130 കിലോയിലേക്കെത്തി, വീടിനു പുറത്തിറങ്ങാതെയായി; 60 കിലോ കുറച്ചത് ഇങ്ങനെയെന്ന് യുവതി|വീഡിയോ

സിമ്രാൻ| Photos: instagram.com/officialhumansofbombay/
സിമ്രാൻ| Photos: instagram.com/officialhumansofbombay/

ഓരോരുത്തരുടേയും വണ്ണംകുറയ്ക്കൽ യാത്ര വ്യത്യസ്തമായിരിക്കും. ശരീരപ്രകൃതി വ്യത്യസ്തമായതിനാൽ തന്നെ സ്വീകരിക്കുന്ന രീതികളിലും മാറ്റംവരുത്തേണ്ടിവരും. സിമ്രാൻ പൂനിയ എന്ന ഹെൽത്ത് ഇൻഫ്ലുവൻസറും ഒരുഘട്ടംവരെ വണ്ണംകുറയ്ക്കുന്നതിനേക്കുറിച്ച് ആലോചിച്ചിരുന്നില്ല. എന്നാൽ 2020-ൽ ബാലി യാത്രയ്ക്കിടെ പടിക്കെട്ടുകൾ കയറുന്നതിൽ തടസ്സം നേരിട്ടതോടെ വണ്ണംകുറയ്ക്കണമെന്ന് സിമ്രാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ കഠിനാധ്വാനത്തിന്റെ ഫലമായി അതിശയിപ്പിക്കുന്ന രീതിയിൽ വണ്ണംകുറയ്ക്കുകയും ചെയ്തു. 

ഹ്യൂമൻസ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലൂടെയാണ് സിമ്രാൻ തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലംതൊട്ടേ താൻ വണ്ണത്തിന്റെ പേരിൽ പരിഹാസം നേരിട്ടിരുന്നുവെന്ന് സിമ്രാൻ പറയുന്നു. 130 കിലോവരെ തന്റെ ഭാരം വർധിച്ചിരുന്നുവെന്നും അതോടെ പഠനവും സാമൂഹിക ബന്ധങ്ങളുമൊക്കെ ഉപേക്ഷിച്ച് വീട്ടിലിരിക്കുന്ന അവസ്ഥയുണ്ടായെന്നും സിമ്രാൻ പറയുന്നു. 

എല്ലാ അർഥത്തിലും ഒളിച്ചോടി ജീവിക്കുന്നതുപോലെയായിരുന്നു അത്. പനി, തലവേദന എന്നൊക്കെപ്പറഞ്ഞ് വീട്ടിൽത്തന്നെയിരിക്കും. ജീവിതംപോലും അവസാനിപ്പിക്കണമെന്ന് തോന്നിയ സമയമുണ്ട്. അത്രത്തോളം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാതായി. ഇതിനിടയ്ക്ക് ചർമത്തിലൊരു അണുബാധയുമുണ്ടായി. ഭാരം 130 കിലോയോളമെത്തിയ സമയത്ത് നിക്കോട്ടിൻ ആസക്തിയിലേക്ക് ആണ്ടു. എല്ലാദിവസവും കരയുകയും ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്തു. 2020-ലെ ബാലി യാത്രയാണ് എല്ലാം മാറ്റിമറിച്ചതെന്ന് സിമ്രാൻ പറയുന്നു. 

