‘ഏറ്റവും മോശം ദിവസങ്ങൾ, തുണയായി ഹൃത്വിക്’; രോഗകാലത്തെ അനുഭവം പങ്കുവെച്ച് സബ ആസാദ്

#Health desk
സബാ ആസാദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം| ഫോട്ടോ: Instagram/@sabazad
സബാ ആസാദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം| ഫോട്ടോ: Instagram/@sabazad

ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളിലൂടെയാണ് താൻ  കടന്നുപോയതെന്ന് നടിയും ഹൃത്വിക് റോഷന്റെ കാമുകിയുമായ സബ ആസാദ്. വയറ്റിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിലായ താരം, രണ്ടാഴ്ചയ്ക്കുള്ളിൽ തന്റെ ശരീരഭാരത്തിൽ നാല് കിലോ കുറഞ്ഞതായും പറയുന്നു. സൈക്ലോസ്പോറ കയെറ്റനെൻസിസ് എന്ന അണുബാധയാണ് താരത്തെ ബാധിച്ചിരുന്നത്. 

‘ഒരു ദിവസം ഞാൻ കഠിനമായ വ്യായാമങ്ങൾ ചെയ്യുകയായിരുന്നു, അടുത്ത ദിവസം ഒരു ടൂത്ത് പിക്ക് പോലും ഉയർത്താൻ ശേഷിയില്ലാത്ത അവസ്ഥയിലായി’- സബ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

എന്താണ് സൈക്ലോസ്പോറ കയെറ്റനെൻസിസ്?

മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ശരീരത്തിലെത്തുന്ന ഒരുതരം പാരസൈറ്റാണ് സൈക്ലോസ്പോറ. ഇത് കുടലിനെ ബാധിക്കുകയും കടുത്ത വയറിളക്കത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഈ അണുബാധ കൂടുതലായി കണ്ടുവരുന്നത്.

പ്രധാന ലക്ഷണങ്ങൾ:

  • നിർത്താതെയുള്ള വയറിളക്കം

  • കടുത്ത ക്ഷീണവും തളർച്ചയും

  • വയറുവേദനയും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും

  • വിശപ്പില്ലായ്മ, ഭാരം കുറയലും

  • മനംപുരട്ടലും ചെറിയ പനിയും

വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുകയും സ്വന്തമായി വെള്ളം കരുതുകയും ചെയ്യുന്ന തനിക്ക് പോലും ഈ അണുബാധ ഉണ്ടായതിൽ താരം അത്ഭുതം പ്രകടിപ്പിച്ചു. പച്ചക്കറികളും ഇലക്കറികളും കഴുകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് സബ നിർദ്ദേശിക്കുന്നു. പച്ചക്കറികൾ കഴുകാൻ താൻ ഇപ്പോൾ ബേക്കിങ് സോഡ ഉപയോഗിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

അസുഖബാധിതയായിരുന്ന സമയത്ത് തനിക്ക് താങ്ങായി നിന്ന പങ്കാളിയും നടനുമായ ഹൃത്വിക് റോഷന് നന്ദി പറയാനും സബ മറന്നില്ല. മോശം അവസ്ഥയിലും തന്നെ ചിരിപ്പിക്കാൻ ഹൃത്വികിന് കഴിഞ്ഞെന്ന് താരം പറഞ്ഞു.

Content Highlights: Saba Azad diagnosed with Cyclospora cayetanensis infection, Symptoms include severe diarrhea, fatigue, and weight loss, Importance of washing vegetables and using baking soda for sanitation, Transmission occurs via contaminated food and water