തിളപ്പിക്കാത്ത പാൽ കുടിച്ചു, പിന്നാലെ ബ്രൂസെല്ലോസിസ് ബാധിച്ചു; പാസ്ചറൈസ് ചെയ്യാത്ത പാൽ അപകടകാരി !

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നതിൽ പാലിന് വലിയ പങ്കുണ്ട്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യം കാക്കാനും പോഷകാഹാരം ലഭിക്കാനുമൊക്കെ പാൽ മികച്ചതാണ്. ശരീരത്തിന് ആവശ്യമായ കാൽസ്യവും പ്രോട്ടീനുമൊക്കെ നൽകുന്ന പാൽ ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നതെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പാസ്ചറൈസ് ചെയ്യാത്ത പാൽ ഉപയോഗിക്കുന്നതിലൂടെ ഉപദ്രവകാരികളായ സൂക്ഷ്മാണുക്കൾ ശരീരത്തിൽ പ്രവേശിക്കും. അത്തരത്തിൽ തിളപ്പിക്കാത്ത പാൽ കുടിച്ച യുവാവിന് ഗുരുതരമായ അണുബാധ ബാധിക്കുകയും ഹൃദയത്തെ വരെ ബാധിക്കുകയും ചെയ്ത വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

തിളപ്പിക്കാത്ത പാൽ കുടിച്ചതിലൂടെ ബ്രൂസെല്ലോസിസ് എന്ന ബാക്ടീരിയൽ അണുബാധ ബാധിച്ച മുപ്പത്തിമൂന്നുകാരനെകുറിച്ച് എൻ.ഡി. ടി.വി.യാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുപതുദിവസത്തോളം അണുബാധയോട് പോരാടുകയും പിന്നാലെ ഹൃദയത്തെ ബാധിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തിളപ്പിക്കാത്ത പാൽ കുടിച്ചതിലൂടെ ബ്രൂസെല്ല എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുകയും ബ്രൂസെല്ലോസിസ് എന്ന അണുബാധയ്ക്ക് കാരണമാവുകയും ചെയ്തതെന്ന് തിരിച്ചറിഞ്ഞത്. അണുബാധ ഹൃദയത്തെ ബാധിച്ച് ഇൻഫെക്റ്റീവ് എൻഡോകാർഡൈറ്റിസ് (infective endocarditis) എന്ന അവസ്ഥയിലേക്കു നയിക്കുകയും ചെയ്തു.

രോഗബാധയുള്ള കന്നുകാലികൾ, ആടുകൾ, മറ്റ് മൃഗങ്ങൾ എന്നിവയുമായി സമ്പർക്കത്തിൽ ഏർപ്പെടുകവഴി ബ്രുസെല്ല ബാക്ടീരിയ മനുഷ്യരിലേക്ക് പടരാം. പാൽ പാസ്ചറൈസ് ചെയ്യാത്തതും രോഗം പിടിപെടാൻ കാരണമാകും. മാറാത്തതോ ഇടവിട്ടുള്ളതോ ആയ പനി,

അസാധാരണമായ ക്ഷീണം, തലവേദന, സന്ധി വേദന, വിശപ്പില്ലായ്മ തു‌ടങ്ങിയവയാണ് ലക്ഷണങ്ങൾ. കൃത്യസമയത്ത് ചികിത്സ തേടാതിരുന്നാൽ അണുബാധ വിട്ടുമാറാതിരിക്കുകയും മെനിഞ്ചൈറ്റിസ്, ഹൃദയത്തിലെ അണുബാധ തുടങ്ങിയ സങ്കീർണതകളിലേക്കു നയിക്കും. 

പാസ്ചറൈസ് ചെയ്യുകയോ തിളപ്പിക്കുകയോ ചെയ്യാത്ത പാൽ അപകടകാരിയാകുന്നതെങ്ങനെ?

പാസ്ചറൈസ് ചെയ്യുകയോ തിളപ്പിക്കുകയോ ചെയ്യാത്ത പാൽ ഒരിക്കലും നേരിട്ട് കുടിക്കരുത്. പാലിൽ ഉണ്ടാകാവുന്ന ശരീരത്തിന് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനാണ് പാസ്ചറൈസ് ചെയ്യുകയോ, തിളപ്പിക്കുകയോ ചെയ്യുന്നത്. അണുവിമുക്തമാക്കാത്ത പാലിലൂടെ ഇ.കോളി, സാൽമോണെല്ല, ലിസ്റ്റീരിയ മോണോസൈറ്റോജിൻസ് തുടങ്ങിയ ബാക്ടീരിയകൾ ശരീരത്തിലെത്തും. ഇ.കോളി കടുത്ത വയറുവേദന, വയറിളക്കം, ഛർദി എന്നിവയ്ക്ക് കാരണമാകുകയും വൃക്കയുടെ പ്രവർത്തനം തകരാറിലാക്കുകയും ചെയ്യും. സാൽമോണെല്ല വയറിളക്കം, പനി, അടിവയറുവേദന എന്നിവയിലേക്ക് നയിക്കും. ലിസ്റ്റീരിയ മോണോസൈറ്റോജിൻസ് ലിസ്റ്റെറിയോസിസ് എന്ന അണുബാധയ്ക്ക് കാരണമാകും. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ അണുവിമുക്തമാക്കാത്ത പാൽ കുടിക്കുന്നത് അപകടാവസ്ഥയിലേക്ക് നയിക്കും.

Content Highlights: Raw milk can harbor harmful bacteria like brucellosis, leading to severe infections. Learn about the potential health risks and necessary precautions.