ഇൻസ്റ്റന്റ് നൂഡിൽസിലൂടെ സാൽമൊണെല്ല ബാക്ടീരിയ വ്യാപനം, യൂറോപ്പിൽ 106പേർ ചികിത്സയിൽ

ഇൻസ്റ്റന്റ് നൂഡിൽസിലൂടെയുണ്ടായ സാൽമൊണെല്ല ബാക്ടീരിയ വ്യാപനത്തിൽ യൂറോപ്യൻ യൂണിയനിലെ പതിമൂന്ന് രാജ്യങ്ങളിലും യു.കെ.യിലുമായി 106 പേർ ചികിത്സയിൽ. 2025 നവംബർ മുതൽ 2026 ജൂൺ വരെയുള്ള രോഗവ്യാപനത്തിൽ 49പേർക്ക് ആശുപത്രീ പരിപാലനവും ആവശ്യം വന്നതായി യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ വ്യക്തമാക്കി. രോഗബാധിതരിലേറെയും കുട്ടികളും യുവാക്കളുമാണ്.
സാൽമോണെല്ല സ്റ്റാൻലി വകഭേദമാണ് വ്യാപിച്ചിരിക്കുന്നതെന്ന് യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റിയും അറിയിച്ചു. ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫ്രാൻസ്, ജർമ്മനി, ഹംഗറി, ലാത്വിയ, ലിത്വാനിയ, നെതർലാൻഡ്സ്, നോർവേ, പോളണ്ട്, സ്വീഡൻ, യുകെ എന്നിവിടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രോഗവ്യാപനത്തിനു പിന്നാലെ നടത്തിയ വിദഗ്ധ പരിശോധനയിൽ യുക്രെയ്നിൽ നിന്നുള്ള ഇൻസ്റ്റന്റ് നൂഡിൽസിലൂടെയാണ് വ്യാപനമുണ്ടായതെന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു. ജനുവരി മുതൽ ഒരു പോളിഷ് മൊത്തക്കച്ചവടക്കാരൻവഴി ഇവ വിതരണം ചെയ്യപ്പെടുകയും ജർമ്മനി, ലിത്വാനിയ, ഡെൻമാർക്ക്, ചെക്ക് റിപ്പബ്ലിക്ക്, യുകെ എന്നിവിടങ്ങളിലേക്കെത്തുകയും ചെയ്തുവെന്നാണ് കരുതുന്നത്. ജർമ്മനിയിലും ലിത്വാനിയയിലും സ്റ്റോറുകളിൽ നിന്ന് കണ്ടെടുത്ത പാക്കറ്റുകളിൽ രോഗവ്യാപനത്തിന് കാരണമായ സാൽമൊണെല്ല വകഭേദം കണ്ടെത്തിയതായി ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി.
ബാധിക്കപ്പെട്ട രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഏജൻസികൾ ഇതിനകം ആരോപണത്തിന് കാരണമായ നൂഡിൽസ് ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതുവരെ രോഗവ്യാപനവുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും ബന്ധപ്പെട്ടിട്ടില്ല. വയറിളക്കം, വേദന, പനി, ഛർദ്ദി തുടങ്ങിയവയാണ് സാൽമൊണെല്ല അണുബാധയുടെ സാധാരണ ലക്ഷണങ്ങൾ.
അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ ചോക്കലേറ്റ് നിർമാണകേന്ദ്രത്തിൽ സാൽമാെണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ വാർത്ത പുറത്തുവന്നിരുന്നു. ബാരി കാലിബോട്ട് എന്ന സ്വിസ് കമ്പനിയുടെ ബെൽജിയൻ നഗരമായ വീസിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിലാണ് ബാക്ടീരിയസാന്നിധ്യം കണ്ടെത്തിയത്.
ആമാശയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന സാൽമൊണല്ല ദഹനവ്യവസ്ഥയിലെ അവയവങ്ങളേയും ബാധിക്കും. ഗുരുതരരോഗമായ ടൈഫോയ്ഡിനും സാൽമൊണല്ല കാരണമാകുന്നു. രക്തചംക്രമണത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയ ശരീരമാസകലം വ്യാപിക്കുകയും അവയവങ്ങളിൽ കടന്നുകൂടുകയും ചെയ്യും. എൻഡോടോക്‌സിനുകൾ ഉത്പാദിപ്പിക്കുന്നതിലൂടെ ജീവന് തന്നെ സാൽമൊണല്ല ഭീഷണിയാകും. ആഹാരപദാർഥങ്ങളിലൂടെയാണ് സാൽമൊണല്ല പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. ആന്റിബയോട്ടിക്കുകളാണ് പ്രധാനമായും ഈ ബാക്ടീരിയക്കെതിരെ ഫലപ്രദമാകുന്നത്.
Content Highlights: 106 cases of Salmonella Stanley reported across 14 countries between Nov 2025 and June 2026., Contamination traced back to instant noodles originating from Ukraine