വിട്ടുമാറാത്ത ചുമ വായു മലിനീകരണത്തിന്റേതെന്ന് കരുതി, ചികിത്സാച്ചെലവ് താങ്ങാവുന്നതിലുമേറെ- നടൻ

ഫാമിലി മാൻ എന്ന സീരീസിലൂടെ പ്രശസ്തനായ നടൻ ഷരീബ് ഹാഷ്മി ഭാര്യയുടെ അർബുദപോരാട്ടത്തേക്കുറിച്ച് തുറന്നുപറഞ്ഞ് അധികമായില്ല. ഭാര്യ നസ്രീൻ ഹാഷ്മിക്ക് വായിൽ അർബുദം ബാധിച്ചതിനേക്കുറിച്ചും ആറാം തവണയും രോഗം തിരിച്ചുവന്നതിനേക്കുറിച്ചുമൊക്കെയാണ് ഷരീബ് പങ്കുവെച്ചത്. ഇപ്പോഴിതാ രോഗസ്ഥിരീകരണം നടത്തിയതിനേക്കുറിച്ചും ചികിത്സാച്ചെലവ് ബാധ്യതയായി മാറുന്നതിനേക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ഷരീബ്.
അർബുദ പോരാട്ടത്തിനിടയിലും തന്റെ കുടുംബമൊന്നാകെ പോസിറ്റീവ് മനോഭാവം പുലർത്താൻ ശ്രമിക്കുകയാണെന്ന് ഷരീബ് പറയുന്നു. ചികിത്സ പുരോഗമിക്കുകയാണ്, നസ്രീന്റെ ശരീരം പോസിറ്റീവായി പ്രതികരിക്കുന്നുമുണ്ട്. ഭാര്യ വലിയ പോരാളിയാണ്, അവളുടെ പോരാട്ടവീര്യമാണ് തങ്ങൾക്കും പ്രതീക്ഷ പകരുന്നത്. പക്ഷേ, കാൻസർ ശരീരമാകെ പടർന്നതിനാൽ ഇത് നീണ്ട യാത്രയാണെന്നും ഷരീബ് പറഞ്ഞു.
2018-ലാണ് നസ്രീന് ആദ്യമായി അർബുദം സ്ഥിരീകരിക്കുന്നത്. അവിടുന്നിങ്ങോട്ട് ട്യൂമർ നീക്കുന്നതിനായി അഞ്ച് സർജറികളും ചെയ്തു. ഈവർഷം ഫെബ്രുവരിയിലാണ് അർബുദം വീണ്ടും തിരികെയെത്തിയത്. രണ്ടരമാസത്തോളം നിർത്താതെ ചുമയ്ക്കുന്നതായിരുന്നു ലക്ഷണം. വായുനിലവാരം മോശമായിരുന്നതിനാൽ എല്ലാവരും ആ സമയത്ത് ചുമയ്ക്കുന്നുണ്ടായിരുന്നു. അതിന്റെയാകുമെന്നാണ് കരുതിയത്. എക്സ്-റേ എടുത്തപ്പോൾ അതിലൊരു തകരാറും കണ്ടില്ല. പക്ഷേ, ഫെബ്രുവരി പകുതിയായതോടെ വായയിൽ ഒരു കുമിള രൂപപ്പെട്ടു. വൈകാതെ ഡോക്ടറെ കണ്ട് ബയോപ്സിയും പെറ്റ് സ്കാനും ചെയ്തു. അങ്ങനെയാണ് രോഗം വീണ്ടും തിരികെവന്നുവെന്ന് മനസ്സിലായത്. ആദ്യം വായയിൽ മാത്രമായിരുന്നു അർബുദം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോളത് ശ്വാസകോശം, അസ്ഥി എന്നിവിടങ്ങളിലേക്കും ഹൃദയം, കരൾ എന്നിവയ്ക്കടുത്തേക്കും വ്യാപിച്ചുവെന്ന് ഷരീബ് പറയുന്നു.
രോഗം വ്യാപിച്ചതിനാൽ ഇനി സർജറിലൂടെ നീക്കംചെയ്യുക സാധ്യമല്ല. നിലവിൽ കീമോതെറാപ്പിയും ഇമ്മ്യൂണോതെറാപ്പിയുമാണ് ചെയ്യുന്നത്. ചികിത്സാച്ചെലവ് പലപ്പോഴും തനിക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പറയുന്നുണ്ട്. തന്റെ ഇൻഷുറൻസ് പോലും ചികിത്സാച്ചെലവ് വഹിക്കാൻ പര്യാപ്തമല്ല. സിനിമാമേഖലയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചാൽ മാത്രമേ ഭാര്യയുടെ മെഡിക്കൽ ബില്ലുകൾ വഹിക്കാനാവൂ. മുന്നിൽ വരുന്ന ഒരവസരത്തോടും നോ പറയാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ മാത്രമേ ചികിത്സാച്ചെലവിനെക്കുറിച്ച് ആലോചിക്കാതിരിക്കാൻ പറ്റൂ. നിലവിലെ ചികിത്സാരീതി പൂർത്തിയായാൽ ടാർഗെറ്റഡ് തെറാപ്പിയും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്, അത് വളരെ ചെലവേറിയതുമാണ്. അത് സ്വന്തമായി താങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു- ഷരീബ് പറഞ്ഞു.
