85 ഡെസിബെലിനു മുകളിലുള്ള ശബ്ദം പ്രശ്നമാണ്, അൽകയുടെ കേൾവിക്കുറവിനു പിന്നിൽ വൈറൽ അണുബാധ

മുംബൈ: സംഗീതലോകത്തെ വിസ്മയം അൽക യാഗ്‌നിക് ഇപ്പോൾ സ്വന്തം ഗാനങ്ങൾപോലും കേൾക്കാനാവാത്ത അവസ്ഥയിലാണ്. ആയേ ഹോ മേരി സിന്ദഗി മേ, അൻഖിയ മിലാവു കഭി അൻഖിയ ചുരാവു തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെ ആസ്വാദകലോകം കീഴടക്കിയ അൽകയ്ക്ക് കേൾവിപ്രശ്നം നേരിട്ടതിൽ ദുഃഖത്തിലാണ് ആസ്വാദകരും. അപൂർവമായി സംഭവിക്കുന്ന സെൻസറിനറൽ ശ്രവണ നഷ്ടം അഥവാ റെയർ സെൻസറിന്യൂറൽ ഹിയറിങ് ലോസ് എന്ന അവസ്ഥയാണ് അൽകയ്ക്കുണ്ടായത്. കേൾവിശക്തിക്കു തകരാർ സംഭവിച്ചെന്നു കഴിഞ്ഞദിവസം അൽക വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വൈറസ് ബാധയെത്തുടർന്ന് കേൾവിക്ക് തകരാർ സംഭവിച്ചെന്നും ഇപ്പോൾ ചികിത്സയിലാണെന്നുമാണ് ഗായിക അറിയിച്ചത്.
അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ താൻ മാനസികമായി ഏറെ തളർന്നുപോയെന്നും മടങ്ങിവരവിനുവേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും അൽക ഇൻസ്റ്റഗ്രാമിൽ കുറിക്കുകയുണ്ടായി. 85 ഡെസിബെലിനു മുകളിലുള്ള ശബ്ദത്തിൽ കേൾക്കുന്നത് ഇത്തരം അവസ്ഥയിലെത്താൻ കാരണമാവുമെന്ന് ഈ രംഗത്തെ പ്രഗത്ഭരായ ഡോക്ടർമാർ പറയുന്നു. കേൾവി വീണ്ടെടുക്കാൻ പ്രയാസമാണെങ്കിലും പലരിലുംഅദ്‌ഭുതങ്ങൾ പ്രവർത്തിക്കാറുണ്ടെന്നും അൽക വേഗം സുഖം പ്രാപിക്കട്ടെയെന്നും മുംബൈയിലെ പ്രമുഖ ഇ.എൻ.ടി. സർജൻ ഡോ. ദേവ്കുമാർ രംഗരാജ പറഞ്ഞു. സ്ഥിരമായി ഹെഡ്‌ഫോൺ ഉപയോഗിക്കുന്നവർ ശബ്ദം 60 ഡെസിബെലിന് താഴെ ക്രമീകരിക്കണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.
എന്താണ് റെയർ സെൻസറിന്യൂറൽ ഹിയറിങ് ലോസ്?
ചെവിയുടെ ഉൾഭാഗത്തെയോ, ചെവിയെ മസ്തിഷ്കമായി ബന്ധിപ്പിക്കുന്ന ഞരമ്പിനോ ക്ഷതം സംഭവിക്കുന്ന അവസ്ഥയാണിത്. ഒരുചെവിയെയോ രണ്ടുചെവിയേയോ ബാധിക്കാം. പ്രായപൂർത്തിയായ തൊണ്ണൂറുശതമാനം പേരിലേയും കേൾവിക്കുറവിനു പിന്നിൽ ഈ പ്രശ്നമാണ്.
