നെഞ്ചുവേദന അസിഡിറ്റിയുടേതെന്ന് കരുതി നിസ്സാരമാക്കി, പിന്നാലെ ഹൃദയാഘാതം- റോബർട്ട് ഫ്രിപ്

റോബർട്ട് ഫ്രിപ്| Photo: facebook.com/robertfrippofficial
റോബർട്ട് ഫ്രിപ്| Photo: facebook.com/robertfrippofficial

ഹൃദയാഘാതത്തെ അതിജീവിച്ച അനുഭവം പങ്കുവെച്ച് പ്രശസ്ത റോക്ക് ബാൻഡായ കിംഗ് ക്രിംസണിൻ്റെ സ്ഥാപകനും ​ഗിറ്റാറിസ്റ്റുമായ റോബർട്ട് ഫ്രിപ്. ഏപ്രിലിൽ തനിക്കുണ്ടായ ഹൃദയാഘാതത്തേക്കുറിച്ചും തുടക്കത്തിൽ ലക്ഷണം കണ്ടപ്പോൾ നിസ്സാരമാക്കിയതിനേക്കുറിച്ചുമൊക്കെയാണ് റോബർട്ട് പങ്കുവെച്ചിരിക്കുന്നത്. 

ഇം​ഗ്ലണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതായിരുന്നു തുടക്കമെന്ന് റോബർട്ട് പറയുന്നു. ഏതാനും ആഴ്ചകളായി അസിഡിറ്റിയുടേതുപോലുള്ള അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതിനാൽ അതാവും കാരണമെന്ന് കരുതി. മുമ്പും ഇങ്ങനെ ഉണ്ടായിട്ടുള്ളതുകൊണ്ട് പതിയെ ശരിയാകുമെന്നാണ് കരുതിയത്. ഇറ്റലിയിലെത്തുന്നയുടൻ ഡോക്ടറെ കാണാനുള്ള ഏർപ്പാടും ചെയ്തിരുന്നു. എന്നാൽ അവിടെ എത്തിയയുടൻ തന്നെ ഹൃദ്രോ​ഗവിദ​ഗ്ധന്റെ അടുക്കലെത്തിക്കുകയാണ് ചെയ്തതെന്ന് റോബർട്ട് പറയുന്നു. 

പരിശോധനയിൽ ട്രൊപോനിൻ നില 500 ആണെന്ന് കണ്ടെത്തിയെന്നും റോബർട്ട് വ്യക്തമാക്കി. ഹൃ​ദയപേശികൾക്ക് കേടുപാടുണ്ടെന്നതാണ് ഉയർന്ന ട്രൊപോനിൻ നില കൊണ്ട് സൂചിപ്പിക്കുന്നത്. റോബർട്ടിന്റേത് ഹൃദയാഘാതത്തിന്റെ സൂചകമായിരുന്നുവെന്നും ഏകദേശം രണ്ടാഴ്ച മുമ്പ് അദ്ദേഹമറിയാതെ ഒരു ഹൃദയാഘാതത്തെ അതിജീവിച്ചതായും ഡോക്ടർമാർ പറഞ്ഞു. തുടർന്ന് രണ്ട് ശസ്ത്രക്രിയകൾ ചെയ്താണ് തന്റെ ജീവൻ രക്ഷിക്കാനായതെന്നും റോബർട്ട് പറഞ്ഞു. 

ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങൾ നിസ്സാരമാക്കി തള്ളിക്കളയരുതെന്നും റോബർട്ട് വ്യക്തമാക്കുന്നുണ്ട്. നെഞ്ചെരിച്ചിലോ, അസിഡിറ്റിയോ അനുഭവപ്പെട്ടാൽ അത് ​ഗൗരവത്തോടെ എടുക്കണമെന്നും കാര്യമായ മറ്റെന്തെങ്കിലും ആവാമെന്നും റോബർട്ട് കൂട്ടിച്ചേർക്കുന്നു. 

നിസ്സാരമാക്കരുത് നെഞ്ചെരിച്ചിൽ

നെഞ്ചിലുണ്ടാകുന്ന വേദനയും അസ്വസ്ഥതയും നെഞ്ചെരിച്ചിലിന്റേതാണെന്ന് തെറ്റിദ്ധരിക്കുകയും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് അവഗണിക്കുകയും ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തലാണ്. ദഹനക്കേട്, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗാസ്ട്രിക് ആസിഡ്, ഈസോഫാഗസിലൂടെ ഉയര്‍ന്നുവരികയും അതേത്തുടര്‍ന്ന് നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതകളെയുമാണ് നെഞ്ചെരിച്ചില്‍ എന്ന് പറയുന്നത്. നെഞ്ചില്‍ ഭാരമോ കശക്കിപ്പിഴിയുന്നതുപോലെയുള്ള അനുഭവമോ ഉണ്ടാകാം. മാത്രമല്ല വേദനയും മറ്റ് അസ്വസ്ഥതകളും ഇതിനൊപ്പമുണ്ടായേക്കാം. ഇവ പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളോട് സാമ്യത പുലര്‍ത്തിയേക്കാം. 

എപ്പോഴാണ് നെഞ്ചെരിച്ചില്‍, ഹൃദയാഘാതത്തിന്റെ സൂചന തരിക? 

വേദനയോ അസ്വസ്ഥതയോ കൈകള്‍, താടി, കഴുത്ത് അല്ലെങ്കില്‍ പുറം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും പതിനഞ്ചുമിനിറ്റിലധികം നീണ്ടുനില്‍ക്കുകയും ചെയ്താല്‍ അത് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നത്തെയാകാം സൂചിപ്പിക്കുന്നത്. ശ്വാസംമുട്ടല്‍, വിയര്‍ക്കല്‍, തലകറക്കം, ഛര്‍ദി, അമിതമായ ക്ഷീണം തുടങ്ങിയവയുണ്ടോയെന്നും ശ്രദ്ധിക്കണം. നെഞ്ചെരിച്ചിലിനുള്ള മരുന്ന് കഴിച്ചിട്ടും അസ്വസ്ഥതകള്‍ കുറയാതിരുന്നാലോ എന്തെങ്കിലും ചെയ്യുമ്പോള്‍ അസ്വസ്ഥത കൂടുന്നുണ്ടെങ്കിലോ ഉടന്‍ ഡോക്ടറെ കാണണം. 

എരിവുള്ളതോ കൂടുതല്‍ കൊഴുപ്പടങ്ങിയതോ ആയ ഭക്ഷണം കഴിച്ചതിന് പിന്നാലെ നെഞ്ചില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയാണ് നെഞ്ചെരിച്ചില്‍. അന്റാസിഡ് മരുന്നു കഴിക്കുന്നതോടെ മാറുകയും ചെയ്യും. നെഞ്ചെരിച്ചിലിന്റെ വേദന, സാധാരണഗതിയില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയോ ശരീരം വിയർക്കുകയോ ശ്വാസംമുട്ടൽ അനുഭവപ്പെടുകയോ ചെയ്യില്ല.
 

Content Highlights: King Crimson's Robert Fripp Shares Heart Attack Experience