‘ഗ്യാസ്ട്രിക് പ്രശ്നമെന്നു കരുതി നിസ്സാരമാക്കി, പിന്നാലെ ഒവേറിയൻ കാൻസർ’; ലക്ഷണങ്ങൾ നീണ്ടാൽ ചികിത്സ വൈകരുത്

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

തിരിച്ചറിയാൻ വൈകുന്ന അർബുദങ്ങളിലൊന്നാണ് ഒവേറിയൻ കാൻസർ. ലക്ഷണങ്ങൾ മിക്കപ്പോഴും ഗ്യാസ്ട്രിക് പ്രശ്നമായും സാധാരണ ആർത്തവ പ്രശ്നങ്ങളായുമൊക്കെ നിസ്സാരമാക്കുന്നതാണ് രോഗസ്ഥിരീകരണം വൈകിക്കുക. രോഗം പടർന്നതിനുശേഷം മാത്രമാവും കാര്യമായുള്ള ലക്ഷണങ്ങളും പ്രകടമാവുക. ഇപ്പോഴിതാ ഒവേറിയൻ കാൻസറിന്റെ നാല് പ്രധാന ലക്ഷണങ്ങളേക്കുറിച്ച് പങ്കുവെക്കുകയാണ് കാൻസർ സർജനായ ഡോ.അർജുൻ ശങ്കരൻ.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഹൈദരാബാദിൽ‌ നിന്നുള്ള ഡോ.അർജുൻ ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. നാൽപ്പത്തിയെട്ടു വയസ്സു പ്രായമുള്ള രോഗിയേക്കുറിച്ചു പങ്കുവെച്ചാണ് ഒവേറിയൻ കാൻസറിന്റെ നിസ്സാരമാക്കരുതാത്ത ലക്ഷണങ്ങളും വിശദമാക്കിയത്. ആഴ്ച്ചകളോളം ഗ്യാസ്ട്രബിളിനുള്ള മരുന്ന് കഴിച്ചിരുന്ന അവർ പിന്നീടാണ് തനിക്ക് ഒവേറിയൻ കാൻസറാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഡോ.അർജുൻ പറയുന്നു.

അത് വെറും ഗ്യാസിന്റേത് ആണെന്നാണ് അവർ കരുതിയത്. മൂന്നു ലക്ഷണങ്ങളാണ് അവർക്കുണ്ടായിരുന്നു. വയറിന് എപ്പോഴും ഇറുക്കം, പെട്ടെന്ന് വയറു നിറഞ്ഞതുപോലെ തോന്നുക, അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക എന്നിവയായിരുന്നു അവ. അത് ഒവേറിയൻ കാൻസറിന്റെ ലക്ഷണങ്ങളായിരുന്നു- ഡോ. അർജുൻ കുറിച്ചു.

ഒവേറിയൻ കാൻസറിന്റെ ആദ്യകാലലക്ഷണങ്ങളേക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. വയറു വീർത്തതായി തോന്നുക, അടിവയറിലും പെൽവിക് ഭാഗത്തും ചെറിയ വേദന, ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേക്കും പെട്ടെന്ന് വയറു നിറഞ്ഞതായി അനുഭവപ്പെടുക, അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക എന്നിവയാണവ. ഇവ പലപ്പോഴും ഇറിറ്റബിൾ ബവൽ സിൻഡ്രോം, യൂറിനറി ഇൻഫെക്ഷൻ, പി.എം.എസ്., മെനോപോസ് തുടങ്ങിയവയായി തെറ്റിദ്ധരിക്കാം. എന്നാൽ താൽക്കാലികമായുണ്ടാകുന്ന ദഹനപ്രശ്നം പോലെയോ, ആർത്തവപ്രശ്നം പോലെയോ അല്ലിത്. ലക്ഷണങ്ങൾ ആഴ്ച്ചകളോളം നീണ്ടുനിൽക്കുന്നുവെങ്കിൽ ഒവേറിയൻ കാൻസറിന്റേതാണോ എന്നു സംശയിക്കണമെന്നും ഡോക്ടർ പറയുന്നു.

ഒവേറിയൻ കാൻസർ

ഓവറികളെ ബാധിക്കുന്ന അർബുദമാണിത്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുമ്പോഴേക്കും മറ്റുഭാഗങ്ങളെ ബാധിക്കാനുമിടയുണ്ട്.

അടിവയർ വീർത്തതുപോലെ അനുഭവപ്പെടുക, വീക്കം, ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേക്കും വയറു നിറഞ്ഞതായി തോന്നുക, ഭാരക്കുറവ്, അമിതക്ഷീണം, പുറംവേദന, മലബന്ധം, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.

മൂന്നുവിധത്തിലാണ് ഒവേറിയൻ കാൻസറുകളുള്ളത്. എപിതെലിയൽ ഒവേറിയൻ കാൻസർ, സ്ട്രോമൽ ട്യൂമേഴ്സ്, ജെം സെൽ ട്യൂമേഴ്സ് എന്നിങ്ങനെയാണത്.

അപകടസാധ്യതാഘടകങ്ങൾ

  • പ്രായംകൂടുംതോറും ഒവേറിയൻ കാൻസർ സംബന്ധിച്ചുള്ള അപകട സാധ്യതകളും കൂടും. പ്രായമായവരിലാണ് കൂടുതലായി സ്ഥിരീകരിക്കാറുള്ളത്.
  • ചെറിയൊരു ശതമാനം ഒവേറിയൻ കാൻസറുകൾക്കു പിന്നിൽ ജനിതകഘടകങ്ങളാണ് കാരണം. BRCA1, BRCA2 എന്നീ ജീനുകളാണ് സാധ്യത വർധിപ്പിക്കുന്നത്.
  • രക്തബന്ധത്തിലുള്ള ആർക്കെങ്കിലും ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സാധ്യത കൂടുതലാണ്.
  • അമിതവണ്ണവും എൻഡോമെട്രിയോസിസ് എന്ന അവസ്ഥയും ഒവേറിയൻ കാൻസർ സാധ്യത വർധിപ്പിക്കാം.
  • ആർത്തവം നേരത്തേ ആരംഭിക്കുക, ആർത്തവ വിരാമം വൈകുക തുടങ്ങിയവയും ഗർഭിണിയാകാത്തതും രോഗസാധ്യത കൂട്ടാം.

Content Highlights: Learn about the subtle signs of ovarian cancer often mistaken for gastric issues, as explained by Dr. Arjun Shankaran from Hyderabad.