വണ്ണംവെക്കലും മുടികൊഴിച്ചിലും നിസ്സാരമാക്കരുത്, പി.സി.ഒ.എസ് തിരിച്ചറിയാൻ വൈകരുതെന്ന് സാറ അലി ഖാൻ

സാറ അലി ഖാൻ | Photos: instagram.com/saraalikhan95/channel/?hl=en
സാറ അലി ഖാൻ | Photos: instagram.com/saraalikhan95/channel/?hl=en

ബോളിവുഡ് ഇൻഡസ്ട്രിയിലെത്തി ചുരുങ്ങിയകാലം കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്ത താരമാണ് നടി സാറ അലി ഖാൻ. ആർത്തവത്തേക്കുറിച്ചും പ്രീമെൻസ്ട്ര്വൽ സിൻ‍ഡ്രോം, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്നിവയേക്കുറിച്ചൊക്കെ തുറന്നു സംസാരിച്ചിരിക്കുകയാണ് സാറ ഇപ്പോൾ. ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് മതിയായ ചികിത്സ തേടാൻ തയ്യാറാകണമെന്നാണ് സാറ പറയുന്നത്. 

വണ്ണംവെക്കുക, മുടികൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ നിസ്സാരമായി കാണാതെ പി.സി.ഒ.എസ്സിന്റേതാണോ എന്ന് പരിശോധിക്കണം. ലക്ഷണങ്ങൾ കുറയ്ക്കാൻ ദിവസവും വ്യായാമം ശീലമാക്കണമെന്നും സാറ പറയുന്നു. വലിച്ചുവാരി കിട്ടുന്നതെല്ലാം കഴിക്കുന്ന ശീലം കുറച്ച് ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും ​ഗുണംചെയ്യുമെന്ന് സാറ പറയുന്നു. ആർത്തവസമയത്താണെങ്കിൽപ്പോലും വ്യായാമം ചെയ്യുന്നത് നിർത്താറില്ല. വ്യായാമം ചെയ്യുന്നതിലൂടെ തന്റെ മാനസികനില മെച്ചപ്പെടുകയും വേദനയ്ക്ക് കുറവ് അനുഭവപ്പെടുകയുമാണ് ചെയ്യാറുള്ളത്. അധികം കഠിനമല്ലാത്ത വർക്കൗട്ടുകളും യോ​ഗയുമൊക്കെയാണ് ആർത്തവകാലത്ത് ചെയ്യാറുള്ളത്. 

പി.സി.ഒ.എസ് ആണെന്നോർത്ത് വിഷമിച്ചിരിക്കാതെ നല്ലദിവസങ്ങൾ വരാനിരിക്കുന്നുണ്ടെന്ന് അവനവനെ ഓർമിപ്പിക്കണമെന്നും സാറ പറയുന്നു. പ്രീമെൻസ്ട്ര്വൽ സിൻഡ്രോം (പി.എം.എസ്.) എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും സാറ പറയുന്നുണ്ട്. ആർത്തവമാകുന്നതിന് ഒന്നോ രണ്ടോ ആഴ്ച്ചമുമ്പ് സ്ത്രീകൾ അനുഭവിക്കുന്ന മാനസിക-ശാരീരിക പ്രശ്നങ്ങളെയാണ് പ്രീമെൻസ്ട്ര്വൽ സിൻഡ്രോം എന്നു പറയുന്നത്. കടുത്ത മൂഡ് സ്വിങ്സ്, വയറുവീർക്കുക, ഐസ്ക്രീം ക്രേവിങ് തുടങ്ങിയവയാണ് തനിക്ക് കൂടുതലായും പ്രകടമാകാറുള്ള ലക്ഷണങ്ങളെന്നും സാറ പറയുന്നു. 

പി.സി.ഒ.എസ്സിലൂടെ കടന്നുപോയ ദുരിതകാലത്തേക്കുറിച്ച് മുമ്പും സാറ തുറന്നുപറഞ്ഞിട്ടുണ്ട്. താൻ 96 കിലോയോളം വണ്ണംവെക്കാൻ കാരണമായത് പി.സി.ഒ.എസ് കാരണമാണെന്നും സിനിമാപ്രവേശനത്തിനുവേണ്ടിയാണ് വണ്ണംകുറയ്ക്കാൻ തീരുമാനിച്ചതെന്നും സാറ പറഞ്ഞിരുന്നു. 

