മരുന്നുപയോഗിച്ച് 15കിലോ കുറച്ചുവെന്ന് സെറീന വില്യംസ്; GLP-1 മരുന്നുകൾ വണ്ണംകുറയ്ക്കുന്നതെങ്ങനെ?

#Health Desk
സെറീന വില്യംസ്| Photo: facebook.com/SerenaWilliams
സെറീന വില്യംസ്| Photo: facebook.com/SerenaWilliams

വണ്ണംകുറച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ടെന്നീസ് ഇതിഹാസതാരം സെറീന വില്യംസ്. ശരീരഭാരം കുറയ്ക്കാൻ GLP-1(ഗ്ലൂക്കഗോൺ ലൈക്ക് പെപ്റ്റൈഡ്-) മരുന്നുകൾ സ്വീകരിക്കാനുണ്ടായ തീരുമാനത്തേക്കുറിച്ചും സെറീന പങ്കുവെച്ചു. സെപ്ബൗണ്ട്(tirzepatide) എന്ന മരുന്നുപയോഗിച്ചാണ് താൻ വണ്ണം കുറച്ചതെന്നാണ് സെറീന പറഞ്ഞത്.

നാലുവർഷത്തെ ഇടവേളയ്ക്കുശേഷം പ്രൊഫഷണൽ ടെന്നീസിലേക്ക് മടങ്ങിയെത്തവേയാണ് ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചത്. സെപ്ബൗണ്ട് ഉപയോഗിച്ച് ഏകദേശം പതിനഞ്ചു കിലോയാണ് താൻ കുറച്ചതെന്നും സെറീന പറഞ്ഞു. വണ്ണംകുറച്ചത് സൗന്ദര്യപരമായ കാരണങ്ങളാലല്ല, മറിച്ച് ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടിയായിരുന്നുവെന്നും സെറീന പറഞ്ഞു.

2017-ൽ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം ശരീരഭാരം വർധിച്ചുവെന്നും അനുബന്ധപ്രശ്നങ്ങൾ തുടങ്ങിയെന്നും സെറീന പറഞ്ഞിരുന്നു. എത്ര ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും വ്യായാമം ചെയ്തിട്ടും ശരീരഭാരം ഉദ്ദേശിച്ച നിലയിലേക്ക് എത്തിയില്ല. 2023-ൽ രണ്ടാമത്തെ പ്രസവത്തിനുശേഷവും സമാനമായ അവസ്ഥയിലൂടെ കടന്നുപോയി. അങ്ങനെയാണ് മരുന്നിലൂടെ വണ്ണംകുറയ്ക്കാൻ തീരുമാനിച്ചതെന്നും സെറീന പങ്കുവെച്ചിരുന്നു.

GLP-1 മരുന്നുകൾ പ്രവർത്തിക്കുന്നതെങ്ങനെ?

വിശപ്പ് കുറയ്ക്കുകയെന്നതാണ് GLP-1 മരുന്നുകളുടെ അടിസ്ഥാന ധർമം. വയറുനിറഞ്ഞുവെന്ന തോന്നലുളവാക്കുന്ന ഒരു ഹോർമോണിനെ (GLP-1) അനുകരിക്കുകയാണ് ചെയ്യുന്നത്. കുറച്ച് ആഹാരം കഴിക്കുമ്പോൾത്തന്നെ ഈ തോന്നൽ വരുത്താൻ ഇവയ്ക്ക് കഴിയും. അതോടൊപ്പം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ നിർമാണത്തിന്റെ തോത് കൂട്ടുന്നുമുണ്ട്. അതുകൊണ്ടാണ് പ്രമേഹത്തിന്‌ ഈ മരുന്ന് ഉപയുക്തമാകുന്നത്.

GLP-1 മരുന്നുകളുടെ ലക്ഷ്യങ്ങൾ

ആമാശയത്തിൽ നിന്ന് ഭക്ഷണം പുറത്തുപോകുന്നത് സാവധാനത്തിലാക്കുന്നതിലൂടെ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ കാരണമാകും. ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോൾ വിശപ്പ് നിയന്ത്രിക്കാനും തത്ഫലമായി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

എല്ലാവർക്കും ഉപയോഗിക്കാമോ?

സൗന്ദര്യപരമായ കാരണങ്ങളാൽ വണ്ണംകുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്കു വേണ്ടിയുള്ളതല്ല GLP-1 മരുന്നുകൾ. വിദഗ്ധ നിർദേശത്തോടെ ശരീരത്തിന് ആവശ്യമാണോ എന്നതു പരിശോധിച്ചുമാത്രമേ നൽകുകയുള്ളൂ. അമിതവണ്ണം മൂലം ടൈപ് 2 ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ഒബ്സട്രക്റ്റീവ് സ്ലീപ് അപ്നിയ തുടങ്ങിയവ ഉള്ളവർക്കാണ് പൊതുവേ നിർദേശിക്കുക. അതേസമയം സ്വാഭാവികമായി വണ്ണംകുറയ്ക്കാൻ കഴിയുന്നവർ വ്യായാമത്തിലൂടെയും ആഹാരം നിയന്ത്രിച്ചും ഉറക്കം കൃത്യമാക്കിയും സമ്മർദം കുറച്ചും വണ്ണംകുറയ്ക്കുന്നതാണ് നല്ലത്.

Content Highlights: Serena Williams lost 15kg using Zepbound (tirzepatide)., Motivation was health recovery post-pregnancy, not just aesthetics., GLP-1 drugs mimic hormones to suppress appetite and regulate blood sugar