കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു, രോഗം ബാധിച്ചത് ഏഴുവയസ്സുകാരിക്ക്

#Health Desk
Representative Image | Photo: Canva.com
Representative Image | Photo: Canva.com

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴുവയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമായ കുട്ടി ആശുപത്രി വിട്ടിട്ടുണ്ട്. മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഷിഗെല്ല രോഗലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാവൂരിൽ മരിച്ച അമ്പത്തിനാലുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗെല്ല രോഗവും മരണവും റിപ്പോർട്ട് ചെയ്യുന്നത് കോഴിക്കോടാണ്. ജൂണിൽ മാത്രം നാൽപതിലേറെ കേസുകൾ കോഴിക്കോട് സ്ഥിരീകരിച്ചു.

എന്താണ് ഷിഗെല്ല ?

സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗത്തിന് കാരണമാകുന്നത് ബാക്ടീരിയയാണ്. ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകും. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും രോഗം പകരാം.

രോഗം ഗുരുതരമാകുന്നത് മരണകാരണമാകാം. ഷിഗെല്ല രോഗം ബാധിച്ചയാളുമായി സമ്പർക്കത്തിൽ വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം രോഗലക്ഷണം ആരംഭിക്കും. ചിലപ്പോൾ ഒരാഴ്ചയ്ക്കുശേഷവും രോഗലക്ഷണം പ്രകടമാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരാം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകയെന്നതാണ് രോഗത്തെ അകറ്റിനിർത്താനുള്ള വഴി. നിപ പോലെ വ്യാപിക്കാനും സാധ്യതയുള്ളതായാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കും. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒ.ആർ.എസ്. ലായനി എന്നിവ കുടിക്കണം. സ്വയം ചികിത്സ നടത്താതെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. 

Content Highlights: Confirmed Shigella case in a 7-year-old girl in Nadapuram, Kozhikode., Health department urges strict personal hygiene and food safety protocols.