പതിനൊന്നാം വയസ്സിൽ മകന്റെ മരണം, കാരണമായത് എൻഡോമയോകാർഡിയൽ ഫൈബ്രോസിസ്; തുറന്നുപറഞ്ഞ് നടൻ

പതിനൊന്നാം വയസ്സിൽ മകൻ മരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ശേഖർ സുമൻ. എൻഡോമയോകാർഡിയൽ ഫൈബ്രോസിസ് എന്ന അപൂർവ ഹൃദ്രോഗം ബാധിച്ചാണ് 1995-ൽ മകൻ ആയുഷ് മരിച്ചതെന്ന് ദി ലല്ലൻടോപ്പിനു നൽകിയ അഭിമുഖത്തിനിടെ ശേഖർ സുമൻ പറഞ്ഞു.
മകന്റെ ആരോഗ്യനില വഷളാകുന്നത് നിസ്സഹായനായി കണ്ടുനിൽക്കേണ്ടി വന്നതിനേക്കുറിച്ചും ശേഖർ സുമൻ പറഞ്ഞു . "പപ്പാ, ദയവായി എന്നെ രക്ഷിക്കൂ" എന്ന് മകൻ പറയുമായിരുന്നു. മക്കളെ നഷ്ടപ്പെടുന്നതിനേക്കാൾ വലിയ ദുരന്തം മാതാപിതാക്കൾക്ക് ഉണ്ടാകാനില്ല. ഇപ്പോഴും എല്ലാ ദിവസവും രണ്ടുമൂന്നു മണിക്കൂർ അവനെക്കുറിച്ച് ചിന്തിക്കാനും സംസാരിക്കാനും മാത്രമായി മാറ്റിവെക്കാറുണ്ടെന്നും ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവാണതെന്നും ശേഖർ സുമൻ പറയുന്നു.
എന്താണ് അപൂർവമായ എൻഡോമയോകാർഡിയൽ ഫൈബ്രോസിസ് എന്നു പരിശോധിക്കാം.
ഹൃദയ അറകളുടെ ഉൾഭിത്തിയിൽ സ്കാർ ടിഷ്യുവിന് സമാനമായ അസാധാരണമായ ഫൈബ്രസ് ടിഷ്യു അടിഞ്ഞുകൂടുന്ന അപൂർവ്വമായ ഒരു ഹൃദ്രോഗമാണിത്. ഇത് ക്രമേണ ഹൃദയത്തിന്റെ വഴക്കം കുറയ്ക്കുകയും ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ രക്തം പമ്പ് ചെയ്യാൻ തടസ്സം നേരിടുകയും ചെയ്യും. രോഗം വഷളാകുമ്പോൾ ഹൃദയസ്തംഭനം, ക്രമരഹിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കും കാരണമാകും.
അണുബാധകൾ, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവയുൾപ്പെടെ ചില പോഷകങ്ങളുടെ കുറവ്, പാരിസ്ഥിതിക വിഷവസ്തുക്കളും മലിനീകരണ വസ്തുക്കളുമായുള്ള സമ്പർക്കം, ഹൃദയത്തിനുള്ളിലെ വീക്കം തുടങ്ങിയവ അപകടസാധ്യത കൂട്ടാമെങ്കിലും യഥാർഥകാരണം എന്താണെന്നത് വ്യക്തമല്ല.
ലക്ഷണങ്ങൾ
- ശ്വാസതടസ്സം
- വിട്ടുമാറാത്ത ക്ഷീണം
- നീർക്കെട്ട്
- വയറ് സ്തംഭിച്ചതുപോലെ തോന്നുക
- ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങിയവ ലക്ഷണങ്ങളാണ്.
എൻഡോമയോകാർഡിയൽ ഫൈബ്രോസിസ് വഷളായതിനുശേഷം മാത്രമാണ് തിരിച്ചറിയുന്നതെങ്കിൽ മാറ്റിയെടുക്കുക സാധ്യമല്ല. ലക്ഷണങ്ങൾ നിയന്ത്രിക്കാനും സങ്കീർണ്ണതകൾ കുറയ്ക്കാനുമുള്ള ചികിത്സകളാണ് നൽകിവരാറുള്ളത്.
Content Highlights: Shekhar Suman shares the heartbreaking story of his son's battle with endomyocardial fibrosis, a rare heart disease, leading to his untimely death.