കാരണം
അണുബാധകൾ, ജനനസമയത്തെ സങ്കീർണതകൾ തുടങ്ങിയവയൊക്കെയാണ് ജന്മനാൽ ഈ അവസ്ഥയുണ്ടാകുന്നതിന് കാരണം. ഇതിനുപുറമെ ഉച്ചത്തിലുള്ള ശബ്ദം, ജനിതക തകരാറുകൾ, പ്രായമാകുന്നത്, തലയ്ക്കേൽക്കുന്ന ക്ഷതം, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ, രക്തപ്രവാഹം തടസ്സപ്പെടുന്നത്, ചിലമരുന്നുകളുടെ പാർശ്വഫലം തുടങ്ങിയവയൊക്കെ കാരണമാകാം.
അൽകയ്ക്കു സംഭവിച്ചതുപോലെ വൈറൽ അണുബാധയും ഇത്തരം കേൾവിക്കുറവിലേക്ക് നയിക്കാം. ഹെർപിസ് വൈറസ് ബാധ ഉണ്ടായിട്ടുള്ളവരിലാണ് കൂടുതലായും ഈ സാഹചര്യം കണ്ടിട്ടുള്ളത്. അണുബാധ മസ്തിഷ്കത്തിലെ ഞരമ്പുകളെ ബാധിക്കുകയും ചെവിയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നതുകൊണ്ടാണിത്. അണുബാധയ്ക്കനുസരിച്ചുള്ള ചികിത്സ, കോക്ലിയർ ഇംപ്ലാന്റ്, കേൾവിസഹായി തുടങ്ങിയവ നൽകാറുണ്ട്.
പൊതുവേ ഒരു ചെവിയെ മാത്രം ബാധിക്കുന്നതും കൃത്യമായ ചികിത്സയിലൂടെ കേൾവിശക്തി വീണ്ടെടുക്കാനുമാവുന്നത് മൂന്നിലൊന്ന് കേസുകളും. എന്നാൽ ചികിത്സ വൈകുന്നത് രോഗമുക്തിയുടെ സാധ്യത കുറയ്ക്കും, പ്രത്യേകിച്ച് രണ്ടാഴ്ചയോളം വൈകുന്നത് കേൾവി വീണ്ടെടുക്കാനുള്ള സാധ്യത കുറയ്ക്കും.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
ലക്ഷണങ്ങളും പ്രതിരോധവും
മറ്റൊരാൾ സംസാരിക്കുന്നത് വ്യക്തമായി കേൾക്കാൻ കഴിയായ്ക, ഫോണിൽ സംസാരിക്കുമ്പോൾ മനസ്സിലാകാതിരിക്കുക, വ്യക്തമായി സംസാരിക്കുന്നതുപോലും പിറുപിറുക്കുന്നതുപോലെ തോന്നുക തുടങ്ങിയവ ലക്ഷണങ്ങളാണ്. ഹെഡ്ഫോൺ വെക്കുമ്പോൾ ശബ്ദം കൂടാതിരിക്കുക, ഒരുമണിക്കൂറിലേറെ ഹെഡ്ഫോൺ വെക്കാതിരിക്കുക, ഉച്ചത്തിൽ ശബ്ദമുള്ള ഇടങ്ങളിൽ ചെവിയെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ ഇത്തരം കേൾവിക്കുറവ് ഉണ്ടാകുന്നതിനെ പ്രതിരോധിക്കാം.
ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോഗിക്കാം ?
- ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കാതിരിക്കുക. ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
- അടുത്തിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വെക്കാതിരിക്കുക. 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക.
- ഗുണനിലവാരമില്ലാത്ത ഇയർഫോണുകൾ ഉപയോഗിക്കാതിരിക്കുക.
- ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഒഴിവാക്കുക.
- മറ്റൊരാളുടെ ഇയർഫോൺ ഉപയോഗിക്കുന്ന ശീലം അരുത്.
- ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.
Content Highlights: singer alka yagnik diagnosed with a rare sensory hearing loss