‘ഉറക്കത്തിനിടെപോലും വേദനമൂലം എഴുന്നേറ്റു, അതുവരെ എല്ലാ സ്ത്രീകൾക്കും ഇങ്ങനെയാണെന്നാണ് കരുതിയത്’

#Health Desk
ഷമിത ഷെട്ടി
ഷമിത ഷെട്ടി

എൻഡോമെട്രിയോസിസ് മാറാൻ വേഗം ഗർഭം ധരിക്കൂ എന്ന് ഡോക്ടർ വിചിത്ര ഉപദേശം നൽകിയതിനേക്കുറിച്ച് ബോളിവുഡ് നടി ഷമിത ഷെട്ടി കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ കാര്യത്തിൽ എൻഡോമെട്രിയോസിസ് ആണെന്ന് തിരിച്ചറിയാൻ ഏറെ സമയമെടുത്തെന്നും പറയുകയാണ് ഷമിത.

നടി സോഹ അലി ഖാൻ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റ് ഷോയ്ക്കിടയിലാണ് ഷമിത ഇതേക്കുറിച്ച് പങ്കുവെച്ചത്. ഓരോതവണ ലക്ഷണങ്ങൾ പ്രകടമാവുമ്പോഴും ഇത് സാധാരണ എന്തെങ്കിലുമാകുമെന്നാണ് കരുതിയത്. ആദ്യത്തെ തവണ ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോൾ പാപ്സ്മിയർ ഉൾപ്പെടെയുള്ള എല്ലാ ടെസ്റ്റുകളും ചെയ്തു. റിപ്പോർട്ടുകളെല്ലാം നോർമലായി വന്നപ്പോൾ ആരും കൂടുതൽ വിദഗ്ധ പരിശോധന വേണമെന്ന് ചിന്തിച്ചില്ല. അതങ്ങനെ വെറുതെവിടുകയും ചെയ്തുവെന്ന് ഷമിത പറയുന്നു.

രോഗസ്ഥിരീകരണം വൈകിയത് എത്രത്തോളം കഷ്ടപ്പെടുത്തിയെന്നും ഷമിത പറയുന്നുണ്ട്. ലക്ഷണങ്ങൾ വരുമ്പോഴൊക്കെ ഇത് സാധാരണയുണ്ടാകുന്നതാകും എന്ന് കരുതി. എല്ലാ സ്ത്രീകൾക്കും ഇതുപോലെയുണ്ടാകും എന്നും കരുതി. ആർത്തവ വേദനയാണെങ്കിലും ഹോർമോൺ സംബന്ധമായ വേദനയാണെങ്കിലുമൊക്കെ സ്ത്രീകളിൽ അതുവളരെ സാധാരണം ആണെന്നാണ് കരുതുന്നത്. അത്തരം വേദനകളുമായി കഴിയണമെന്നാണ് ആളുകൾ കരുതുന്നത്.

വർഷങ്ങളോളം പല പരിക്കുകളും ഉണ്ടായിരുന്നതിന്റെ ഭാഗമായി താൻ വേദന നന്നായി സഹിക്കുന്ന അവസ്ഥയിലായിരുന്നു. എന്നാൽ ക്രമേണ തന്റെ അവസ്ഥ അവഗണിക്കാൻ കഴിയാത്തത്ര വഷളായി. സർജറി ചെയ്യുന്നതിന് എട്ടുമാസം മുമ്പ് വേദന തീവ്രമായി. ഉറക്കത്തിൽനിന്നുപോലും തീവ്രമായ വേദനമൂലം എഴുന്നേൽക്കുന്ന അവസ്ഥയായി. അന്നാണ് എന്തോ സാരമായ തകരാറുണ്ടെന്ന് ചിന്തിക്കുന്നത്. പലപ്പോഴും ഇത് പെരിമെനോപോസിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്നങ്ങളാണോ എന്നുപോലും ചിന്തിച്ചിരുന്നുവെന്ന് ഷമിത പറയുന്നു.

രാജ്യത്ത് 43ദശലക്ഷം സ്ത്രീകൾ എൻഡോമെട്രിയോസിസ് മൂലമുള്ള ദുരിതം അനുഭവിക്കുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. പതിനഞ്ചുമുതൽ നാൽപത്തിയഞ്ചുവരെ പ്രായമുള്ള സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണിത്. ആഗോളതലത്തിൽ പ്രത്യുത്പാദന പ്രായത്തിലുള്ള 190ദശലക്ഷം സ്ത്രീകളെ ഈ അവസ്ഥ ബാധിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

എന്താണ് എൻഡോമെട്രിയോസിസ്?

ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം.

ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.

എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്.

ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.

ലക്ഷണങ്ങൾ

ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധത്തിലേർപ്പെടുന്ന സമയത്തുണ്ടാവുന്ന വേദന, വന്ധ്യത, മാറാതെ നിൽക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.

ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി, എം.ആർ.ഐ സ്‌കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്‌കോപി പരിശോധനയാണ്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.

ചികിത്സ

രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്‌കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂർവസാഹചര്യങ്ങളിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടിയും വന്നേക്കാം.

Content Highlights: Shamita Shetty recounts the long delay in receiving an accurate endometriosis diagnosis., Common symptoms include severe abdominal and back pain, often mistaken for normal menstrual cramps