കൽ കോളേജ്
അമ്മയുടെ ആഗ്രഹം
അഞ്ചുവർഷംമുൻപ് അമ്മയ്ക്കു പക്ഷാഘാതം വന്നു. അന്നുതന്നെ പറഞ്ഞിരുന്നു മരണശേഷം അവയവദാനം ചെയ്യണമെന്ന്. അവയവദാന സന്ദേശം പരമാവധിപ്പേരിലെത്തിക്കുക എന്നത് അമ്മയുടെ ആഗ്രഹമായിരുന്നു.
ഡോ. എച്ച്.വി. ഈശ്വർ
ന്യൂറോ സർജറി വിഭാഗം മേധാവി
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി.
Content Highlights: A 91-year-old woman`s skin and eyes were donated, proving age is not a limit for organ donation