മക്കളോട് ഭാര്യയുടെ അർബുദത്തേക്കുറിച്ച് തുറന്നുപറഞ്ഞതിനേക്കുറിച്ചും ഷരീബ് പറയുന്നുണ്ട്. ഒരുമിച്ചിരുന്നാണ് മക്കളോട് ഇക്കാര്യം പറഞ്ഞത്. മകൻ കുറച്ചുകൂടി വലുതായതിനാൽ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാകുമായിരുന്നു. ഈ രോഗം കാരണം രണ്ടുപേരും നേരത്തേ പക്വത കൈവരിച്ചതായി തോന്നാറുണ്ട്. 2018 മുതൽ അവർ ഞങ്ങളുടെ ദുരിതം കാണുകയാണ്, അതവരെയും ബാധിച്ചിട്ടുണ്ടാവും. തങ്ങളുടെ അവസ്ഥയോർത്ത് പലകാര്യങ്ങളും അവർ പറയാറില്ലെന്നും നടൻ കൂട്ടിച്ചേർക്കുന്നു.
2003 ഡിസംബർ 27-നാണ് ഷരീബ് നസ്രീനെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു മകളും ഒരു മകനുമുണ്ട്.
ഓറൽ കാൻസർ നിസ്സാരമാക്കരുത്
വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതാണ് വായിലെ കാൻസർ. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം)വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ കാൻസറായാണ് അറിയപ്പെടുന്നത്. പലപ്പോഴും, രോഗത്തിന്റെ ആദ്യകാലലക്ഷണങ്ങളായ ചെറിയ വായ്പുണ്ണ്, ചെറിയ വേദന, ഉണങ്ങാത്ത മുറിവ് എന്നിവരെ പലരും അവഗണിക്കാറാണ് പതിവ്.
വായിലെ മുറിവുകളും പാടുകളും സാധാരണ സംഭവമാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ ഗുരുതര രോഗങ്ങളുടെ സൂചനയാകാം എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ടാഴ്ച കഴിഞ്ഞും ഈ പാടുകളും മുറിവും തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണെന്നാണ് വിദഗ്ധർ പറയുന്നത്.
പൂർവാർബുദ അവസ്ഥകൾ
ല്യൂക്കോപ്ലാക്കിയ (Leukoplakia)
വെള്ളപ്പാട് എന്ന് അർഥം വരുന്ന ഇത് പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാടുകൾ പ്രധാനമായി 3 തരത്തിൽ കാണുന്നു
ഹോമോ ജീനസ് ല്യൂക്കോപ്ലാക്കിയ (HOMOGENUS LEUKOPLAKIA)
തൊലിയിൽ അല്പം തടിച്ചു നിൽക്കുന്ന ഈ പാട് വളരെ നേർമയേറിയതും മിനുമിനുത്തതുമാണ് .
സ്‌പെകിൽഡ് ല്യൂക്കോപ്ലാക്കിയ (SPECKLED LEUKOPLAKIA)
കവിളിന്റെ ഉൾഭാഗത്തു വായുടെ രണ്ടുവശങ്ങളിലും പൊടി വിതറിയ പോലുള്ള വെള്ള പാടുകളാണ് ഈ വിധത്തിൽ അറിയപ്പെടുന്നത് . ഇവ കാൻസർ ആയി മാറാനുള്ള സാധ്യത കൂടുതലാണ്
നോഡുലാർ അൾസറേറ്റഡ് ല്യൂക്കോപ്ലാക്കിയ (NODULAR ULCERATED LEUKOPLAKIA)
വെള്ളപ്പാടുകൾക്കിടയിൽ വ്രണവും ചുവന്ന നിറവും ഇടകലർന്നാണ് ഇവ കാണുക. കാൻസർ ആവാനുള്ള സാധ്യത വളരെ കൂടുതലാണ്. തുടർച്ചയായ പരിശോധന നിരീക്ഷണങ്ങൾക്കായി ഡോക്ടറെ കാണേണ്ടതാണ് .
ലക്ഷണങ്ങൾ
- വായിൽ തുടർച്ചയായുള്ള പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്കുകയും ചെയ്യുക
- വായ തുറക്കാൻ പ്രയാസം അനുഭവപ്പെടുക
- വെള്ളയോ ചുവന്നതോ രണ്ടും കൂടിയതോ ആയ മാറ്റങ്ങൾ നാവിലോ മോണയിലോ കവിളിലോ കാണുക.
- ഏതെങ്കിലും രീതിയിലുള്ള മുഴ കഴുത്തിൽ കാണുക.
- വായിലോ താടിയെല്ലിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുക.
- ഭക്ഷണം ചവക്കാനോ ഇറക്കാനോ ഉള്ള ബുദ്ധിമുട്ട്
- വായയുടെ ഏതെങ്കിലും ഭാഗത്ത് തടിപ്പോ മുഴയോ കല്ലിപ്പോ കാണുക
- വായിൽനിന്നും അകാരണമായ രക്തസ്രാവം
- ശബ്ദത്തിലുള്ള വ്യതിയാനം
- പല്ലുകൾ ഇളകുക
- അകാരണമായി ശരീരഭാരം കുറയുക
വായിലെ കാൻസർ എങ്ങനെ തടയാം ?
- എല്ലാതരത്തിലുമുള്ള പുകയിലയുടെ ഉപയോഗവും പൂർണമായി നിർത്തുക.
- മദ്യം ഉപയോഗിക്കാതിരിക്കുക.
- സമീകൃത ആഹാരം ശീലിക്കുക, പച്ചക്കറികളും പഴങ്ങളും ധാരാളം ചേർക്കുക.
- എല്ലാ ആറുമാസം കൂടുംതോറും ഡോക്ടറെ കാണുക.
Content Highlights: Sharib Hashmi's wife Nasreen is battling recurring cancer since 2018., Persistent cough was initially mistaken for air pollution symptoms., The cancer has spread to lungs, bones, and near vital organs, making surgery impossible.,