‘വർഷങ്ങളോളം നിശബ്ദം ഈ അവസ്ഥയുമായി ജീവിച്ചു’; ബുളീമിയ നെർവോസയെ അതിജീവിച്ചതിനേക്കുറിച്ച് നടി സന

ബുളീമിയ നെർവോസ എന്ന ഈറ്റിങ് ഡിസോർഡറുമായുള്ള പോരാട്ടത്തേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി സന സയീദ്. എന്താണ് അനുഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞത് വർഷങ്ങൾക്കുശേഷമാണെന്നും കുച്ച് കുച്ച് ഹോതാ ഹൈ, സ്റ്റുഡന്റ് ഓഫ് ദ ഇയർ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ സന പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സന ഇതേക്കുറിച്ച് പറഞ്ഞത്. വർഷങ്ങളോളം താൻ ബുളീമിയ എന്ന ഈറ്റിങ് ഡിസോർഡറുമായാണ് കഴിഞ്ഞത്. എന്നാൽ തനിക്കതാണെന്ന് സ്വയം ബോധ്യപ്പെടുത്താൻ ഏറെ പണിപ്പെട്ടുവെന്നും നടി പറയുന്നു. താനൊരിക്കലും അതേക്കുറിച്ച് കേട്ടിരുന്നില്ല. അങ്ങനെ കേട്ടിരുന്നെങ്കിൽ നേരിട്ട് പ്രശ്നത്തെ കൈകാര്യം ചെയ്യാനാകുമായിരുന്നുവെന്നും നടി പറയുന്നു.
‘’വർഷങ്ങളോളം എനിക്ക് ഈറ്റിങ് ഡിസോർഡർ ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അതിനർഥം ഈ അവസ്ഥ എന്നെ കഷ്ടപ്പെടുത്തിയിട്ടില്ല എന്നല്ല. മറിച്ച് ഇതേക്കുറിച്ച് കേട്ടിട്ടില്ലാത്തതിനാലാണ്. വളരുമ്പോഴും ആരും ഇതേക്കുറിച്ച് പറയുന്നതു കേട്ടില്ല. വർഷങ്ങളോളം നിശബ്ദം ഈ അവസ്ഥയുമായി ജീവിച്ചു. ഒടുവിൽ ബുളീമിയയേക്കുറിച്ച് വായിച്ചപ്പോഴാണ് ഇതാണല്ലോ എനിക്കുമുള്ളതെന്ന് തിരിച്ചറിഞ്ഞത്.’’ - സന പറയുന്നു.
എന്താണെന്നുപോലും അറിയാതെ ഇത്തരത്തിൽ പല ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നവർക്കുവേണ്ടിയാണ് ഇപ്പോൾ ഇക്കാര്യം തുറന്നുപറയാൻ തീരുമാനിച്ചതെന്നും സന പറയുന്നു. നിങ്ങൾ ഒറ്റക്കല്ല. ഇതിനെ മറികടക്കാൻ വഴിയുണ്ട്. താൻ പൂർണ്ണമായി സുഖം പ്രാപിച്ചു. തന്റെ ശരീരത്തിലും ജീവിതത്തിലും ഇത്രത്തോളം സമാധാനം മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.
ബുളീമിയ നെർവോസ എന്ന ഈറ്റിങ് ഡിസോർഡർ ഉള്ളവർ ഒരേസമയം വലിയ അളവിൽ ഭക്ഷണം കഴിക്കുകയും പിന്നാലെ ഛർദ്ദിച്ചോ, വയറിളക്കാനുള്ള മരുന്നുകൾ ഉപയോഗിച്ചോ, ഉപവസിച്ചോ അല്ലെങ്കിൽ സാധാരണയിൽ കവിഞ്ഞ് അമിതമായി വ്യായാമം ചെയ്തോ കഴിച്ച ഭക്ഷണം ശരീരത്തിൽ നിന്ന് പുറന്തള്ളാനോ ശരീരഭാരം കൂടുന്നത് തടയാനോ ശ്രമിക്കുകയും ചെയ്യും.
എന്താണ് ഈറ്റിങ് ഡിസോർഡർ?
ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കും വിധത്തിൽ ഭക്ഷണക്രമത്തിലുണ്ടാകുന്ന താളക്രമവും അതുമായി ബന്ധപ്പെട്ട അസ്വസ്ഥപ്പെടുത്തുന്ന ചിന്തകളുമാണ് ഈറ്റിങ് ഡിസോർഡർ. അനോറെക്സിയ നെർവോസ, ബുളീമിയ നെർവോസ, ബിഞ്ച് ഈറ്റിങ് ഡിസോർഡർ എന്നിങ്ങനെ പലവിഭാഗങ്ങളുണ്ട്. ഈറ്റിങ് ഡിസോർഡർ ഉള്ള ഒരു വ്യക്തി വളരെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുകയോ അമിതമായി കഴിക്കുകയോ ചെയ്തേക്കാം. മനഃശാസ്ത്രപരമായ ഈ അവസ്ഥ ശാരീരിക അവസ്ഥയെയും സാരമായി ബാധിക്കാം. ജൈവശാസ്ത്രപരം, ജനിതകം , മനഃശാസ്ത്രപരവുമായ കാരണങ്ങളാലാണ് ഈറ്റിങ് ഡിസോർഡർ ഉണ്ടാകുന്നത്. ഒരാൾ തന്റെ ശരീരത്തിന് ആവശ്യമായതിലും അധികം ഭക്ഷണം കഴിക്കുന്നതും ആ അളവിനേക്കാൾ വളരെ കുറവ് കഴിക്കുന്നതുമൊക്കെ ഈറ്റിങ് ഡിസോർഡറിന്റെ പരിധിയിൽ വരും.
ഈറ്റിങ് ഡിസോർഡറിന്റെ ചില ലക്ഷണങ്ങൾ
- അമിതമായി വണ്ണം കുറയൽ
- പൊതുഇടത്തിൽ ഭക്ഷണംകഴിക്കാനുള്ള ആശങ്ക
- ഭാരം, ഭക്ഷണം, കലോറി, കൊഴുപ്പ്, ഡയറ്റിങ് എന്നിവയെക്കുറിച്ചുള്ള വ്യഗ്രത
- ഭക്ഷണം ഒഴിവാക്കുക
- അമിതവണ്ണം വെക്കുമോ എന്ന ഭയം
- ഭക്ഷണത്തിന്റെ അളവ് നന്നേ കുറയ്ക്കുക
- അമിതമായി വ്യായാമം ചെയ്യൽ
- വയറുവേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ
- തലകറക്കം
- എപ്പോഴും തണുപ്പ് അനുഭവപ്പെടൽ
- ഉറക്കത്തിലെ ക്രമക്കേട്
- ആർത്തവ ക്രമക്കേടുകൾ
- മസിലുകൾ ക്ഷയിക്കുന്നത്
- പ്രതിരോധശേഷി കുറയൽ
ഈറ്റിങ് ഡിസോർഡറിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയംചികിത്സ നടത്താതെ വിദഗ്ധ ഉപദേശം തേടണം.
Content Highlights: Sana Saeed shares her personal experience with bulimia to raise awareness., Early identification of eating disorder symptoms is crucial for recovery., Bulimia nervosa involves cycle of bingeing and purging behaviors