സൈബീരിയയിൽ 28-കാരി പ്ലേഗ് ബാധിച്ചു മരിച്ചു, രോഗംബാധിച്ചത് പൊട്ടിയ ടെസ്റ്റ്ട്യൂബിൽ നിന്നെന്ന് സംശയം

സൈബീരിയയിലെ ഇർകുസ്കിൽ ഇരുപത്തിയെട്ടുകാരിയായ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ചുമരിച്ചതായി റിപ്പോർട്ട്. ഇതിനുപിന്നാലെ നൂറുകണക്കിന് ആളുകൾ ക്വാറന്റൈനിൽ പ്രവേശിക്കുകയും അഞ്ച് ആശുപത്രികൾ പൂട്ടുകയും ചെയ്തു. ഷെലെഖോവിലെ ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലുള്ള ലാബ് ടെക്നീഷ്യൻ ഡാരിയ ഷിപിലോവ ആണ് മരിച്ചത്. പൊട്ടിയ ടെസ്റ്റ് ട്യൂബിൽ നിന്നാണ് വ്യാപനശേഷി കൂടുതലുള്ളതും തുടക്കത്തിൽ ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാവുന്നതുമായ ന്യൂമോണിക് പ്ലേഗ് ബാധിച്ചതെന്ന് റിപ്പോർട്ട്.
പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനിടയിൽ ലൈവ്ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ തകർന്നുപോയതായി അവർ മെഡിക്കൽ ജീവനക്കാരോട് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായ ന്യൂമോണിയ ലക്ഷണങ്ങളോടെ സെപ്റ്റംബർ 29-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡാരിയയെ പിന്നാലെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചിരുന്നു. ഒക്ടോബർ ഒന്നിനാണ് മരണം സംഭവിച്ചത്. ഡാരിയയുടെ മരണത്തിനുപിന്നാലെ സമ്പർക്കം പുലർത്തിയ ഇരുനൂറിലേറെപേർ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. ഇർകുസ്കിൽ പൊതുപരിപാടികൾ ഇനിയൊരു അറിയിപ്പു വരുന്നതുവരെ റദ്ദാക്കുകയും ചെയ്തു.
അപകടകരമായ അണുബാധ റിപ്പോർട്ട് ചെയ്തതായി സംശയിക്കുന്നുവെന്ന് ഇർകുസ്ക് പ്രവിശ്യ ഗവർണർ ഇഗോർ കോബ്സെവ് നേരത്തേ പറഞ്ഞിരുന്നു. ഉറവിടം വ്യക്തമല്ലാത്ത ന്യൂമോണിയ ബാധയാണെന്ന് ഞായറാഴ്ച അദ്ദേഹം സ്ഥിരീകരിച്ചു. രോഗിയുടെ സാമ്പിളുകൾ പരിശോധിച്ചതിൽ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട സൂക്ഷ്മാണുക്കൾ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇർകുസ്കിൽ ഒരു സ്ത്രീ പ്ലേഗ് ബാധിച്ചു മരിച്ചതായി സംശയിക്കുന്നുവെന്ന് റഷ്യയിലെ ബുറ്യാഷ്യാ പ്രവിശ്യയുടെ ഗവർണർ അലക്സി സിറ്റ്സോനോവ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
യെർസിനിയ പെസ്റ്റിസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ അണുബാധയാണ് ന്യൂമോണിക് പ്ലേഗ്. ശക്തമായ പനി, തലവേദന, എന്നിവ പ്ലേഗിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാം. ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ചുവേദന, തുടർച്ചയായ ചുമ, ചിലപ്പോൾ രക്തം കലർന്നതോ വെള്ളമുള്ളതോ ആയ കഫം പുറത്ത് വരിക എന്നിവയും ന്യുമോണിക് പ്ലേഗിന്റെ ലക്ഷണങ്ങളാണ്. ചികിത്സിച്ചില്ലെങ്കിൽ ന്യൂമോണിക് പ്ലേഗ് പെട്ടെന്ന് തന്നെ മരണത്തിലേക്ക് നയിച്ചേക്കാം. അതിനാൽ രോഗിക്ക് ജീവൻ രക്ഷിക്കുന്നതിനും സങ്കീർണ്ണതകൾ കുറയ്ക്കുന്നതിനും നേരത്തെയുള്ള രോഗനിർണ്ണയവും ചികിത്സയും അത്യാവശ്യമാണ്
Content Highlights: A lab technician in Siberia, Russia, dies from plague, leading to quarantines and hospital closures in the region.