ഫില്ലറുകൾ ഉപയോഗിച്ചിട്ടില്ല, വെളിച്ചെണ്ണയും സൂര്യപ്രകാശവും ചർമത്തിന്റെ രഹസ്യം; വെളിപ്പെടുത്തി മാധവൻ

ആർ. മാധവൻ | ഫോട്ടോ: പി.ടി.ഐ
ആർ. മാധവൻ | ഫോട്ടോ: പി.ടി.ഐ

സൗന്ദര്യസംരക്ഷണത്തിന് കയ്യിൽ കിട്ടാവുന്ന എളുപ്പവഴികളൊക്കെ പരീക്ഷിക്കുന്ന ആളുകളുണ്ട്. പ്രകൃതിദത്തമായതും കെമിക്കലുമെല്ലാം ഉപയോ​ഗിച്ച് പലപ്പോഴും ഇവ ഗുണത്തേക്കാളുപരി ദോഷം ചെയ്തേക്കാം. ഇപ്പോഴിതാ, തന്റെ ചർമസംരക്ഷണത്തിനെപ്പറ്റി തുറന്നുസംസാരിക്കുകയാണ് നടൻ ആർ. മാധവൻ. ചുളിവുകളും മറ്റ് കേടുപാടുകളും തടയാൻ സൂര്യപ്രകാശത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. എന്നാൽ, പൂർണമായും സൂര്യപ്രകാശം ഒഴിവാക്കേണ്ടതില്ലെന്നും അദ്ദേഹം ജി.ക്യൂ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

മിതമായ അളവിൽ സൂര്യപ്രകാശം ഏൽക്കുന്നതിന് ചില ​ഗുണങ്ങളുണ്ടെന്നാണ് മാധവൻ പറയുന്നത്. ഇത് വൈറ്റമിൻ ഡി-യുടെ അളവ് വർധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. തന്റെ ചർമം ചുളിവുകളില്ലാത്തതായി നിലനിർത്തുന്നതിൽ സൂര്യപ്രകാശം സഹായിക്കുന്നുണ്ട്. ഇളനീരും സൂര്യപ്രകാശവും സസ്യാഹാരവുമാണ് 50-കളിലും തന്നെ ചെറുപ്പമായി നിലനിർത്താൻ സഹായിക്കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. 

'ഞാൻ അതിരാവിലെ വെയിലത്ത് ഗോൾഫ് കളിക്കാറുണ്ട്. വെയിലേറ്റ് കരുവാളിക്കുമെങ്കിലും, അത് ചർമം ചുളിവുകളില്ലാതെ സൂക്ഷിക്കാൻ സഹായിക്കുന്നു. ഫില്ലറുകളോ സൗന്ദര്യം വർധിപ്പിക്കാനുള്ള മറ്റ് വഴികളോ സ്വീകരിച്ചിട്ടില്ല. കഥാപാത്രങ്ങൾക്കായി വല്ലപ്പോഴും ഒരു ഫേഷ്യൽ ചെയ്തിട്ടുണ്ടാകാം. വെളിച്ചെണ്ണ, ഇളനീര്, സൂര്യപ്രകാശം, സസ്യാഹാരം എന്നിവയാണ് ഈ മാറ്റങ്ങൾക്ക് പിന്നിൽ', മാധവൻ പറഞ്ഞു. 

സംസ്‌കരിച്ച ഭക്ഷണങ്ങളെ അപേക്ഷിച്ച് ഉടൻ തയ്യാറാക്കിയ ഭക്ഷണങ്ങളിൽ കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും നടൻ പറയുന്നു. പരിപ്പ്, ചോറ്, സബ്ജി തുടങ്ങിയ ലളിതമായ ഭക്ഷണങ്ങളാണ് കഴിക്കാറുള്ളത്. ആരോഗ്യകരമായ ഇഷ്ടഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. വറുത്ത ഭക്ഷണങ്ങളും മദ്യവും കുറയ്ക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Content Highlights: R. Madhavan's Skincare Secret: Sunlight, Coconut Oil, and a Plant-Based Diet