എന്താണ് പി.സി.ഒ.എസ്?

അണ്ഡാശയങ്ങൾ ചെറു കുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം(പി.സി.ഒ.എസ്) എന്ന പേര് ഉണ്ടായത്. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.എസ്. എന്ന അവസ്ഥ ഉണ്ടാകുന്നത്. 

അമിതവണ്ണക്കാരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പി.സി.ഒ.എസ്. കാണാറുണ്ട്. അതിനാൽ ഭക്ഷണക്രമീകരണവും വ്യായാമങ്ങളും ഇരുവരും ശീലമാക്കേണ്ടതുണ്ട്.

ഏത് പ്രശ്നത്തിനാണ് മുൻഗണന നൽകേണ്ടത് എന്നതിനനുസരിച്ചാണ് പി.സി.ഒ.എസ്സിനുള്ള ചികിത്സ തീരുമാനിക്കുക. മൂലകാരണം വ്യക്തമല്ലാത്തതിനാൽ സ്ഥിരമായും പൂർണമായും പി.സി.ഒ.എസ്. ലക്ഷണങ്ങളിൽ നിന്നും മുക്തമാകാനുള്ള മരുന്നുകൾ ലഭ്യമല്ല. എന്നാൽ കൃത്യമായ ജീവിതശെെലി ക്രമീകരണം ഈ ലക്ഷ്യത്തിലെത്താൻ സഹായിക്കും. 

ആർത്തവ കൃത്യതയ്ക്കായി ഹോർമോൺ കോമ്പിനേഷനുകൾ സഹായകരമാകുന്നു.  വന്ധ്യത പ്രശ്നമാകുമ്പോൾ അണ്ഡോത്പാദനം വേഗത്തിലാക്കാനുള്ള ഗുളികകൾ കഴിക്കേണ്ടതായി വരാം. മുഖക്കുരു, രോമവളർച്ച, കറുത്ത പാടുകൾ മുതലായവയ്ക്ക് ചർമരോഗ വിദഗ്ധന്റെ നിർദേശപ്രകാരമുള്ള ചികിത്സ സ്വീകരിക്കാം. 

പിസിഒഎസ് കാരണങ്ങൾ അറിയാം

  • ജനിതക പാരമ്പര്യ കാരണങ്ങൾ. 
  • തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും 
  • ചില ഹോർമോൺ രോഗങ്ങളുടെ ലക്ഷണമായും വരാം
  • നിരവധി കാരണങ്ങൾ പിസിഒഎസിന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. 

ലക്ഷണങ്ങൾ

ആർത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഎസ്സിന്റെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. രക്തസ്രാവത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക, ആർത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആർത്തവം ഉണ്ടാവുന്നതിനുള്ള കാലതാമസം, വലിയ ഇടവേളയ്ക്ക് ശേഷം അമിത രക്തസ്രാവത്തോടെ ദീർഘനാൾ നീണ്ടുനിൽക്കുന്ന രക്തസ്രാവം, ആർത്തവം നിലച്ചുപോയതു‌പോലെയുള്ള അവസ്ഥ, അമിതവണ്ണം, രോമവളർച്ച, മുഖക്കുരു തുടങ്ങിയവയെല്ലാം പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഫ്രൈബ്രോയിഡുകളുടേത് പോലെ വേദന ഉണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടില്ല. 

ചികിത്സ

ഇസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ അടങ്ങിയ ഗുളികകൾ ക്രമീകരിച്ചു നൽകിയാണ് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത്. അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യപ്രതിവിധി. പിസിഒഎസ് ഉള്ളവർ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്‌കൂൾ, കോളേജ് വിദ്യാർഥികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ശരീരം ആയാസപ്പെടുന്ന തരത്തിൽ വ്യായാമം ചെയ്യണം. ദീർഘദൂര നടത്തം, സ്‌കിപ്പിങ്, സൈക്ലിങ്, നൃത്തം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്. 

ഭക്ഷണത്തിൽ നിന്നും ഇവ ഒഴിവാക്കുക

ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. 

വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് മുൻതൂക്കം നൽകുക. പച്ചക്കറികൾക്കും പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം. 

Content Highlights: sara ali khan on pms and pcos