അന്ന് പടിക്കെട്ടുകൾ കയറാൻ തടസ്സം നേരിട്ടതോടെ മധുരം പാടേ ഉപേക്ഷിക്കുകയും നടത്തം ആരംഭക്കുകയും ചെയ്തു. പെട്ടെന്ന് വണ്ണംകുറയ്ക്കാനുള്ള ഡയറ്റുകൾക്ക് പുറകെ പോകാതെ സ്ഥായിയായ രീതിയാണ് താൻ പിന്തുടർന്നതെന്നും സിമ്രാൻ പറയുന്നുണ്ട്. ചെറിയദൂരം നടന്നാണ് തുടങ്ങിയത്, പിന്നീടത് കിലോമീറ്ററോളം നടക്കുന്ന രീതിയിലേക്കെത്തി. കഠിനമായ വർക്കൗട്ടുകൾക്ക് പിന്നാലെ പോകാതെ നടത്തത്തിൽ നിന്നു തുടങ്ങി ഓട്ടവും പതിയെ മറ്റു വ്യായാമങ്ങളിലേക്കും കടക്കുകയാണുണ്ടായത്. ആദ്യമൊക്കെ വ്യായാമം എന്നോർക്കുമ്പോൾ മടുപ്പായിരുന്നെങ്കിൽ പിന്നെ അതിനാേട് തനിയേ താൽപര്യം വർധിക്കുകയായിരുന്നുവെന്നും സിമ്രാൻ കൂട്ടിച്ചേർക്കുന്നു. 

വണ്ണം കുറയ്ക്കാൻ ഐ.സി.എം.ആർ. (Indian Council of Medical Research) നിർദേശിക്കുന്ന ആരോ​ഗ്യകരമായ രീതി

സമീകൃതാഹാരം 

നാരുകളും പോഷകവും ധാരാളമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഇത് വിശപ്പ് കുറയ്ക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ശരീരത്തിൽ കൂടുതൽ കലോറി എത്തുന്നത് കുറയ്ക്കും. 

പച്ചക്കറികൾ

കലോറി കുറഞ്ഞതും വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ തുടങ്ങിയതുമായ ഭക്ഷണങ്ങൾ വണ്ണംകുറയ്ക്കൽ എളുപ്പമാക്കും. 

അളവിൽ നിയന്ത്രണം

ഭക്ഷണം കഴിക്കുന്നതിന്റെ അളവിൽ നിയന്ത്രണം വരുത്തുകയും അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യുക. 

സ്നാക്സിലും മാറ്റം വേണം

സ്നാക്സ് തിരഞ്ഞെടുക്കുമ്പോൾ അവ പോഷകസമ്പന്നമാണെന്ന് ഉറപ്പുവരുത്തുക. നട്സ്, പ്ലെയിൻ യോ​ഗട്ട്, പച്ചക്കറികൾ തുടങ്ങിയവ തിരഞ്ഞെടുക്കാം. 

ആരോ​ഗ്യകരമായ പാചകരീതി

പാചകരീതി ആരോ​ഗ്യകരമാവാൻ ശ്രദ്ധിക്കുക. ​ഗ്രില്ലിങ്, ബേക്കിങ്, സ്റ്റീമിങ് തുടങ്ങിയവയ്ക്കെല്ലാം മറ്റു പാചകരീതിയെ അപേക്ഷിച്ച് കുറവ് എണ്ണ മതി. ഇത് വണ്ണംവെക്കാതിരിക്കാൻ സഹായിക്കും. 

മധുര പാനീയങ്ങൾ കുറയ്ക്കാം

സോഡ, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവും മധുരപാനീയങ്ങളും കുറയ്ക്കാം. വെള്ളം, ഹെർബൽ ടീ, മധുരമില്ലാത്ത പാനീയങ്ങൾ തുടങ്ങിയവ തിരഞ്ഞെടുക്കാം. 

ഫുഡ് ലേബലുകളിലും വേണം ശ്രദ്ധ

കലോറി, കൃത്രിമ മധുരം, ഉപ്പ് തുടങ്ങിയവയുടെ അളവ്, സാച്ചുറേറ്റഡ് ഫാറ്റ് ഉണ്ടോ തുടങ്ങിയവ ഫു‍ഡ് ലേബലിൽ പരിശോധിക്കണം. ആരോ​ഗ്യകരമായ ചേരുവകളടങ്ങിയവ പരമാവധി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.

ആരോ​ഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. 
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക. 
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
  • ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
  • ടി.വി.യോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.
     

Content Highlights: Simran Punia`s inspiring weight loss story