ചൈനയിലെ HMPV നിരക്കുകൾ കുറഞ്ഞു, നിലവിലുള്ളത് പതിറ്റാണ്ടുകൾക്ക് മുമ്പേയുള്ള വൈറസ്

ചൈനയിൽ എച്ച്.എം.പി.വി.(ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്) നിരക്കുകൾ കുറയുന്നതായി റിപ്പോർട്ട്. രോഗവ്യാപനത്തിൽ ആശങ്ക ഉയരുന്നതിനിടെയാണ് നിരക്കുകളിൽ കുറവുണ്ടെന്ന് ചൈനയിലെ ആരോഗ്യവിഭാഗം വ്യക്തമാക്കിയത്. എച്ച്.എം.പി.വി. പുതിയ വൈറസ് അല്ലെന്നും പതിറ്റാണ്ടുകളായി മനുഷ്യർക്കൊപ്പമുണ്ടെന്നും ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ&പ്രിവൻഷനിൽ ഗവേഷകയായ വാങ് ലിപിങ് പറഞ്ഞു.
എച്ച്.എം.പി.വി. സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. പതിനാലു വയസ്സിനു താഴെയുള്ള രോഗികളുടെ എണ്ണത്തിലും കുറവുണ്ടെന്നും വാങ് ലിപിങ് പറഞ്ഞു. അതേസമയം ശ്വാസകോശസംബന്ധമായ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും അതിനുപിന്നിലും നേരത്തേയുള്ള രോഗകാരികൾ തന്നെയാണ്. പുതിയ രോഗകാരികളോ, അതുമൂലമുള്ള അണുബാധകളോ കണ്ടെത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ചൈനയിലെ വിവിധ പ്രദേശങ്ങളിലെ ആശുപത്രികളിൽ രോഗികൾ നിറഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് എച്ച്.എം.പി.വി. നിരക്കുകളിലെ വർധനവിൽ ആശങ്കയുയർന്നത്. എന്നാൽ ചൈനയിൽ അത്തരത്തിൽ അസാധാരണമായൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.
എന്താണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്?
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (Human metapneumovirsu). 2001-ല്‍ ആദ്യമായി തിരിച്ചറിഞ്ഞ ഇത് ന്യൂമോവിരിഡേ (Pneumoviridae) ഗണത്തില്‍പ്പെട്ട വൈറസാണ്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്ന ഇത് ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരേയും ഇത് കൂടുതലായി ബാധിക്കാം.
സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്. കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചാല്‍ ശ്വാസം മുട്ടലും ശ്വാസതടസവും പോലുള്ള ബുദ്ധിമുട്ടുകളും കാണിക്കാം. ചില സന്ദര്‍ഭങ്ങളില്‍, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.
പടരുന്നതെങ്ങനെ, ചികിത്സ എന്ത്?
രോഗം ബാധിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ രോഗം പടരുന്നു. രോഗം ബാധിച്ചവര്‍ ചുമയ്ക്കുകയോ തുമ്മുകയോ വഴി രോഗം പടരാം. സ്പര്‍ശനം പോലുള്ള അടുത്ത ശാരീരിക ബന്ധവും രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകും. വൈറസിന്റെ സാന്നിധ്യമുള്ള പ്രതലത്തില്‍ സ്പര്‍ശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ സ്പര്‍ശിക്കുന്നതും രോഗബാധയുണ്ടാക്കാം. എച്ച്എംപിവിയുടെ ഇന്‍കുബേഷന്‍ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്.
കുറഞ്ഞത് 20 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക എന്നിവയാണ് ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍. നിലവില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദഗ്ധര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കുറയ്ക്കുക മാത്രമാണ് ചെയ്യാന്‍ സാധിക്കുക. ഇതിന് വിശ്രമം അത്യാവശ്യമാണ്. ഒപ്പം പനിയും ശ്വാസംമുട്ടലും വേദനയും കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കാം. ഗുരുതര കേസുകളില്‍ ആശുപത്രി പ്രവേശനം ആവശ്യമായി വന്നേക്കാം.
Content Highlights: rate of hmpv infections in china declining