മണിക്കൂറുകളോളം ഇരുന്നുള്ള ഓഫീസ് ജോലി ഫാറ്റി ലിവർ സാധ്യത കൂട്ടും, ശ്രദ്ധിക്കേണ്ടത്

ലോക ഫാറ്റിലിവർ ദിനമാണിന്ന്. ഫാറ്റിലിവർ സംബന്ധിച്ച് അവബോധം പരത്തുകയാണ് ഈ ദിനം ആചരിക്കുന്നതിന്റെ പ്രധാനലക്ഷ്യം. യുവാക്കളിലും ഫാറ്റിലിവർ കൂടുന്നതായാണ് അടുത്തിടെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി, വ്യായാമം ചെയ്യാതിരിക്കൽ തുടങ്ങിയവ ഫാറ്റിലിവർ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. എന്നാൽ യുവാക്കളിൽ ഫാറ്റിലിവർ കൂടുന്നതിനുപിന്നിൽ ഓഫീസുകളിലെ ദീർഘനേരമുള്ള ഇരിപ്പാണെന്ന് പഠനം പറയുന്നുണ്ട്.
മണിക്കൂറുകളോളം ഓഫീസിൽ ഇരിക്കുന്നതും സമ്മർദവും ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരിക്കുന്നതുമൊക്കെ ഫാറ്റിലിവർ സാധ്യത കൂട്ടുമെന്നാണ് ഗവേഷകർ പറയുന്നത്. മദ്യപിച്ചില്ലെങ്കിൽപ്പോലും ഇത്തരം ശീലങ്ങൾ കരളിൽ കൊഴുപ്പടിയാനുള്ള സാധ്യത വർധിപ്പിക്കും. സയന്റിഫിക് റിപ്പോർട്സ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലും സമാന കണ്ടെത്തലാണുള്ളത്. ഓഫീസ് ജോലിക്കാരിൽ എൺപത്തിനാല് ശതമാനം പേർക്കും ഫാറ്റിലിവർ സ്ഥിരീകരിക്കുന്നുവെന്ന് പഠനത്തിലുണ്ട്.
എട്ടും ഒമ്പതും മണിക്കൂറുകൾ ഓഫീസിലിരിക്കുന്നവരിൽ മെറ്റബോളിസം തകരാറിലാവുകയും കൊഴുപ്പടിയാൻ കാരണമാവുകയും ചെയ്യും. ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും. ഇവയെല്ലാം ഫാറ്റിലിവർ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ദീർഘസമയം ഇരിക്കുന്നതിന് പകരം ഇടയ്ക്കിടെ ഇടവേളയെടുക്കുക, സ്ട്രെച്ചിങ് ചെയ്യുക, നടക്കുക തുടങ്ങിയവയിലൂടെ ഫാറ്റിലിവർ സാധ്യത കുറയ്ക്കാമെന്നും വിദഗ്ധർ പറയുന്നു.
ഉറക്കം കുറയുന്നതും ഫാറ്റിലിവറും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രാത്രിയിൽ ഉറക്കം കുറയുന്നതും പകൽ സമയത്ത് ഉറങ്ങുന്നതും ഫാറ്റിലിവർ സാധ്യത കൂട്ടുമെന്ന് ചൈനയിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
ഫാറ്റി ലിവർ
കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. അഞ്ചു ശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കരളിൽ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാൽ, ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. ഇതിനെ മദ്യപാനംകൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവർ രോഗം എന്നുപറയുന്നു. ഇതിനെത്തന്നെ രണ്ടായി തരംതിരിക്കാം. ഒന്ന്, കരളിൽ കൊഴുപ്പ് അടിയുമ്പോൾ മാത്രം ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. രണ്ട്, കരളിൽ കൊഴുപ്പ് അടിയുന്നതോടൊപ്പം നീരും (inflammation) ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (Nonalcoholic steatohepatitis-NASH) എന്നു പറയുന്നു.
അമിതവണ്ണം, പ്രമേഹം, രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് എന്നിവയ്ക്കു പുറമേ ചില മരുന്നുകളുടെ ഉപയോഗവും ഫാറ്റി ലിവർ ഉണ്ടാകുന്നതിന് സാധാരണയായി കാരണമാകാറുണ്ട്. കുടലിലെ ബാക്ടീരിയകളിൽ (Gut microbiota) ഉണ്ടാകുന്ന വ്യത്യാസങ്ങളും അസന്തുലിതാവസ്ഥയും ഫാറ്റി ലിവറിന് കാരണമായേക്കാമെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു. ബാക്ടീരിയകൾ ഉണ്ടാക്കുന്ന എൻഡോ ടോക്സിനുകൾ കുടലിന്റെ ശ്ലേഷ്മസ്തരങ്ങളിൽ കേടുപാടുകളുണ്ടാക്കുകയും അതുമൂലം നീരുണ്ടാക്കുന്ന ഘടകങ്ങൾ (Inflammatory factors) കൂടുകയും ചെയ്യുന്നു. ഇത് മദ്യംമൂലമല്ലാത്ത ഫാറ്റി ലിവർ ഡിസീസിലേക്ക് നയിക്കുന്നു.
ലക്ഷണങ്ങൾ
മിക്കയാളുകളിലും ഫാറ്റി ലിവർ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. വളരെ കുറച്ചുപേരിൽ ക്ഷീണവും വയറിന്റെ മുകളിൽ വലതുവശത്തായി വേദനയും ഉണ്ടാകാറുണ്ട്. പലപ്പോഴും മറ്റ് അസുഖങ്ങളുടെ ഭാഗമായി അൾട്രാസൗണ്ട് സ്‌കാനിങ് വേണ്ടിവരുമ്പോൾ കരളിൽ കൊഴുപ്പടിഞ്ഞതായി കാണുകയോ ഹെൽത്ത് ചെക്കപ്പുകളുടെ ഭാഗമായി രക്തപരിശോധന നടത്തുമ്പോൾ കരളിലെ എൻസൈമുകൾ (AST, ALT) ഉയർന്ന തോതിലുള്ളതായി കാണുകയോ ചെയ്യുമ്പോഴാണ് ഈ രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.
കൊഴുപ്പ് കൂടുന്നതനുസരിച്ച് കരളിൽ നീർവീക്കം വരുകയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ആയിത്തീരുകയും ചെയ്യും. ഇതുമൂലം കാലക്രമേണ കരളിലെ കോശങ്ങൾ നശിക്കുകയും, അത് ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്യും.
Content Highlights: Long hours of sitting at office desks significantly increase the risk of fatty liver disease.